ലണ്ടന്‍: മയക്കുമരുന്ന് വിതരണത്തിനായി മാഫിയകള്‍ പോസ്റ്റല്‍ സിസ്റ്റം ദുരുപയോഗം ചെയ്യുന്നതായി റോയല്‍ മെയില്‍ അധികൃതര്‍. ക്രിസ്മസ് പ്രമാണിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്നുകള്‍ പോസ്റ്റലുകള്‍ വഴി എത്തിക്കാനുള്ള ശ്രമം നടക്കുന്നതായി കണ്ടെത്തിയതായി പോലീസും വ്യക്തമാക്കിയിട്ടുണ്ട്. കഞ്ചാവ് മുതല്‍ കൊക്കെയ്ന്‍ വരെ ഇത്തരത്തില്‍ പോസ്റ്റല്‍ വഴി വിതരണം ചെയ്യുന്നതായിട്ടാണ് സൂചന. റോയല്‍ മെയിലിന്റെ സോര്‍ട്ടിംഗ് ഓഫീസ് ജീവനക്കാരോട് ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ പാലിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പോലീസുമായി ബന്ധപ്പെടാനും ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ക്രിസ്മസിനോട് അനുബന്ധിച്ച് ഗ്രീറ്റിംഗ്‌സ് കാര്‍ഡുകള്‍ ധാരാളമായി ആളുകള്‍ പോസ്റ്റല്‍ വഴി കൈമാറുന്നുണ്ട്. ജീവനക്കാര്‍ക്ക് സംശയം തോന്നി പരിശോധിച്ച ചില കാര്‍ഡുകളില്‍ കഞ്ചാവ് കണ്ടെത്തിയതോടെയാണ് ലഹരി മാഫിയയുടെ പുതിയ വിതരണ രീതി പുറത്തുവരുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഡാര്‍ക്ക് വെബുകള്‍ വഴിയാണ് ഇത്തരം ലഹരി വസ്തുക്കള്‍ ആളുകള്‍ വാങ്ങിക്കുന്നത്. കൃത്യമായ വിലാസത്തില്‍ ഇവ വീട്ടിലെത്തുകയും ചെയ്യും. റോയല്‍ മെയിലിന്റെ സ്വിന്‍ഡന്‍ ഓഫീസില്‍ നിന്നാണ് കഞ്ചാവ് അടങ്ങിയ എന്‍വെലപ്പുകള്‍ പിടിച്ചെടുത്തിരിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ഏതാണ്ട് 30 ഓളം സമാന കേസുകളാണ് പോലീസ് പിടികൂടിയിരിക്കുന്നത്.
ഡാര്‍ക്ക് വെബ് ഉപയോഗിക്കാന്‍ പ്രാവീണ്യം നേടിയിട്ടുള്ള വ്യക്തികള്‍ മയക്കുമരുന്ന് മാഫിയകളുമായി നേരിട്ട് ബന്ധപ്പെടുകയും പണം നല്‍കുകയും ചെയ്യും. ഓണ്‍ലൈന്‍ വഴി നടക്കുന്ന കൈമാറ്റമായതിനാല്‍ ഇവരെ പിടികൂടുക ശ്രമകരമായ ജോലിയാണ്. ഉപഭോക്താക്കള്‍ക്ക് ലഹരി മരുന്നുകള്‍ പോസ്റ്റല്‍ കവറിലാക്കി അയക്കുകയാണ് ഇവരുടെ രീതി. ഇത് തടയുന്നതിനായി സമഗ്രമായ പദ്ധതി ആവിഷ്‌കരിച്ച് വരികയാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. മെയില്‍ ഓഫീസ് ജീവനക്കാരോട് കത്തുകള്‍ മണത്ത് നോക്കി ലഹരി കണ്ടുപിടിക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ നല്‍കി കഴിഞ്ഞു. ക്ലാസ്-ബി ലഹരികള്‍ ഇത്തരത്തില്‍ കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
Leave a Reply