ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഇന്ത്യയ്ക്ക് അഭിമാനമായി ചലച്ചിത്രരംഗത്ത് പൊൻതിളക്കവുമായി തെലുങ്ക് ചിത്രം ആർ ആർ ആറിനു ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം. ആദ്യമായാണ് ഒരു ഇന്ത്യൻ ചിത്രത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ലഭിക്കുന്നത്. ടെയ്‌ലർ സ്വിഫ്റ്റ്, റിഹാന തുടങ്ങി നിരവധി പ്രമുഖരെ പിന്തള്ളിയാണ് ചിത്രത്തിലെ ഫെയ്മസ് ഗാനമായ നാട്ടുവിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് 2021 ൽ ഹിറ്റ് ഗാനം ചിത്രീകരിച്ചത്. ഗാനത്തിന്റെ വിജയത്തിൽ അതിയായ സന്തോഷമുണ്ടെന്നും അവാർഡ് അപ്രതീക്ഷിതമാണെന്നും അവാർഡ് സ്വീകരിച്ചുകൊണ്ട് സംഗീതസംവിധായകൻ എംഎം കീരവാണി പറഞ്ഞു.
പുതുചരിത്രം രചിച്ചത്തിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. അഭിമാനകരമായ ബഹുമതി ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ കാരണമായെന്ന് പറഞ്ഞുകൊണ്ടായിരുന്നു നരേന്ദ്രമോദിയുടെ ട്വീറ്റ്. പ്രധാനമന്ത്രിക്ക് പുറമെ രാഷ്ട്രീയരംഗത്തെ പ്രമുഖർ, സംഗീത സംവിധായകർ, എ ആർ റഹ്മാൻ എന്നിവരും അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്ത് വന്നു. വാർത്ത അറിഞ്ഞപ്പോൾ തന്നെ എഴുന്നേറ്റ് നിന്ന് നാട്ടു നാട്ടു ഡാൻസ് കളിച്ചു ആഘോഷിച്ചെന്ന് ഷാറൂഖ് ഖാൻ ട്വീറ്റ് ചെയ്തു.
എസ് എസ് രാജമൗലി രചനയും സംവിധാനവും നിർവ്വഹിച്ച ആർ ആർ ആർ, ഇന്ത്യയിൽ നിലനിന്നിരുന്ന ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടുന്ന രണ്ട് പേരുടെ കഥയാണ് പറയുന്നത്. സിനിമയിൽ രാം ചരണും ജൂനിയർ എൻടിആറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇംഗ്ലീഷ് ഇതര സിനിമകൾക്കുള്ള മികച്ച ചിത്രത്തിനുള്ള നോമിനേഷനും ഈ തെലുങ്ക് ഭാഷാ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ നാല് ഭാഷകളിലും ഇറങ്ങിയ ഈ ചിത്രം ഏകദേശം 1200 കോടി രൂപയാണ് ലോകമെമ്പാടുമായി കളക്ഷൻ നേടിയത്. രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർക്ക് പുറമെ അജയ് ദേവ് ഗൺ, ആലിയ ഭട്ട് തുടങ്ങിയ വൻ താരനിര സിനിമയിലുണ്ട്.
Leave a Reply