ഷെറിൻ പി യോഹന്നാൻ

റോഷാക്ക്‌, തിയേറ്റർ വാച്ച് അർഹിക്കുന്ന ചിത്രമാണ്. അത് കഥയുടെ വലുപ്പം കൊണ്ടല്ല, സാങ്കേതിക വശങ്ങളിലെ പെർഫെക്ഷൻ കാരണമാണ്. മലയാളി കണ്ടുശീലിച്ചിട്ടില്ലാത്ത കഥാഭൂമികയിലേക്കാണ് റോഷാക്ക് പ്രേക്ഷകനെ കൊണ്ടുപോകുന്നത്. ചില സ്കാൻഡിനേവിയൻ സിനിമകൾ നൽകുന്ന ഫീൽ ഈ ചിത്രവും വച്ചുനീട്ടുന്നുണ്ട്. ഒരു കഥ പറഞ്ഞുതീർക്കുക എന്ന ധർമ്മമല്ല നിസാം ബഷീറെന്ന സംവിധായകൻ നിർവഹിക്കുന്നത്. അതിനെ വ്യത്യസ്തമായി, സൂക്ഷ്മമായി കൈകാര്യം ചെയ്ത് പുത്തൻ അനുഭവമായി സ്‌ക്രീനിൽ എത്തിക്കുകയാണ്. ഇവിടെയാണ് റോഷാക്ക്‌ എനിക്ക് പ്രിയപ്പെട്ടതാവുന്നത്.

തന്റെ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായാണ് ലൂക്ക് ആന്റണി ഹിൽ സ്റ്റേഷനിലെ പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്നത്. പതിയെ ആ നാട്ടിൽ നിലയുറപ്പിക്കുന്ന ആന്റണിയിലൂടെ കഥയും കഥാപാത്രങ്ങളും വികസിക്കുന്നു. സ്പൂൺ ഫീഡ് ചെയ്യാതെ ഇടയ്ക്കിടെ പ്രേക്ഷകന്റെ മനസ്സിളക്കാനുള്ളത് ഇട്ട് നൽകി, അല്പം ചിന്തിപ്പിച്ചുതന്നെയാണ് കഥയുടെ മുന്നോട്ടുള്ള പോക്ക്. എന്റെ ഇഷ്ടചിത്രങ്ങളിൽ ഒന്നായ ഇബ്‌ലീസിന്റെ തിരക്കഥാകൃത്തായ സമീർ അബ്ദുൽ ഇവിടെയും വ്യത്യസ്തമായ ലോകം ഒരുക്കിയിരിക്കുന്നു. ഇബ്‌ലീസിൽ കളർഫുൾ ലോകമാണെങ്കിൽ ഇവിടെ അത് നേർവിപരീതമാണ്.

ലൂക്ക് ആന്റണിയുടെ മാനസിക വ്യാപാരങ്ങളെ അതിസൂക്ഷ്മമായി സ്‌ക്രീനിൽ എത്തിക്കുന്നതിൽ മമ്മൂട്ടി വിജയിച്ചിട്ടുണ്ട്. ഇവിടെ ആന്റണി മറ്റു കഥാപാത്രങ്ങളുടെ ഇടയിലേക്കാണ് എത്തുന്നത്. അതിനാൽ കഥയിൽ അവരുടെ റോളും വലുതാണ്. ബിന്ദു പണിക്കരുടെ കഥാപാത്ര നിർമിതി, പ്രകടനം എന്നിവ എടുത്തുപറയേണ്ടതാണ്. ജഗദീഷ്, ഷറഫുദീൻ, ഗ്രേസ് ആന്റണി തുടങ്ങിയവരും പ്രകടനങ്ങളിൽ മികച്ചു നിൽക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലൂക്ക് ആന്റണി ചുറ്റികയുമായി പ്രത്യക്ഷപ്പെടുന്ന ആദ്യ രംഗത്തുള്ള പശ്ചാത്തലസംഗീതം അതിഗംഭീരമാണ്. മിഥുൻ മുകുന്ദന്റെ പശ്ചാത്തലസംഗീതവും നിമിഷ് രവിയുടെ ഫ്രെയിമുകളും കിരൺ ദാസിന്റെ എഡിറ്റിങ്ങും ചിത്രത്തെ ഗ്രിപ്പിങായി നിലനിർത്തുന്നു. സ്ലോ ബേൺ ത്രില്ലറെന്നോ, സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറെന്നോ വിശേഷിപ്പിക്കാം. സിനിമ ഒരുക്കുന്ന മൂഡിലേക്ക് എത്താൻ കഴിഞ്ഞാൽ വളരെ ഇമ്പ്രെസ്സീവായി അനുഭവപ്പെടും. നായകനെകൊണ്ട് / വില്ലനെകൊണ്ട് ഫ്ലാഷ്ബാക്ക് പറയിപ്പിക്കുന്ന സ്ഥിരം ശൈലിയും ചിത്രം പിന്തുടരുന്നില്ല.

മനുഷ്യമനസ്സിനോളം നിഗൂഢമായ മറ്റൊന്നില്ല. അടുത്താലും അത്ര പെട്ടെന്ന് അറിയാൻ കഴിയാത്ത കഥാപാത്രങ്ങളാണ് ചിത്രത്തിന്റെ പ്രധാന ശക്തി. ശ്രദ്ധയോടെ അവരോടൊപ്പം സഞ്ചരിക്കാനാണ് ശ്രമിക്കേണ്ടത്. പല സംഭാഷണങ്ങളും ശ്രദ്ധേയമാണ്.

🔥Bottom Line – മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളാണ് റോഷാക്ക്‌ വിഷയമാക്കുന്നത്. കഥാപാത്രങ്ങളുടെ മികച്ച പ്രകടനം, ഗംഭീര പ്രൊഡക്ഷൻ ക്വാളിറ്റി, ടെക്നിക്കൽ സൈഡ്, പുതുമയുള്ള കഥ – ആഖ്യാനം എന്നിവ ചിത്രത്തിന് ഫ്രഷ് ഫീൽ സമ്മാനിക്കുന്നു. അത് വലിയ സ്‌ക്രീനിൽ അനുഭവിച്ചറിയണം.