സ്വന്തം ലേഖകൻ
യു കെ :- രാജകുടുംബാംഗങ്ങൾ എന്ന നിലയിൽ ഹാരി രാജകുമാരനും, ഭാര്യ മേഗനും നടത്തിയ അവസാന ആഫ്രിക്കൻ യാത്രയ്ക്ക് ചെലവായത് 250, 000 പൗണ്ട് എന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക കണക്കുകൾ പുറത്ത്. രാജകുടുംബം കഴിഞ്ഞ വർഷം നടത്തിയ ഏറ്റവും ചിലവേറിയ യാത്രയും ഇതുതന്നെയാണ്. സൗത്ത് ആഫ്രിക്ക, ബോട്സ്വാന, അംഗോള, മലാവി എന്നിവിടങ്ങളിലേക്ക് ആയിരുന്നു ഇരുവരും യാത്ര നടത്തിയത്. എന്നാൽ അതിനു ശേഷം ഇരുവരും രാജകുടുംബത്തിന് നേരെ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. തനിക്ക് ഒരു തരത്തിലുള്ള കരുതലും നൽകാത്ത ഒരു കുടുംബം എന്ന പ്രതികരണമാണ് മേഗന്റെ ഭാഗത്തുനിന്നും രാജകുടുംബത്തെ സംബന്ധിച്ച് ഉണ്ടായത്.
പിന്നീട് ഇരുവരും രാജകുടുംബത്തിലെ തങ്ങളുടെ പദവിയിൽ നിന്നും പിന്മാറിയിരുന്നു. നെറ്റ്ഫ് ളിക്സുമായി പിന്നീട് കരാറിലേർപ്പെട്ട ഇരുവരും ഇപ്പോൾ യുഎസിൽ ആണ് താമസിക്കുന്നത്. യാത്രയിലുടനീളം ഇരുവർക്കുമുള്ള ഫ്ലൈറ്റുകൾക്കും, പ്രൈവറ്റ് ജെറ്റുകൾക്കും ആയി 245, 643 പൗണ്ട് ചിലവായതായി ഔദ്യോഗിക കണക്കുകൾ രേഖപ്പെടുത്തുന്നു. എന്നാൽ ഈ യാത്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ ആണെന്നും, ചാരിറ്റി പ്രവർത്തനങ്ങൾക്കായി ആണ് ഇരുവരും സൗത്താഫ്രിക്കയിൽ പോയതെന്നും രാജ കുടുംബത്തോട് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ഇരുവരുടെയും യാത്രയുടെ മുഴുവൻ ചിലവുകളും ഗവൺമെന്റ് ആണ് വഹിച്ചത്.
നോർത്തേൺ അയർലൻഡിലെ ഗോൾഫ് ക്ലബ്ബിലേക്ക് തന്റെ പ്രൈവറ്റ് ജെറ്റ് ഉപയോഗിച്ച് യാത്ര ചെയ്ത ആൻഡ്രൂ രാജകുമാരനെ സംബന്ധിച്ച് ഇപ്പോൾ വിവാദങ്ങൾ ഉയർന്നുവരുന്നുണ്ട്. എന്നാൽ പുറത്തുവിട്ടിരിക്കുന്ന കണക്കുകളൊന്നും തന്നെ ശരിയായ കണക്കുകൾ അല്ലെന്ന ആരോപണങ്ങളും ഉണ്ട്. ഹോസ് പിറ്റലുകളിലും മറ്റും ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ പണം ഇല്ലാതിരിക്കെ, രാജകുടുംബാംഗങ്ങൾ നടത്തുന്ന ഈ ധൂർത്തിനെ സംബന്ധിച്ച് പരക്കെ ആക്ഷേപമുണ്ട്.
Leave a Reply