ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പുതിയ 5G തരംഗങ്ങൾ വിമാനങ്ങളെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് എയർലൈൻ മേധാവിമാർ. 5G സേവനം വിന്യസിക്കാൻ ഒരുങ്ങുമ്പോൾ ഉടലെടുക്കുന്ന വ്യോമയാന പ്രതിസന്ധിയെക്കുറിച്ച് അവർ വ്യക്തമാക്കിയതിനു പിന്നാലെ യുഎസിലേക്ക് പോകുന്ന ബ്രിട്ടീഷുകാരോട് ബുക്കിംഗ് പരിശോധിക്കാൻ ആവശ്യപ്പെട്ടു. പുതിയ 5G സേവനങ്ങൾ എയർലൈനുകളെ അപടത്തിലാക്കാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ എയർ ലൈൻസ്, യുണൈറ്റഡ് എയർലൈൻസ് എന്നിവയുടെ ചീഫ് എക്സിക്യൂട്ടീവുമാർ അറിയിച്ചു.

സി ബാൻഡിലെ 5G നെറ്റ് വർക്ക് പ്രവർത്തനം വിമാനങ്ങളിലെ റഡാർ ആൾട്ടി മീറ്ററിനെ ബാധിക്കുമെന്നാണ് പ്രധാന ആശങ്ക. ആൾട്ടി മീറ്റർ പ്രവർത്തനങ്ങൾ തടസപ്പെട്ടാൽ വിമാനങ്ങൾ അപകടത്തിൽപ്പെടാനും സാധ്യത ഏറെയാണ്. എന്നാൽ ബ്രിട്ടനിലും യൂറോപ്പിലും ഇതൊരു പ്രശ്‌നമായി കാണുന്നില്ല. യുകെയിലെ സിവിൽ ഏവിയേഷൻ അതോറിറ്റി, ഓഫ്‌കോം, ഇയു ഏവിയേഷൻ സേഫ്റ്റി അതോറിറ്റി എന്നിവയെല്ലാം 5G ഒരു പ്രശ്‌നമാണെന്നതിന് തെളിവുകളില്ലെന്ന് പറയുന്നു.

യുകെയിലെ വ്യോമാതിർത്തിയിൽ 5G തരംഗങ്ങൾ വിമാന സംവിധാനങ്ങളെ ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. യുകെയിൽ 5G വിന്യസിക്കുന്നതിലൂടെ വിമാനങ്ങൾക്ക് സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഓഫ്‌കോമും പ്രതിരോധ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി‌എ‌എ) യുടെ വക്താവ് പറഞ്ഞു. ഇന്ന് രാവിലെ മുതൽ 5G വിന്യസിക്കുമ്പോൾ നൂറുകണക്കിന് വിമാനങ്ങൾ നിലത്തിറക്കേണ്ടി വരുമെന്ന ആശങ്കയിലാണ് യുഎസ് എയർലൈൻ മേധാവിമാർ. ബ്രിട്ടീഷ് എയർവേയ്‌സ്, വിർജിൻ അറ്റ്‌ലാന്റിക് എന്നിവയുൾപ്പെടെയുള്ള യുകെ വിമാനക്കമ്പനികൾ തങ്ങളുടെ സേവനങ്ങൾ തടസ്സപ്പെടുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.