റെയില്‍വെ പൊലീസിന്റെ ഉറക്കം കെടുത്തിയിരുന്ന സ്ഥിരം മോഷ്ടാവ് നാല് വര്‍ഷത്തിനൊടുവില്‍ പിടിയില്‍. . തൃശൂരില്‍ താമസിക്കുന്ന ഷാഹുല്‍ ഹമീദ് എന്നയാളാണ് കഴിഞ്ഞ ദിവസം റയില്‍വെ പൊലീസിന്റെ പിടിയിലായത്. ട്രെയിനുകളിലെ എസി കോച്ചുകള്‍ കേന്ദ്രീകരിച്ച് നാലുവര്‍ഷമായി കവര്‍ച്ച നടത്തി വരുന്ന ഇയാള്‍ മലേഷ്യയില്‍ സ്വന്തമായി ഹോട്ടല്‍ ബിസിനസ് നടത്തുന്നയാളാണ്.

നാലു വര്‍ഷമായി അതിവിദഗ്ധമായി ട്രെയിനുകളില്‍ കവര്‍ച്ചകള്‍ നടത്തി വരികയായിരുന്നു ഷാഹുല്‍ ഹമീദ്. മലേഷ്യയില്‍ പാര്‍ട്ണര്‍ഷിപ്പിലുള്ള ഹോട്ടല്‍ നടത്താന്‍ വേണ്ടിയാണ് ഹമീദ് കേരള-തമിഴ്‌നാട് ട്രെയിനുകളില്‍ കവര്‍ച്ച നടത്തിയിരുന്നത്. മോഷ്ടിച്ച വസ്തുക്കള്‍ വിറ്റ് പണവുമായി മലേഷ്യയിലേക്ക് കടക്കുകയാണ് ഇയാളുടെ രീതി. മാസങ്ങള്‍ക്ക് ശേഷം വീണ്ടും തിരിച്ചെത്തും. നെതര്‍ലാന്‍ഡ്‌സില്‍ നിന്നും മാസ്റ്റര്‍ ഡിഗ്രി കരസ്ഥമാക്കിയ ഷാഹുല്‍ ഹമീദ്, സ്പാനിഷും ഫ്രഞ്ചും ഉള്‍പ്പെടെ ആറ് ഭാഷകള്‍ കൈകാര്യം ചെയ്യുമെന്ന് പറയുന്നു.

യാത്രക്കാരില്‍ നിന്ന് സ്ഥിരം പരാതി ലഭിച്ചു തുടങ്ങിയപ്പോഴാണ് റെയില്‍വെ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ മോഷണം നടന്ന ട്രെയിനുകളുടെ എസി കോച്ചുകളില്‍ ഹമീദ് യാത്ര ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് മേട്ടുപാളയത്ത് നിന്നുള്ള ബ്ലൂ മൗണ്ടെയിന്‍ എക്‌സ്പ്രസില്‍ അന്വേഷണ സംഘം വേഷംമാറി യാത്ര ചെയ്തു. ആ ട്രെയിനിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടയില്‍ ഹമീദിനെ പിടികൂടുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ട്രെയിനില്‍ കയറുന്ന ഹമീദ്, ഇരയെ കൃത്യമായി നിരീക്ഷിക്കും. രാത്രി രണ്ടുണിക്കും നാലുമണിക്കും ഇടയിലാണ് മോഷണം നടത്തിയിരുന്നത്. ഉറങ്ങിക്കിടക്കുന്ന യാത്രക്കാരുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കും. ആരുമറിയാതെ ബാഗ് എടുത്ത് സാധനങ്ങളും പണവും കൈക്കലാക്കിയ ശേഷം അതേപോലെ തിരിച്ചു വയ്ക്കുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

തൃശൂരിലും മുംബൈയിലുമാണ് മോഷണ വസ്തുക്കള്‍ ഇയാള്‍ വിറ്റിരുന്നത്. ഹമീദും ഭാര്യയും ചേര്‍ന്ന് മലേഷ്യയിലെ ക്വാലാലംപൂരില്‍ ഒരു ഹോട്ടല്‍ നടത്തുന്നുണ്ട്. ഹോട്ടലിലെ മൂന്നാമത്തെ പാര്‍ടണറെ പുറത്താക്കാന്‍ പണം കണ്ടെത്താനാണ് ഇയാള്‍ ഇന്ത്യയിലെത്തി മോഷണം നടത്തിയിരുന്നത്.