സ്വന്തം ലേഖകൻ
യു കെ :- ബ്രിട്ടൺ നിർമ്മാണം ആരംഭിച്ച റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് ഏഷ്യയിൽ വൻപ്രചാരമാണ് ഇപ്പോൾ ലഭിക്കുന്നത്. ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയ ബൈക്ക് ബ്രാൻഡായ റോയൽ എൻഫീൽഡ്, 1994 മുതൽ ഇന്ത്യൻ കമ്പനിയായ ഏയ്ച്ചർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്.റോയൽ എൻഫീൽഡ് കമ്പനിയുടെ ബൈക്കുകൾക്ക് ഏഷ്യയിൽ ഉടനീളം വലിയ തോതിലുള്ള വിൽപ്പനയാണ് നടന്നുവരുന്നത്. അതിനാൽ തന്നെ തായ്‌ലൻഡിൽ പുതിയ ഫാക്ടറി തുറക്കാനുള്ള തീരുമാനം കമ്പനി കൈ കൊണ്ടിരിക്കുകയാണ്. കുറഞ്ഞ വിലയിൽ മികച്ച സേവനങ്ങൾ നൽകുന്ന ബൈക്ക് നിർമ്മിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് റോയൽ എൻഫീൽഡ് ചീഫ് എക്സിക്യൂട്ടീവ് വിനോദ് ദാസരി പറഞ്ഞു.
തായ്‌ലൻഡിൽ തുറക്കുന്ന ഫാക്ടറി 12 മാസത്തിനകം പ്രവർത്തന സജ്ജമാകും. ഇന്ത്യക്ക് പുറത്തുള്ള കമ്പനിയുടെ ഏറ്റവും വലിയ ഫാക്ടറി ആകും ഇത്. ഈ ഫാക്ടറി തുറക്കുന്നതോടെ, വിയറ്റ്നാം, മലേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ബൈക്ക് വിൽപ്പന താരതമ്യേന എളുപ്പമാകും. വൻ മാർക്കറ്റാണ് റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് ഏഷ്യൻ മാർക്കറ്റിൽ ലഭിക്കുന്നതെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞു.
ബൈക്കുകളുടെ ഏറ്റവും വലിയ മാർക്കറ്റ് ആദ്യം മുതൽ തന്നെ ഏഷ്യയിൽ ആണുള്ളത്. ഏഷ്യൻ രാജ്യങ്ങളിലെ ഇടുങ്ങിയ റോഡുകളിലൂടെ ബൈക്കുകളാണ് സഞ്ചാരത്തിന് ഉത്തമം. അതിനാൽ തന്നെ ആളുകൾ ഏറ്റവും കൂടുതൽ വാങ്ങിക്കുന്നതും ബൈക്കുകളാണ്. അടുത്തവർഷം കമ്പനിയുടെ നൂറ്റിഇരുപതാമത് ജന്മദിനമാണ്.
Leave a Reply