ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ 2030 ഓടു കൂടി പെട്രോൾ വാഹന നിരോധനം നടപ്പാക്കുന്നതിൽ കമ്പനികൾക്ക് കൂടുതൽ ഇളവുകൾ നൽകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. യുഎസ് താരിഫ് നയത്തെ തുടർന്ന് അടിമുടി തകർച്ചയെ നേരിടുന്ന വാഹന നിർമ്മാണ മേഖലയെ സഹായിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. മുൻ പ്രധാനമന്ത്രി ഋഷി സുനക് പിൻവലിച്ച സമയപരിധി മന്ത്രിമാർ പുനഃസ്ഥാപിച്ചതിന് ശേഷം പുതിയ പെട്രോൾ, ഡീസൽ കാറുകൾ നിർമ്മിക്കുന്നതിനുള്ള നിരോധനം 2030-ൽ പ്രാബല്യത്തിൽ വരും എന്നാണ് നേരെത്തെ റിപ്പോർട്ട് ചെയ്‌തിരുന്നത്‌.

2030 ലെ സമയപരിധിയിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെങ്കിലും തൊഴിൽ സംരക്ഷിക്കുന്നതിനും സൃഷ്ടിക്കുന്നതിനും സ്ഥാപനങ്ങൾ എങ്ങനെ മാറണമെന്ന് നിർദ്ദേശിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്ന് ഞായറാഴ്ച, ഗതാഗത സെക്രട്ടറി ഹെയ്ഡി അലക്സാണ്ടർ പറഞ്ഞു, എന്നാൽ അമേരിക്ക കാറുകൾക്ക് തീരുവ ചുമത്തിയതിനെ തുടർന്നുള്ള അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുന്ന വ്യവസായങ്ങളെ ഉത്തേജിപ്പിക്കാൻ ഈ നടപടികൾ മതിയാകില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു. യുകെ മോട്ടോർ വ്യവസായത്തിൻ്റെ പ്രധാന കയറ്റുമതി വിപണിയായ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് 25% ലെവിയാണ് ഏർപ്പെടുത്തിയിരിക്കുന്നത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുൻ കൺസർവേറ്റീവ് ഗവൺമെൻ്റിൻ്റെ കീഴിൽ പുതിയ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന നിരോധനം 2035 വരെ നീട്ടിയിരുന്നു, എന്നാൽ 2024 ലെ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിൽ ലേബർ 2030 സമയപരിധി പുനഃസ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്തു. കാറുകൾ സ്വകാര്യമായി വാങ്ങുന്നതിനുള്ള ചെലവും ചാർജിംഗ് പോയിൻ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം സമയപരിധി പാലിക്കുന്നതിന് ആവശ്യമായ നിരക്കിൽ ഡ്രൈവർമാർ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നില്ലെന്ന് കാർ വ്യവസായ പ്രമുഖർ മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ഉൽപ്പാദനം ഘട്ടംഘട്ടമായി നിർത്തലാക്കുന്നതിന് കാർ സ്ഥാപനങ്ങൾ ഏർപ്പെടുത്തിയ പിഴ ഒഴിവാക്കുന്നതിന് കമ്പനികളെ സഹായിക്കുന്നതിന് ഇളവ് നൽകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . ഇത് കൂടാതെ ആസ്റ്റൺ മാർട്ടിൻ, മക്ലാരൻ തുടങ്ങിയ യുകെയിലെ ചെറുകിട കമ്പനികൾക്ക് 2030-നപ്പുറവും പെട്രോൾ കാറുകൾ നിർമ്മിക്കാൻ അനുമതിയുണ്ട്. ചില ഹൈബ്രിഡ് വാഹനങ്ങൾക്ക് 2035 വരെ വിപണിയിൽ തുടരാനാകും.


പുതിയ താരിഫ് ഏർപ്പെടുത്തിയതിനെ തുടർന്ന് യുഎസിലേയ്ക്കുള്ള എല്ലാ കയറ്റുമതികളും താത്കാലികമായി നിർത്തുമെന്ന് ജാഗ്വാർ ലാൻഡ് റോവർ പ്രഖ്യാപിച്ചിരുന്നു . താത്കാലികമായാണെങ്കിലും കയറ്റുമതി നിർത്തി വെയ്ക്കുന്നത് കമ്പനിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ കാർ നിർമ്മാതാക്കളായ ടാറ്റാ മോട്ടേഴ്സിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ജാഗ്വാർ ലാൻഡ് റോവർ. യുഎസ് ഏർപ്പെടുത്തിയ താരിഫ് നയത്തെ തുടർന്ന് ആഗോളതലത്തിൽ വൻ തിരിച്ചടി ടാറ്റാ മോട്ടേഴ്സ് നേരിടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓഹരി വിപണിയിലും കമ്പനിയുടെ ഷെയറുകൾ കുത്തനെ ഇടിഞ്ഞിരുന്നു. ഏപ്രിൽ ആദ്യം മുതൽ കാറുകൾക്ക് ഏർപ്പെടുത്തിയ 25 ശതമാനം താരിഫ് അടുത്തമാസം മുതൽ ഓട്ടോ പാർട്സുകളുടെ ഇറക്കുമതിയ്ക്കും ബാധകമാകും. യുഎസിന്റെ പുതിയ വ്യാപാര നയം ലോകമൊട്ടാകെ സാമ്പത്തിക മാന്ദ്യത്തിന് വഴിവെക്കുമെന്ന ആശങ്ക ശക്തമാണ്.