ലോക്ക് ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തിനുള്ളില്‍ ഭാഗവത പാരായണം നടത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് തൃശൂര്‍ ബ്യൂറോ ചീഫ് ആയ പ്രിയ ഇളവള്ളിമഠത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. തൃശൂര്‍ കുട്ടഞ്ചേരി സ്വദേശിയായ അജിത് ശിവരാമനാണ് അറസ്റ്റിലായത്. പ്രിയ ഇളവള്ളി മഠത്തെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും സോഷ്യൽമീഡിയയിലൂടെ അധിക്ഷേപിച്ചു എന്നുമാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന അജിത്ത് ശിവരാമൻ നാട്ടിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രിയ ഇളവള്ളി മഠം എരുമപ്പെട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

തന്റെയും ഭര്‍ത്താവിന്റെയും ഫോട്ടോ വെച്ച് സോഷ്യൽ മീഡിയയിൽ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യക്തിപരമായി അധിക്ഷേപിക്കുകയും വര്‍ഗീയ പ്രചാരണം നടത്തുകയും ചെയ്യുന്നു എന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്. ഭര്‍ത്താവ് മുസ്ലിം ആയതിനാല്‍ ക്ഷേത്രം തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന രീതിയിലുള്ള ആരോപണമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ തങ്ങൾക്കെതിരെ നടത്തുന്നതെന്നും പ്രിയ ഇളവള്ളി മഠം പറയുന്നു. അറസ്റ്റിലായ അജിത് ശിവരാമന്‍ ഫോണില്‍ വിളിച്ച് മോശമായി സംസാരിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സോഷ്യല്ർമീഡിയയിൽ പോസ്റ്റ് ഇടുകയും ചെയ്തതായി പരാതിയില്‍ പറഞ്ഞിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏപ്രില്‍ എട്ടിനാണ് തൃശൂർ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടുമുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ലോക്ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം നടന്നത്. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബി.ജെ.പി സംസ്ഥാന സമിതി അംഗം ഇ. ചന്ദ്രന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. സംഭവസ്ഥലത്തെത്തിയ പൊലീസിനെ കണ്ട് പകുതിയിലേറെ ആളുകള്‍ ഓടി രക്ഷപ്പെട്ടിരുന്നു. രാവിലെ 7.30 ന് നടന്ന ഭാഗവത പാരായണത്തില്‍ അമ്പതിനടുത്ത് ആളുകള്‍ പങ്കെടുത്തതായാണ് വിവരം.