ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ പെട്രോൾ വില ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യം കൂടുതൽ ആളുകളെ ഇലക്ട്രിക് കാറുകൾ വാങ്ങാനുള്ള തീരുമാനത്തിലേയ്ക്ക് നയിക്കുന്നുണ്ട്. നിലവിൽ തന്നെ 5 ലക്ഷത്തോളം ഇലക്ട്രിക് കാറുകൾ ബ്രിട്ടനിൽ നിരത്തിലുണ്ട്. 2030 മുതൽ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന ഉണ്ടാവുകയില്ലെന്ന് ഗവൺമെന്റ് മുൻപുതന്നെ തീരുമാനമെടുത്തിരുന്നു. എന്നാൽ അടുത്തിടെ ഗവൺമെന്റ് ഇലക്ട്രിക് വാഹനങ്ങൾക്കുള്ള അധിക ഗ്രാന്റ് പിൻവലിച്ചിരുന്നു. ഗ്രാന്റ് നൽകിയിട്ടും ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന കാര്യമായ തോതിൽ വർധിക്കുന്നില്ല എന്നതായിരുന്നു കാരണം. സാധാരണ ഒരു കാറിന്റെ 47 ലിറ്റർ ടാങ്ക് നിറയ്ക്കുവാൻ പെട്രോളിന് 85 പൗണ്ടും, ഡീസലിന് 88 പൗണ്ടും തുകയാകും. ഇതേസമയം ഇലക്ട്രിക് കാർ ഇതേ മൈലേജിൽ വീട്ടിൽ ചാർജ് ചെയ്യാൻ പകുതി തുകയായ 41 പൗണ്ട് മാത്രമേ ചെലവുള്ളൂ. എന്നാൽ സാധാരണയായി ഡ്രൈവർമാർ 70% ചാർജ് വീടുകളിലും, ബാക്കി 30 ശതമാനം പബ്ലിക് ചാർജിങ് പോർട്ടുകളിലും ചെയ്യാറാണ് പതിവെന്ന് എനർജി സേവിങ് ട്രസ്റ്റ് വ്യക്തമാക്കുന്നുണ്ട്. പബ്ലിക് ചാർജിങ് പോർട്ടുകളിൽ തുക വ്യത്യാസപ്പെടുന്നുണ്ടെങ്കിലും , ഈ രീതിയിലും മൊത്തം തുക 48 പൗണ്ട് മാത്രമേ ചിലവുള്ളൂ.

ഇലക്ട്രിക് കാറുകളും സാധാരണ കാറുകളും തമ്മിലുള്ള വില വ്യത്യാസവും കുറഞ്ഞുവരുന്നുണ്ട്. കുറച്ചുകാലം കൂടി കഴിയുമ്പോൾ ഈ വില വ്യത്യാസം പൂർണമായും ഇല്ലാതാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇലക്ട്രിക് കാറുകൾക്ക് സാധാരണ പെട്രോൾ, ഡീസൽ കാറുകളെക്കാൾ വില കൂടുതലാണ്. എന്നാൽ വിലകുറഞ്ഞ സെക്കൻഡ് ഹാൻഡ് ഇലക്ട്രിക് കാറുകൾ ഇപ്പോൾ ധാരാളമായി ലഭ്യമാകുന്നുണ്ട്. ഇലക്ട്രിക് കാറുകൾക്ക് വെഹിക്കിൾ ടാക്സിലും ഇളവുകൾ ലഭ്യമാകുന്നുണ്ട്. സാധാരണ വീട്ടിലെ ചാർജിങ് സംവിധാനം കൊണ്ട് ആറ് മുതൽ പന്ത്രണ്ട് മണിക്കൂർ വരെ ചാർജ്ജ് ചെയ്യുവാൻ സമയമെടുക്കുമെങ്കിലും, പബ്ലിക് ചാർജർ ഉപയോഗിച്ച് 20 മുതൽ 40 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാൻ സാധിക്കും. നിലവിൽ ബ്രിട്ടനിൽ 30, 373 പബ്ലിക് ചാർജറുകൾ ഉണ്ട്. പെട്രോൾ വില ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ നിരവധിപ്പേർ ഇലക്ട്രിക് കാറുകൾ എന്ന ഓപ്ഷനിലേക്ക് തിരിയുകയാണ്.