ഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയെ അധിക്ഷേപിച്ച് വീണ്ടും കേന്ദ്രസര്‍ക്കാര്‍. രോഹിത് ദളിതനല്ലെന്ന വാദവുമായാണ് ഇപ്പോള്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.
നേരത്തെ രോഹിത് അടക്കമുളളവരെ പുറത്താക്കിയതിനെ അനുകൂലിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി രംഗത്തെത്തിയിരുന്നു. രോഹിതിന്റെ ആത്മഹത്യാ കുറിപ്പില്‍ യൂണിവേഴ്‌സിറ്റി അധികൃതരെയോ ദേശീയ പാര്‍ട്ടിയേയോ,എംപിയെയോ കുറിച്ച് പറയുന്നില്ലെന്നും ചിലര്‍ ഇതില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നുമാണ് നേരത്തെ സ്മൃതി ഇറാനി ആരോപിച്ചിരുന്നത്.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് സുഷമ സ്വരാജ് തന്റെ അറിവില്‍ രോഹിത് വെമുല ഒരു പിന്നോക്ക ജാതിക്കാരനല്ല എന്നുപറഞ്ഞത്. വഡേര ഒരു പിന്നോക്ക സമുദായമാണെങ്കിലും ദളിത് വിഭാഗത്തില്‍ ഉള്‍പ്പെടുന്നതല്ല. അതേസമയം രോഹിതിനെ ദളിതനായി ഉയര്‍ത്തിക്കാട്ടുന്നത് വഴി ഇതൊരു ജാതി പ്രശ്‌നമാക്കി മാറ്റാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.
രോഹിത്തിന്റെ അച്ഛന്റെ അമ്മ രാഘവമ്മ തന്റെ മകന്‍ വി. മണികുമാറും, മകള്‍ വി.രാധികയും(രോഹിതിന്റെ അമ്മ) വാഡേര സമുദായത്തില്‍പ്പെട്ടവരാണെന്ന് വ്യക്തമാക്കിയുളള ഒരു രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് നേരത്തെ ലഭിച്ചതായി ചില മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.