മാവേലിക്കര: മാവേലിക്കര തഴക്കരയില്‍ ആര്‍എസ്എസുകാര്‍ ബലപ്രയോഗത്തിലൂടെ അടപ്പിച്ച ബീഫ് വില്‍പന കേന്ദ്രം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇടപെട്ട് തുറപ്പിച്ചു. പുതുവര്‍ഷത്തലേന്നാണ് സംഭവം. കച്ചവടം നടത്തുപന്നതിനിടെ സ്ഥലത്തെത്തിയ ആര്‍എസ്എസ് പ്രവത്തകര്‍ ഭീഷണിപ്പെടുത്തി കട അടപ്പിക്കുകയായിരുന്നു. കല്ലുമല മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന കട വഴുവാടി സ്വദേശി ജോയിയുടേതാണ്. പിന്നീട് വെള്ളിയാഴ്ച രാവിലെ കൂട്ടമായെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സംരക്ഷണയില്‍ കട തുറപ്പിക്കുകയായിരുന്നു.
വര്‍ഗീയ ധ്രുവീകരണത്തിനായി ആര്‍എസ്എസ് നടത്തുന്ന ശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്ന് ഡിവൈഎഫ്‌ഐ മാവേലിക്കര ഏരിയ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സിപിഐഎംആര്‍എസ്എസ് രാഷ്ട്രീയമാണ് വിഷയങ്ങള്‍ക്ക് പിന്നിലെന്ന് മാവേലിക്കര എസ്.ഐ. വി.എം.ശ്രീകുമാര്‍ വ്യക്തമാക്കി. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എത്തി കട അടപ്പിച്ചതുമായി ബന്ധപ്പെട്ട് നിലവില്‍ പരാതികളൊന്നും മാവേലിക്കര പൊലീസില്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മാവേലിക്കരയിലെ പ്രധാന കച്ചവട കേന്ദ്രമാണ് കല്ലുമലയിലെ മാര്‍ക്കറ്റ്. നാട്ടുകാരെല്ലാവരും സാധനങ്ങള്‍ വാങ്ങുന്ന ഈ മാര്‍ക്കറ്റില്‍ ഇത്തരമൊരു സംഭവം ആദ്യമായാണ് നടക്കുന്നത്. ബീഫുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടുത്തകാലത്ത് ഉണ്ടായപ്പോഴും, പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന ഇവിടെ ഭീഷണി മുഴക്കിയെത്തി കടയടപ്പിച്ച ആര്‍എസ്എസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.