ആരാകും ജഗ്ദീപ് ധന്‍കറിന്റെ പിന്‍ഗാമി?. ഉപരാഷ്ട്രപതി സ്ഥാനത്തുനിന്നുള്ള അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നാലെ രാഷ്ട്രീയകേന്ദ്രങ്ങളില്‍നിന്ന് ഉയരുന്ന ഏകചോദ്യമിതാണ്. അനാരോഗ്യമാണ് രാജിക്ക് കാരണമായി ധന്‍കര്‍ പറയുന്നതെങ്കിലും അത് മാത്രമാണോ ഈ നീക്കത്തിന് പിന്നിലെന്ന തരത്തില്‍ പലവിധ അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശശി തരൂര്‍, ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, ജെഡിയു എംപി ഹരിവംശ് നാരായണ്‍ സിങ്, ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ തുടങ്ങി പല നേതാക്കളുടെയും പേരുകള്‍ ധന്‍കറിന്റെ പിന്‍ഗാമിസ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.
ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നിതീഷ് കുമാര്‍ എത്തും എന്ന് പറയുന്നവര്‍, അവരുടെ വാദത്തിന് ബലം നല്‍കുന്നത് ബിഹാര്‍ തിരഞ്ഞെടുപ്പിനെ ചൂണ്ടിക്കാണിച്ചാണ്. ബിഹാറില്‍ സ്വന്തംപാര്‍ട്ടിയില്‍നിന്ന് മുഖ്യമന്ത്രി വേണമെന്നാണ് ബിജെപിയുടെ ആഗ്രഹം. നിതീഷിനെ പിണക്കിയാല്‍ ബിഹാറില്‍ രാഷ്ട്രീയ തിരിച്ചടിയും ബിജെപി കണക്കുകൂട്ടുന്നു. അതിനാല്‍ ഉപരാഷ്ട്രപതിയായി അദ്ദേഹത്തെ ഉയര്‍ന്ന പദവിയിലേക്ക് നിയോഗിച്ചാല്‍ അത് വോട്ട് രാഷ്ട്രീയത്തിലും പ്രതിഫലിക്കാനിടയുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഇതെന്റെ അവസാന മത്സരമാകുമെന്ന നാടകീയ പ്രഖ്യാപനം നിതീഷ് തരംഗമായി അടിയൊഴുക്ക് സൃഷ്ടിച്ച് ഭരണത്തുടര്‍ച്ചയ്ക്ക് സഹായകമായിരുന്നു. ആത്യന്തികമായി അധികാരക്കസേരയിലേക്ക് ട്രാക്ക് തെറ്റാതെ എല്ലാകാലത്തും കരുക്കള്‍ നീക്കുന്ന നിതീഷ് ഈ ഓഫര്‍ സ്വീകരിക്കുമോ എന്നതും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. അധികാരം കിട്ടിയാല്‍ മുഖ്യമന്ത്രി ബിജെപിയില്‍ നിന്നും ജെഡിയുവിന് ഉപമുഖ്യമന്ത്രിസ്ഥാനം എന്ന വാഗ്ദാനവും മുന്നോട്ടുവച്ചേക്കാം. നിതീഷിന്റെ മകന്‍ നിഷാന്ത്, ബിഹാര്‍ ഉപമുഖ്യമന്ത്രിയായേക്കുമെന്ന് വിലയിരുത്തുന്നവരുമുണ്ട്.
നിതീഷ് പാര്‍ലമെന്ററി രംഗത്ത് തുടരുകയും തിരഞ്ഞെടുപ്പില്‍ സഖ്യത്തെ നയിക്കുകയും ചെയ്താല്‍ നിലവില്‍ രാജ്യസഭയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍ കൂടിയായ ജെഡിയു നേതാവ് ഹരിവംശ് നാരായണ്‍ സിങ്ങ് ഉപരാഷ്ട്രപതി പദത്തിലേക്ക് പരിഗണിക്കപ്പെട്ടേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിതീഷ്‌കുമാറുമായും അടുത്തബന്ധം പുലര്‍ത്തുന്നയാളാണ് ഹരിവംശ് സിങ്.
