റെഡ്ഡിച്ച്: ഒരു ലക്ഷം പൗണ്ട് ശമ്പളമുള്ള സര്‍ജന്‍ ജോലിയില്‍ പ്രവേശിക്കാന്‍ വ്യാജ വിവരം നല്‍കിയ ഇന്ത്യന്‍ വംശജനായ സര്‍ജന് ആറ് വര്‍ഷത്തെ തടവ്. സുദീപ് സാര്‍ക്കര്‍ എന്നയാള്‍ക്കാണ് ജയില്‍ ശിക്ഷ ലഭിച്ചത്. ഇയാള്‍ ചികിത്സിച്ച രോഗികള്‍ നിരന്തരമായി ചികിത്സാപ്പിഴവിന് പരാതികള്‍ നല്‍കുകയും ജോലി ചെയ്തിരുന്ന ട്രസ്റ്റ് 2 മില്യന്‍ പൗണ്ട് രോഗികള്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടി വരികയും ചെയ്തതോടെ നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തു വന്നത്. റെഡ്ഡിച്ചിലെ അലക്‌സാന്‍ഡ്ര ഹോസ്പിറ്റലില്‍ സര്‍ജന്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി ഇയാള്‍ നല്‍കിയത് വ്യാജ വിവരങ്ങളാണെന്ന് കണ്ടെത്തി.
കണ്‍സള്‍ട്ടന്റ് കോളോറെക്ടല്‍ സര്‍ജന്‍ പോസ്റ്റിലേക്കുള്ള അപേക്ഷയില്‍ താന്‍ 85 ലാപ്പറോസ്‌കോപ്പിക് ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ടെന്നായിരുന്നു ഇയാള്‍ അവകാശപ്പെട്ടത്. മൂന്ന് ശതമാനം സങ്കീര്‍ണ്ണതകള്‍ മാത്രമേ തന്റെ ശസ്ത്രക്രിയകളില്‍ ഉണ്ടായിട്ടുള്ളുവെന്നും 51 എണ്ണം താന്‍ സ്വന്തമായി ചെയ്തവയാണെന്നും സുദീപ് പറഞ്ഞിരുന്നു. എന്നാല്‍ ഇയാള്‍ സ്വന്തമായി ആറ് ശസ്ത്രക്രിയകള്‍ മാത്രമേ ചെയ്തിട്ടുള്ളുവെന്ന് പരിശോധനയില്‍ വ്യക്തമായി. ചികിത്സാപ്പിഴവുകളും ശസ്ത്രക്രിയക്ക് ശേഷം രോഗികളില്‍ അനുബന്ധ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതും ശ്രദ്ധയില്‍പ്പെട്ട സഹപ്രവര്‍ത്തകര്‍ ഇയാളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇയാള്‍ ജോലി ചെയ്തിരുന്ന വോഴ്‌സര്‍ഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റ് 19 രോഗികള്‍ക്കായി 1,970,574 പൗണ്ട് നഷ്ടപരിഹാരം നല്‍കേണ്ടി വന്നുവെന്ന കാര്യവും ഇതിനിടെ പുറത്തു വന്നു. അലെക്‌സാന്‍ഡ്ര ആശുപത്രിയില്‍ ഇയാള്‍ ശസ്ത്രക്രിയക്ക് വിധേയരാക്കിയ നാല് രോഗികളുടെ ഇന്‍ക്വസ്റ്റ് നടക്കാനിരിക്കുകയാണ്. ഇയാള്‍ നടത്തിയ ശസ്ത്രക്രിയയാണ് മരണകാരണമെന്ന് വ്യക്തമായാല്‍ കൂടുതല്‍ ശിക്ഷ നേരിടേണ്ടി വന്നേക്കും.
Leave a Reply