ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

നെറ്റ്‌വർക്ക് റെയിൽ മേധാവികളും യൂണിയൻ നേതാക്കളും തമ്മിൽ ഉണ്ടാക്കിയ ശമ്പള കരാറിന് ജീവനക്കാർ പിന്തുണ നൽകി. ഇതോടെ ഏറെനാളുകളായി ശമ്പളത്തെ ചൊല്ലി ഉടലെടുത്തിരുന്ന നെറ്റ്‌വർക്ക് റെയിൽ ജീവനക്കാരുടെ സമരം ഒത്തുതീർന്നു. മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾക്കായി ഏറെ നാളായി റെയിൽ ജീവനക്കാർ സമരമുഖത്തായിരുന്നു. ആർഎം റ്റി യൂണിയനിലെ ആയിരക്കണക്കിന് സിഗ്നൽ ജീവനക്കാരും മെയിൻറനൻസ് സ്റ്റാഫും ശമ്പള തർക്കം അവസാനിപ്പിക്കാൻ കമ്പനി മുന്നോട്ടു വച്ച നിർദ്ദേശത്തിന് അനുകൂലമായി വോട്ട് ചെയ്തു.


ശമ്പളം, ജോലി, തൊഴിൽ സാഹചര്യങ്ങൾ എന്നിവയെ ചൊല്ലിയുള്ള തർക്കത്തിൽ ഇതിനെ തുടർന്ന് യൂണിയൻ അംഗങ്ങൾ ഇനി പങ്കെടുക്കില്ല. ശമ്പള കരാറിൽ തീരുമാനം ആയിരുന്നില്ലെങ്കിൽ 14 ട്രെയിൻ ഓപ്പറേറ്റിങ് കമ്പനികളിൽ ജോലി ചെയ്യുന്ന ആർഎം റ്റി അംഗങ്ങൾ മാർച്ച് 30, ഏപ്രിൽ 1 എന്നീ തീയതികളിൽ സമരവുമായി മുന്നോട്ടു പോകുമായിരുന്നു. കമ്പനി മുന്നോട്ടു വച്ച ഓഫർ താൻ പ്രതീക്ഷിച്ച അത്ര മെച്ചപ്പെട്ടതല്ലെങ്കിലും കരാർ അംഗീകരിക്കാൻ അംഗങ്ങൾ വോട്ട് ചെയ്യുകയായിരുന്നു എന്ന് ആർഎം റ്റി ജനറൽ സെക്രട്ടറി മൈക്ക് ലിഞ്ച് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


വോട്ടെടുപ്പിൽ 90 ശതമാനം യൂണിയൻ അംഗങ്ങളാണ് പങ്കെടുത്തത്. ഇതിൽ 76% അംഗങ്ങളും ശമ്പള കരാറിനെ അനുകൂലിച്ചതായാണ് റിപ്പോർട്ടുകൾ . കമ്പനിയും യൂണിയനും തമ്മിലുണ്ടാക്കിയ കരാറിന്റെ വ്യവസ്ഥകൾ അനുസരിച്ച് കുറഞ്ഞ വേതനം ലഭിക്കുന്നവർക്ക് 14.4 % മുതൽ ഏറ്റവും ഉയർന്ന വേതനമുള്ളവർക്ക് 9.2% വരെ ശമ്പള വർദ്ധനവ് ലഭിക്കും. നേരത്തെ 2022 – ൽ വാഗ്ദാനം ചെയ്യപ്പെട്ട 5% ശമ്പള വർധനവും ഈ വർഷത്തെ 4% വർദ്ധനവും നേരത്തെ യൂണിയൻ മേധാവികൾ നിരസിച്ചിരുന്നു. കഴിഞ്ഞദിവസം മാനേജ്മെന്റും യൂണിയനും തമ്മിലുണ്ടാക്കിയ ശമ്പള കരാർ വോട്ടെടുപ്പ് നടത്തി അംഗങ്ങൾ നിരസിച്ചിരുന്നു. നാഷണൽ എക്സ്പ്രസ് കമ്പനിയും ബസ് ഡ്രൈവർമാരുടെ തൊഴിലാളി യൂണിയനും തമ്മിലുണ്ടാക്കിയ കരാറാണ് യൂണിയൻ അംഗങ്ങൾ വോട്ടെടുപ്പിലൂടെ തള്ളിക്കളഞ്ഞത്.