ധന്‍കറിന്റെ പിന്‍ഗാമി ബിജെപിയില്‍ നിന്നാണെങ്കില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പേരാണ് പറഞ്ഞുകേള്‍ക്കുന്ന മറ്റൊരു സാധ്യത. സാമൂഹികമാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള ചര്‍ച്ചകളും സജീവമാണ്. 2022-ല്‍ ഉപരാഷ്ട്രപതിസ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നു. ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നഡ്ഡ അടക്കം രണ്ട് കേന്ദ്രമന്ത്രിമാരുടെ പേരുകളും അഭ്യൂഹങ്ങളിലുണ്ട്. കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന ശശി തരൂരിന്റെ പേരും ഉപരാഷ്ട്രപതിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ളതായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാഹുല്‍ ശിവശങ്കറിന്റെ എക്സിലെ കുറിപ്പും ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. ഈയടുത്തായി കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള അകല്‍ച്ചയും പല വിഷയങ്ങളിലും ഭരണപക്ഷത്തോടുള്ള തരൂരിന്റെ മമതയും ഈ വഴിക്കുള്ള ചര്‍ച്ചയ്ക്ക് ആക്കംകൂട്ടുന്നുണ്ട്. മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ബിജെപി നേതാവ് മുഫ്താര്‍ അബ്ബാസ് നഖ്വി എന്നീ പേരുകളും അഭ്യൂഹങ്ങളിലുണ്ട്
1951-ല്‍ രാജസ്ഥാനിലെ കിതാനയിലെ ജാട്ട് കര്‍ഷകകുടുംബത്തില്‍ ജനിച്ച ജഗ്ദീപ്, രാജസ്ഥാന്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായിരിക്കേ, ജനതാദളിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. ഹരിയാണയിലെ കര്‍ഷകനേതാവായ ചൗധരി ദേവിലാലിന്റെ സ്വാധീനത്തിലാണ് രാഷ്ട്രീയത്തിലെത്തിയത്. 1989-ല്‍ രാജസ്ഥാനിലെ ജുന്‍ജുനുവില്‍നിന്ന് ആദ്യമായി ലോക്സഭയിലെത്തി. 1990-ലെ ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ പാര്‍ലമെന്ററികാര്യ സഹമന്ത്രിയുമായി. പിന്നീട് ജനതാദള്‍ വിട്ട് കോണ്‍ഗ്രസിലെത്തി. 1991-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ അജ്‌മേറില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കിഷന്‍ഗഢില്‍നിന്ന് ജയിച്ച് പാര്‍ലമെന്റിലെത്തി. 1998-ല്‍ ജുന്‍ജുനുവില്‍ മത്സരിച്ച് തോറ്റു. 2003-ല്‍ ബിജെപിയിലെത്തി. 2019-ല്‍ പശ്ചിമബംഗാള്‍ ഗവര്‍ണറായി നിയമിതനായി. ഇക്കാലത്ത് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ സര്‍ക്കാരുമായുള്ള തുറന്ന പോരാട്ടത്തിലായിരുന്നു. ഇതിനിടെയാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ധന്‍കറിനെ അവതരിപ്പിച്ചത്. 2022-ഓഗസ്റ്റില്‍ മാര്‍ഗരറ്റ് ആല്‍വയെ തോല്‍പ്പിച്ചാണ് ഉപരാഷ്ട്രപതിയായത്.
ഭരണഘടനയുടെ 66-ാം അനുച്ഛേദമനുസരിച്ച്, പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങള്‍ അടങ്ങുന്ന ഇലക്ടറല്‍ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. ഇന്ത്യന്‍ ഭരണഘടന പ്രകാരം ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ഇന്ത്യന്‍ പൗരനായിരിക്കണം. കുറഞ്ഞത് 35 വയസ്സ് പ്രായമുണ്ടായിരിക്കണം. കൂടാതെ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യതയുണ്ടായിരിക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ ഏതെങ്കിലും പദവി വഹിക്കാന്‍ പാടില്ല.ഉപരാഷ്ട്രപതി പാര്‍ലമെന്റിന്റെയോ ഏതെങ്കിലും സംസ്ഥാന നിയമസഭയിലെയോ അംഗമാകാന്‍ പാടില്ല. പാര്‍ലമെന്റ് അംഗമോ സംസ്ഥാന നിയമസഭ അംഗമോ ആയിട്ടുള്ള വ്യക്തി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഉപരാഷ്ട്രപതിയായി സ്ഥാനമേല്‍ക്കുന്ന തീയതിയില്‍ മറ്റു സഭകളിലെ സ്ഥാനം ഒഴിഞ്ഞതായി കണക്കാക്കും.
ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ ചെയര്‍പേഴ്സണ്‍. ഉപരാഷ്ട്രപതി പദവിയില്‍ ഒഴിവ് വന്നാല്‍ ആ ചുമതലകള്‍ ആര് നിര്‍വഹിക്കണമെന്ന് ഭരണഘടനയില്‍ പ്രതിപാദിക്കുന്നില്ല. എന്നാല്‍ രാജ്യസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് ഒഴിവു വന്നാല്‍, ഡെപ്യൂട്ടി ചെയര്‍പേഴ്സണോ അല്ലെങ്കില്‍ രാഷ്ട്രപതി ചുമതലപ്പെടുത്തുന്ന വേറെ ഏതെങ്കിലും രാജ്യസഭാംഗമോ ആകും ചുമതലകള്‍ നിര്‍വഹിക്കുക.
Leave a Reply