സസെക്‌സ് ഡ്യൂക്ക് ഹാരിക്കും ഡച്ചസ് മേഗന്‍ മാര്‍ക്കലിനും പിറന്ന കുഞ്ഞിന് പേരിട്ടു. ആര്‍ച്ചീ എന്നാണ് ബ്രിട്ടീഷ് രാജകുടുംബത്തിലെ പുതിയ അവകാശിയുടെ പേര്. ആര്‍ച്ചീ ഹാരിസണ്‍ മൗണ്ട്ബാറ്റണ്‍-വിന്‍ഡ്‌സര്‍ എന്നായിരിക്കും പൂര്‍ണ്ണമായ പേര്. ഇന്നലെയാണ് കുഞ്ഞിനെ ക്യാമറകള്‍ക്കു മുന്നില്‍ മാതാപിതാക്കളായ ഹാരിയും മേഗനും അവതരിപ്പിച്ചത്. കുഞ്ഞ് വളരെ ശാന്തനാണെന്നും അവന് വളരെ നല്ല സ്വഭാവമാണെന്നും മേഗന്‍ പറഞ്ഞു. ഈ നല്ല സ്വഭാവം ആരില്‍ നിന്നാണ് കിട്ടിയതെന്ന് അറിയില്ലെന്നായിരുന്നു ഹാരിയുടെ പ്രതികരണം. ഇരുവരുടെയും കമന്റുകള്‍ ചിരി പടര്‍ത്തി.
വിന്‍ഡ്‌സര്‍ കാസിലില്‍ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും ആദ്യമായി കുഞ്ഞിനെ കാണാനെത്തിയതിനു ശേഷമായിരുന്നു ഇരുവരും കുഞ്ഞിനെ ക്യാമറകള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. എലിസബത്ത് രാജ്ഞിയുടെ എട്ടാമത്തെ പേരക്കുട്ടിയാണ് ആര്‍ച്ചീ. ആര്‍ച്ചീ ഹാരിസണ്‍ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍ എന്ന പേര് തെരഞ്ഞെടുത്തതോടു കൂടി കുഞ്ഞിന് ഒരു ടൈറ്റില്‍ വേണ്ടെന്ന് മാതാപിതാക്കള്‍ തീരുമാനിച്ചിരിക്കുകയാണ്.
ഡ്യൂക്കിന്റെ ആദ്യ പുത്രന്‍ എന്ന നിലയില്‍ ഏള്‍ ഓഫ് ഡംബാര്‍ട്ടന്‍ എന്ന ഹാരിയുടെ സബ്‌സിഡിയറി ടൈറ്റിലുകളിലൊന്നിന് ആര്‍ച്ചീ അര്‍ഹനാണ്. അല്ലെങ്കില്‍ ലോര്‍ഡ് ആര്‍ച്ചീ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍ എന്ന ടൈറ്റിലും ലഭിക്കാവുന്നതാണ്. എന്നാല്‍ മാസ്റ്റര്‍ ആര്‍ച്ചീ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍ എന്ന പേരിലായിരിക്കും കുഞ്ഞ് അറിയപ്പെടുക. ഒരു ഫോര്‍മല്‍ റോയലായി കുഞ്ഞിനെ വളര്‍ത്തേണ്ടെന്നാണ് മാതാപിതാക്കള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ബിബിസി റോയല്‍ കറസ്‌പോണ്ടന്റ് ജോണി ഡൈമണ്ട് പറഞ്ഞു.
Leave a Reply