ബഹർ നടപ്പു തുടങ്ങിയിട്ടു മൂന്നുദിവസമായി. കാലിൽ പാദരക്ഷകളില്ല. കൊടുംകാട്ടിലൂടെയാണു നടക്കുന്നത്. പുറത്തുകൂടിയിട്ടിരിക്കുന്ന തുണിത്തൊട്ടിലിൽ എട്ടുമാസം പ്രായമുള്ള കുട്ടിയുണ്ട്. ഇടയ്ക്കു കുട്ടി വിശന്നുകരഞ്ഞപ്പോൾ ബഹർ ചെടികൾ പറിച്ച് അതിന്റെ ഇലകൾ കൊടുത്തു. വിരജീവികൾ മണ്ണിൽ ഇഴയുന്നതു കണ്ടാൽ ബഹർ അവയെ പിടിച്ചുകൊടുക്കും കുട്ടിക്ക്. ദാഹം തോന്നുമ്പോൾ ശബ്ദമുണ്ടാക്കി ഒഴുകുന്ന അരുവിയിലെ വെള്ളം കുടിക്കും.
മൂന്നു പകലും രാത്രിയും നടന്നപ്പോൾ നഫ് നദി കാണാനായി. യാത്രക്കാരെ നദി കടത്തുന്ന ചെറുവള്ളങ്ങളെന്നു പറയാവുന്ന ബോട്ടുകളും കാണാനായി. ബോട്ടിൽ കയറാൻ ആഞ്ഞപ്പോഴേക്കും ബഹർ വീണുപോയി. മണ്ണിൽ മുഖമടിച്ചുവീണ് ബഹർ പൊട്ടിക്കരഞ്ഞു. വിശപ്പും ദാഹവും സഹിക്കാനാകാതെ കുട്ടിയും. എങ്ങനെയോ ബോട്ടിൽ എത്തിപ്പിടിച്ചു കയറി. ശരീരത്തിൽ പലയിടത്തും മുറിവുകളുണ്ട്.
ചോര വാർന്നൊലിക്കുന്നു. അസഹനീയ വേദനയുമുണ്ട്. ബോട്ട് ഓളങ്ങിലൊഴുകി നീങ്ങുമ്പോൾ ബഹർ ക്ഷീണിച്ച കണ്ണുകൾ വിടർത്തി പിന്നോട്ടു നോക്കി; ജനിച്ചുവളർന്ന മണ്ണിലേക്ക്. മാതൃരാജ്യത്തിലേക്ക്. സഹിക്കാനാവുന്നില്ല വേദന. ശരീരത്തിന്റെ മാത്രമല്ല മനസ്സിന്റെയും. പിന്നിൽ ഉപേക്ഷിക്കുന്നത് പ്രിയപ്പെട്ട മാതൃരാജ്യം. എങ്ങനെ കരയാതിരിക്കും.സ്വപ്നങ്ങൾ. പ്രതീക്ഷകൾ.സ്വന്തം നാടു വീട്ടുപോകുമ്പോൾ ആശ്വാസമുണ്ട്; ഒപ്പം വേദനയും. ഇതു ബഹറിന്റെ മാത്രം അനുഭവല്ല; ലക്ഷക്കണക്കിനു പേരുടേതു കൂടിയാണ്. അവർ രോഹിൻഗ്യകൾ എന്നറിയപ്പെടുന്നു.
ജനിച്ച നാടും വീടും ഉപേക്ഷിച്ച് അയൽരാജ്യത്തിലേക്കു പലായനം ചെയ്യാൻ നിർബന്ധിക്കപ്പെട്ട അഭയാർഥികൾ. അവർക്കു വീട് നഷ്ടപ്പെട്ടിരിക്കുന്നു. നാടും. ഇനി കിട്ടാവുന്ന സൗകര്യങ്ങളിൽ എവിടെയെങ്കിലും ജീവിതം കരുപ്പിടിപ്പിക്കണം. ലോകത്തിനുമുന്നിലെ ദുരിതക്കാഴ്ചയാണ് രോഹിൻഗ്യകൾ. ഏതാനും ആഴ്ചകളായി അവരുടെ വിലാപവും കണ്ണീരും ലോകത്തിന്റെ മനസ്സിൽ തീ കോരിയിട്ടിരിക്കുന്നു. പ്രമുഖ രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയുമൊക്കെ പ്രശ്നത്തിൽ ഇടപെടുന്നുണ്ട്. പക്ഷേ ദുരിതത്തിന്റെ നാളുകൾ നീളുന്നു. കഷ്ടപ്പാടിന്റെ ദിനരാത്രങ്ങൾക്ക് അവസാനമില്ല.
കാരണമില്ലാതെ മർദിച്ചാലും അമ്മയെ വിട്ടുപോകാൻ കുട്ടിക്കു കഴിയുമോ. കുട്ടിക്ക് അമ്മയോടുള്ള സ്നേഹം തന്നെയല്ലേ ഒരാൾക്ക് മാതൃരാജ്യത്തോടും തോന്നുന്നത്. എത്രയൊക്കെ കഷ്ടപ്പാടുകൾ ഉണ്ടായാലും മാതൃരാജ്യം ഉപേക്ഷിക്കാൻ ആരും ഒന്നു മടിക്കും. ഞങ്ങളും അങ്ങനെ തന്നെ. പക്ഷേ, എന്തു ചെയ്യാൻ. ഇരുട്ടിന്റെ മറപറ്റിയെത്തുന്ന സൈന്യം ഓരോരുത്തരെയായി കൊന്നൊടുക്കുമ്പോൾ എങ്ങനെ ഓടാതിരിക്കാനാവും. എവിടേക്കെങ്കിലും രക്ഷപ്പെടുക. അതുമാത്രമാണ് ലക്ഷ്യം: ദുഖവും ക്ഷീണവും തളർത്തിയ ബഹർ ഇടറുന്ന വാക്കുകളിൽ തങ്ങളുടെ അവസ്ഥ വിവരിക്കുന്നു.
മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തെ രോഹിൻഗ്യകളുടെ ദുരിതങ്ങൾക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. അവർക്കു സ്വന്തമായി ഒരു സംസ്ഥാനമോ രാജ്യമോ ഇല്ല. മ്യാൻമറിൽ മാത്രം 13 ലക്ഷത്തോളം രോഹിൻഗ്യകൾ ഉണ്ടെന്നു കണക്കുകൾ പറയുന്നു. ഏഷ്യയുടെ തെക്കുകിഴക്കൻ ഭാഗങ്ങളിൽ ചിതറിക്കിടക്കുന്നവരെക്കൂടി കൂട്ടുകയാണെങ്കിൽ 15 ലക്ഷത്തോളം വരും അവരുടെ ജനസംഖ്യ. ലോകത്ത് ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെട്ട ജനവിഭാഗമാണ് രോഹിൻഗ്യകൾ എന്നു പറഞ്ഞത് ഐക്യരാഷ്ട്ര സംഘടനയാണ്; 2013–ൽ.
നിലനിൽപ്പിനും നിയമപരമായ അവകാശങ്ങൾക്കും വേണ്ടി എന്നും പോരാട്ടത്തിന്റെ പാതയിലാണു രോഹിൻഗ്യകൾ. അടുത്തിടെയാണ് മ്യാൻമാർ സൈന്യം രോഹിൻഗ്യകൾക്കെതിരെ സൈനിക നടപടി തുടങ്ങിയത്. ആരക്കൻ രോഹിൻഗ്യൻ സാൽവേഷൻ ആർമി(ആർസ)ക്കെതിരായ നടപടികളുടെ ഭാഗമായാണു മ്യാൻമർ സൈന്യം സൈനിക നടപടി തുടങ്ങിയതെങ്കിലും വീടുകൾ കൂട്ടമായി കത്തിച്ചും ഗ്രാമീണരെ ഉപദ്രവിച്ചും സൈന്യം മുന്നേറിയതോടെ രോഹിൻഗ്യകളുടെ ജീവിതം ദുരിതപൂർണമായി.
മൂന്നു മാസമായി ദിവസേനയെന്നോണം നേരിടുന്ന ക്രൂരതകളെക്കുറിച്ചു പറയുമ്പോൾ മ്യാൻമറിൽനിന്നു രക്ഷപ്പെട്ട് ഇപ്പോൾ ബംഗ്ലാദേശിലെ അഭയാർഥി ക്യാംപിൽ കഴിയുന്ന ഹാമിദ ഖതൂം എന്ന യുവതി ഞെട്ടിവിറയ്ക്കുന്നു. രാത്രി സൈനികർ കതുകളിൽ മുട്ടും. സുന്ദരികളായ പെൺകുട്ടികളെയാണ് അവർ നോക്കുന്നത്. കിട്ടിയാൽ പുറത്തു കാട്ടിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗം ചെയ്യും. ഭാഗ്യമുണ്ടെങ്കിൽ പിറ്റേന്ന് വഴിയോരത്ത് മൃതപ്രായരായി അവർ കാണപ്പെട്ടും. മിക്കപേരും പൈശാചികമായി കഴുത്തറുത്ത് കൊല്ലപ്പെടുന്നു.
ആ ഭീകരരാത്രികളെക്കുറിച്ചോർക്കുമ്പോൾ ഹമിദയുടെ കണ്ണുകളിൽ ഇപ്പോഴും ഭീതി.
ഇപ്പോഴും ഞങ്ങൾക്കു വിശപ്പടക്കാനോ ദാഹം മാറ്റാനോ ആവശ്യത്തിനു ഭക്ഷണം കിട്ടുന്നില്ല. പക്ഷേ ജീവനിൽ പേടിയില്ലാതെ ജീവിക്കാമല്ലോ.–ബംഗ്ലാദേശിലെ ഇപ്പോഴത്തെ വസ്ഥയെക്കുറിച്ചു ഹാമിദ പറയുന്നു.
ഹാമിദയുടെ ഭർത്താവ് അമിനുള്ള തലനാരിയക്ക് രക്ഷപ്പെടുകയായിരുന്നു.ഒരു വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. ദേഹത്തു തുളഞ്ഞുകയറിയ വെടിയുണ്ട ദിവസങ്ങൾക്കുശേഷം നീക്കം ചെയ്യുകയായിരുന്നു. കാട്ടിൽ എത്തിയാൽ പല വഴി നഫ് നദി ലക്ഷ്യമാക്കി നീങ്ങുന്ന ആയിരക്കണക്കിനു ഗ്രാമീണരെ കാണാം.ആർക്കും വഴിയറിയില്ല.എല്ലാവരും നടക്കുന്നു. ബംഗ്ളദേശ് രൂപയാണു കടത്തുകാരൻ ആവശ്യപ്പെടുന്നത്. അതു കൊടൂക്കാനില്ലാത്തതിനാൽ വിലപിടിപ്പുള്ളതു കൊടുക്കുന്നു. അങ്ങനെ നദി കടന്ന് അയൽരാജ്യത്തിലേക്ക്. സൗകര്യങ്ങളും ആശ്വാസവും അകലെയാണ്. കാത്തിരുപ്പ് നീളുകയാണ്. പക്ഷേ കാത്തിരുപ്പല്ലാതെ മറ്റൊന്നുമില്ല രോഹിൻഗ്യകളുടെ ജീവിതത്തിൽ.
Leave a Reply