ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

18 വയസ്സുവരെ ഇംഗ്ലണ്ടിലെ എല്ലാ കുട്ടികളും ഏതെങ്കിലും തരത്തിൽ കണക്ക് പഠിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പദ്ധതികളുമായി പ്രധാനമന്ത്രി ഋഷി സുനക്. ഡാറ്റയും സ്ഥിതിവിവരക്കണക്കുകളും എല്ലാ ജോലികൾക്കും അടിസ്ഥാനമായി നിലകൊള്ളുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് മുമ്പത്തേക്കാൾ ഉയർന്ന വിശകലന വൈദഗ്ദ്ധ്യം ആവശ്യമാണെന്നുള്ളതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 16 മുതൽ 19 വയസ്സുവരെയുള്ളവരിൽ പകുതി പേർ മാത്രമാണ് നിലവിൽ കണക്കുകൾ പഠിക്കുന്നത്. ഇവരിൽ ഭൂരിഭാഗം പേരും സയൻസ് കോഴ്‌സുകൾ ചെയ്യുന്ന വിദ്യാർത്ഥികളും മറ്റുമാണ്. നേരെ മറിച്ച് ഹ്യുമാനിറ്റീസ്, ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠിക്കുന്നവർക്ക് കണക്ക് പാഠ്യപദ്ധതിയിൽ ഇല്ല. അതിനാലാണ് കുട്ടികളിൽ കണക്കിനെ പ്രാത്സാഹിപ്പിക്കാൻ ഉതകുന്ന മാർഗങ്ങൾ പ്രധാനമന്ത്രി മുന്നോട്ട് വച്ചിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുമ്പ് ഇത് നടപ്പിലാക്കാൻ കഴിയുമോ എന്ന് വ്യക്തത വന്നിട്ടില്ല .

കണക്ക് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് കൂടാതെ 2023-ലെ തൻെറ ആദ്യ പ്രസംഗത്തിൽ ആരോഗ്യ മേഖലയിൽ ബ്രിട്ടൺ നേരിടുന്ന പ്രതിസന്ധികൾ എങ്ങനെ കൈകാര്യം ചെയ്യാമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആയിരിക്കും പ്രധാനമന്ത്രി പറയുക. പണിമുടക്കുകളുടെ നീണ്ട നിരയും ഉയർന്ന ജീവിത ചിലവും എൻ എച്ച് എസിലെ പ്രതിസന്ധിയും ഗവൺമെന്റിന്റെമേൽ ചെലുത്തുന്ന സമ്മർദ്ദം ചില്ലറയല്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതിയ ആശയങ്ങൾ പങ്കുവയ്ക്കാനും ജനപ്രീതി വീണ്ടെടുക്കാനും വേണ്ടിയുള്ള വേദിയായാണ് ഋഷി സുനക് ഈ അവസരത്തെ കാണുന്നത്. എൻഎച്ച്എസിൽ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പ്രധാനമന്ത്രി തന്നെ കളത്തിലിറങ്ങുമെന്ന് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. ആംബുലൻസുകളുടെ ലഭ്യതയിലുള്ള കുറവ്, ആശുപത്രികളിൽ ചികിത്സയ്ക്കായുള്ള നീണ്ട കാത്തിരിപ്പുകൾ എന്നിവയെല്ലാം അദ്ദേഹത്തിൻെറ പ്രസംഗത്തിൽ പരാമർശിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. അതേസമയം സർക്കാരിൽ നിന്ന് എൻ എച്ച് എസിന് ആവശ്യമായ തുക ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. എന്നാൽ അത്യാഹിത വിഭാഗത്തിലുള്ള ജീവനക്കാരുടെ കുറവിനേയും മറ്റും നികത്താൻ സുനക് യാതൊരു വിധ നടപടികളും സ്വീകരിക്കുന്നില്ല എന്നുള്ള ആരോപണം പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചിട്ടുണ്ട്.