ഏറെ ദുരൂഹതകൾ ബാക്കി നിർത്തിയ ജനപ്രിയ സീരിയൽ നടിയും അവതാരകയുമായ വി.ജെ.ചിത്രയുടെ ആത്മഹത്യയ്ക്കു പിന്നിൽ കൂടുതൽ കണ്ടെത്തലുകൾ പുറത്ത്. ചിത്രയുടെ മരണ കാരണം കടുത്ത മാനസിക സമ്മർദമെന്ന പൊലീസ് കണ്ടെത്തലിനെ സാധൂകരിക്കുന്ന തെളിവുകൾ പുറത്ത്. കേസിൽ അറസ്റ്റിലായ നടിയുടെ ഭർത്താവ് ഹേംനാഥ് രവി മരണത്തിനു തൊട്ടുപിന്നാലെ സുഹൃത്തിനോട് സംസാരിക്കുന്ന ടെലിഫോൺ സംഭാഷണം പ്രാദേശിക മാധ്യമങ്ങളാണ് പുറത്തു വിട്ടത്.

ഡിസംബർ 9 ന് നസ്രത്ത്പെട്ടിലെ ആഡംബര ഹോട്ടലിൽ ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുൻപ് സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെ താൻ ചോദ്യം ചെയ്തുവെന്നും കുപിതയായ നടി ശുചിമുറിയിൽ കയറി വാതിൽ അടച്ചുവെന്നും ചിത്ര കടുംകൈ ചെയ്യുമെന്നു ഒരിക്കിലും കരുതിയിരുന്നില്ലെന്നും ഫോൺ സംഭാഷണത്തിൽ ഹേംനാഥ് രവി പറയുന്ന ഭാഗമാണ് പുറത്തായത്.

ഹേംനാഥിനെതിരെ ഗുരുതര ആരോപണവുമായി ചിത്രയുടെ സുഹൃത്ത് സെയ്ദ് രോഹിത്തും രംഗത്തു വന്നു. ചിത്രയെ ഹേംനാഥ് രവി ശാരീരികമായി ഉപദ്രവിക്കുന്നതിനു താൻ സാക്ഷിയാണെന്നു സെയ്ദ് രോഹിത് വെളിപ്പെടുത്തി.

ഇതിനു മുൻപും സഹതാരങ്ങൾക്കൊപ്പമുള്ള അഭിനയത്തിന്റെ കാര്യത്തിൽ ഹേംനാഥ് ചിത്രയുമായി കലഹിച്ചിരുന്നു. സീരിയൽ ചിത്രീകരണ സ്ഥലത്തു വച്ചു പോലും ഹേംനാഥിൽ നിന്ന് ചിത്ര മാനസിക പീഡനം നേരിട്ടിരുന്നതായി സെയ്ദ് രോഹിത് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. ചിത്ര വളരെ മാന്യമായി ഇടപെടുന്ന ഒരു സ്ത്രീയായിരുന്നു. എന്നാൽ ‍ഹേംനാഥിനൊപ്പമുള്ള ജീവിതത്തിൽ അവർ സംതൃപ്തയായിരുന്നില്ലെന്നും നിരന്തരം പീഡനം ഏറ്റിരുന്നതായും സെയ്ദ് രോഹിത് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സീരിയൽ ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇത് അറിയിച്ചപ്പോൾ ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാൻ ചിത്രയുടെ അമ്മ നടിയെ നിർബന്ധിച്ചിരുന്നു. എന്നാൽ വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കാതെ വിവാഹം റജിസ്റ്റർ ചെയ്തിരുന്നു. ഫെബ്രുവരിയിൽ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെ ഹേംനാഥ് വഴക്കിട്ടതും വിവാഹം ഉപേക്ഷിക്കാൻ അമ്മ നിർബന്ധിച്ചതും ചിത്രയെ സമ്മർദത്തിലാക്കി.

വിജയ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന സീരിയലിന്റെ ചിത്രീകരണം കഴിഞ്ഞു ഡിസംബർ 9 ന് പുലർച്ചെ രണ്ടു മണിയോടെ ഹോട്ടലെത്തിയ ചിത്രയും ഹേംനാഥും തമ്മിൽ വഴക്കുണ്ടായതായി പൊലീസ് നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. ചിത്രയുടെ മൊബൈൽ ഫോണിൽനിന്നു വീണ്ടെടുത്ത ഓഡിയോ ക്ലിപ്പിന്റെ കൂടി അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഡിസംബർ 15 നാണ് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ചിത്രയും ഹേംനാഥിന്റെ അച്ഛനും തമ്മിലുള്ള ഫോൺ സംഭാഷണമാണ് നിർണായകമായത്. പാണ്ഡ്യൻ സ്റ്റോഴ്സിലെ നടന്മാരോടൊപ്പം ഇഴുകിച്ചേർന്ന് അഭിനയിക്കുന്നതിനെ ഹേംനാഥ് നിരന്തരം എതിർത്തിരുന്നതായി ചിത്ര ഹേംനാഥിന്റെ അച്ഛനോടു പറയുന്നത് ഓഡിയോ ക്ലിപ്പിൽ വ്യക്തമായിരുന്നുവെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചിത്രയുടെ ഫോണിൽനിന്നു ഹേംനാഥ് ഡിലീറ്റ് ചെയ്തിരുന്ന ഓ‍ഡിയോ ക്ലിപ് സൈബർ പൊലീസ് വീണ്ടെടുത്തതിനു പിന്നാലെയായിരുന്നു അറസ്റ്റ്.