ലോകത്താകമാനം പടർന്ന് പിടിച്ച കൊറോണ വൈറസ് മൂലം ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 6820 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 743 മരണമാണ് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തത്. ഇറാനിലും മരണസംഖ്യ 2000ത്തിനോട് അടുക്കുകയാണ്. ലോകത്ത് ആകെ ഇതുവരെ 422613 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 18891 പേർ മരണപ്പെടുകയും ചെയ്തു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മരണസംഖ്യ താഴ്ന്നത് ഇറ്റലിയിൽ പ്രതീക്ഷ നൽകിയിരുന്നെങ്കിലും ചൊവ്വാഴ്ച വീണ്ടും മരണനിരക്ക് കുതിക്കുകയായിരുന്നു. യഥാക്രമം 651ഉം 601ഉം ആയിരുന്നു ഞായർ, തിങ്കൾ ദിവസങ്ങളിൽ ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം. എന്നാൽ ചൊവ്വാഴ്ച ഇത് 743 ആയി വർധിച്ചത് ആരോഗ്യ പ്രവർത്തകരിൽ വീണ്ടും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഒരു ദിവസം ഏറ്റവും കൂടുതൽ ആളുകൾ മരിച്ച രണ്ടാമത്തെ ദിവസമായിരുന്നു ഇന്നലെ.

അതേസമയം അമേരിക്കയിലും മരണസംഖ്യ ഉയരുന്നു. ചൈനയ്ക്കും ഇറ്റലിക്കും ശേഷം ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യമാണ് അമേരിക്ക. ഈ സാഹചര്യത്തിൽ രാജ്യത്തിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തി. കൊറോണ വൈറസിന്റെ അടുത്ത ആഘാത മേഖലയായി യുഎസ് മാറിയേക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അരലക്ഷം കഴിഞ്ഞു. 54,808 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 775 പേർ അമേരിക്കയിൽ കൊറോണ വൈറസ് മൂലം മരിച്ചു. ഇന്നലെ മാത്രം 163 മരിച്ചതായാണ് കണക്കുകൾ പറയുന്നത്.

ഇന്ത്യയിലും ഇന്ന് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ കൊറോണ വൈറസ് മൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 11 ആയി. തമിഴ് നാട്ടിലാണ് ഏറ്റവും ഒടുവിൽ ഒരാൾ മരിച്ചത്. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 500 കടന്നിട്ടുണ്ട്. കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിന സമ്പൂർണ ലോക്ക്ഡൗണ്‍ അർധരാത്രി മുതൽ നിലവിൽ വന്നു. എല്ലാ സംസ്ഥാനങ്ങൾക്കും ഇത് ബാധകമാണ്.