കൂടത്തായി കൊലപാതക കേസിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് കേസിലെ പരാതിക്കാരനും കൊല്ലപ്പെട്ട റോയിയുടെ
സഹോദരനുമായ റോജോ തോമസ്. ജീവിച്ചിരിക്കുന്നവർക്കും ആത്മാക്കൾക്കും നീതി കിട്ടണം.പരാതി കൊടുത്താൽ തിരികെ വരാനാകുമോ എന്ന പേടി തനിക്കും ഉണ്ടായിരുന്നു. കേസ് പിൻവലിപ്പിക്കാൻ ജോളി സമ്മർദ്ദം ചെലുത്തിയെന്നും റോജോ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിന് മൊഴി നൽകിയത് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റോജോ. നാളെയും കേസിൽ റോജോയുടെ മൊഴിയെടുപ്പ് തുടരും.
കൂടത്തായി കൊലപാതക പരമ്പര കേസിലെ നിർണായകമായ ഘട്ടത്തിലൂടെയാണ് അന്വേഷണസംഘം നീങ്ങുന്നത്. പരാതിക്കാരനായ റോജോയുടെയും സഹോദരി റെഞ്ചിയുടേയും മൊഴി വിശദമായി ഇന്ന് പൊലീസ് രേഖപ്പെടുത്തി. രാവിലെ പത്തരക്ക് തുടങ്ങിയ മൊഴിയെടുപ്പ് പത്തര മണിക്കൂർ പിന്നിട്ട് രാത്രി 9 മണി വരെ നീണ്ടു.
റോജോയുടെയും സഹോദരി റെഞ്ചിയുടെയും മൊഴി വടകര റൂറൽ എസ്പിയുടെ ഓഫീസിൽ വച്ചാണ് രേഖപ്പെടുത്തിയത്. ഇതോടൊപ്പം തന്നെ ജോളിയുടെ മക്കളുടെ മൊഴിയും പൊലീസ് ശേഖരിച്ചു. പയ്യോളിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ വച്ചാണ് ജോളിയുടെ മക്കളുടെ മൊഴി എടുത്തത്. ജോളിയെ വടകര റൂറൽ എസ്പിയുടെ ഓഫീസിൽ എത്തിച്ച് ജോളിയേയും റോജോയേയും ഒന്നിച്ചിരുത്തിയും അന്വേഷണസംഘം ചോദ്യം ചെയ്തു. ഇതു വഴി നിർണായകമായ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് പൊലീസ്.
കേസിലെ പ്രതികളായ ജോളി, മാത്യു, പ്രജികുമാർ എന്നിവരുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കസ്റ്റഡി കാലാവധി നീട്ടാൻ ആവശ്യപ്പെട്ട് നാളെ അന്വേഷണസംഘം കോടതിയെ സമീപിക്കും. പുതിയ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തത് ചൂണ്ടിക്കാട്ടിയാണ് താമരശേരി കോടതിയിൽ കൂടുതൽ സമയം ചോദിക്കുക. നിലവിൽ റോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം നടക്കുന്നത്.
ഇതോടൊപ്പം തന്നെ വ്യാജരേഖ നിർമ്മിച്ച കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. സ്വത്ത് തട്ടിയെടുക്കാനായി മരണപ്പെട്ട ടോം തോമസിന്റെ പേരിൽ ജോളി തയ്യാറാക്കിയ വ്യാജവിൽപത്രത്തിന്റെ പകർപ്പ് പുറത്തു വന്നിരുന്നു. ടോം തോമസിന്റെ പേരിൽ രണ്ട് വിൽപത്രങ്ങളാണ് ജോളി തയ്യാറാക്കിയത്. ഇതിലൊന്ന് ആദ്യഭർത്താവ് റോയിയുടെ മരണത്തിന് മുൻപും മറ്റൊന്ന് റോയ് മരണപ്പെട്ട ശേഷവും തയ്യാറാക്കിയതാണ്.റവന്യു വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നുള്ള തെളിവെടുപ്പ് നാളെയും തുടരും.
അതേസമയം ജോളിയുമായും റോയിയുമായും ബന്ധമുണ്ടെന്ന് കരുതുന്ന കട്ടപ്പനയിലെ ജോത്സ്യന്‍ കൃഷ്ണകുമാറിനോട് ചോദ്യം ചെയ്യല്ലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടീസ് നല്‍കി. മരണപ്പെടുന്ന സമയത്ത് റോയിയുടെ ശരീരത്തില്‍ കാണപ്പെട്ട ഏലസ് സംബന്ധിച്ച അന്വേഷണത്തിന്‍റെ ഭാഗമായാണ് കൃഷ്ണകുമാറിനെ പൊലീസ് വിളിച്ചു വരുത്തുന്നതെന്നാണ് സൂചന. ജോളിയേയും കൃഷ്ണകുമാറിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ജോളിയേയോ കൃഷ്ണകുമാറിനേയോ തനിക്ക് അറിയില്ലെന്ന് ജോത്സ്യന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.
അച്ഛൻ ടോം തോമസ്, അമ്മ അന്നമ്മ, സഹോദരൻ റോയ് എന്നിവരുൾപ്പെടെ കുടുംബത്തിലെ ആറ് അംഗങ്ങളുടെ ദുരൂഹ മരണങ്ങളെക്കുറിച്ച് റോജോ കോഴിക്കോട് റൂറൽ എസ്പിക്ക് പരാതി നൽകിയതോടെയാണ് കൂടത്തായ് സംഭവത്തിൽ അന്വേഷണം തുടങ്ങിയത്. റോജോ ഇന്നലെയാണ് അമേരിക്കയിൽ നിന്നും നാട്ടിലെത്തിയത്. റോയിയുടെ സഹോദരനായ റോജോയെ കേസന്വേഷണത്തിനായി അമേരിക്കയിൽ നിന്ന് അന്വേഷണ സംഘം നാട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
Leave a Reply