കാസർകോട്ടെ രൂപശ്രീ ടീച്ചറുടെ കൊലപാതകം ഉണ്ടാക്കിയ ആഘാതത്തിൽ നിന്നും നാട് മുക്തമായിട്ടില്ല. സഹപ്രവർത്തകനും സുഹൃത്തുമായ വെങ്കിട്ടരമണ നടത്തിയ കൊലപാതകത്തിനു പിന്നിലെ കാരണങ്ങൾ ഞെട്ടിക്കുന്നതാണ്. വെങ്കിട്ടരമണയാണ് അമ്മയുടെ തിരോധാനത്തിനു പിന്നിലെന്ന് രൂപശ്രീ ടീച്ചറുടെ മകനടക്കം സംശയം പ്രകടിപ്പിച്ചപ്പോഴും ഇപ്പോൾ തന്നെ സ്റ്റേഷനിൽ ഹാജരാകാം എന്നു പറ‍ഞ്ഞ വെങ്കിട്ടരമണ എത്താതിരുന്നപ്പോഴുമൊന്നും പൊലീസ് അയാളെ സംശയിച്ചില്ല.
ജനുവരി 16നാണ് സംഭവം നടന്നത്. ഹൈസ്കൂൾ അധ്യാപിക ആയിരുന്ന രൂപശ്രീ ഹാഫ് ഡേ ലീവ് എടുത്താണ് സ്വന്തം സ്കൂട്ടറിൽ സ്കൂളിൽ നിന്നിറങ്ങിയത്. പെട്രോള്‍ പമ്പിന് സമീപം സ്കൂട്ടർ നിർത്തിയതിനു ശേഷം വെങ്കിട്ടരമണയുടെ കാറിലായിരുന്നു യാത്ര. വെങ്കിട്ടരമണയുടെ സഹായി നിരഞ്ജനും ഒപ്പമുണ്ടായിരുന്നു. തന്നെ കുരുതി കൊടുക്കാനായിരുന്നു ആ യാത്രയെന്ന് ടീച്ചർ അറിഞ്ഞിരുന്നില്ല.

ആദ്യശ്രമം രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്താനായിരുന്നു. പക്ഷേ രക്ഷപെട്ടോടിയ രൂപശ്രീയെ പിടികൂടി വെള്ളം നിറച്ച ഡ്രമ്മില്‍ മുക്കി മരണം ഉറപ്പാക്കി. വെള്ളം കുടിച്ചുള്ള മരണം എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഉറപ്പിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. അപ്പോഴേക്കും ഹൊസങ്കടിയില്‍ നിന്ന് വെങ്കിട്ടരമണയുടെ ഭാര്യയുടെ വിളിയെത്തി. വെങ്കിട്ടരമണയും നിരഞ്ജനും ചേര്‍ന്ന് രൂപശ്രീയുടെ മൃതദേഹം കാറിന്‍റെ ഡിക്കിയില്‍ ഒളിപ്പിച്ചു. ശേഷം, അതേ വഴി ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ഭാര്യയെ കൂട്ടാനായി പോയി. വീട്ടിലെത്തി പിന്നീട് പൂജക്കെന്ന് പറഞ്ഞ് മൃതദേഹം നശിപ്പിക്കാന്‍ പ്രതികള്‍ ഇറങ്ങുമ്പോള്‍ സമയം അഞ്ചുമണി. ഇതേസമയം രൂപശ്രീ ടീച്ചറുടെ വീട്ടില്‍ ടീച്ചര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടക്കുകയായിരുന്നു. അഞ്ചുമണികഴിഞ്ഞിട്ടും വീട്ടില്‍ എത്തിതിരുന്നതിനെ തുടര്‍ന്ന് ഫോണില്‍ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. സഹഅധ്യാപകരെ വിളിച്ചപ്പോള്‍ ഉച്ചകഴിഞ്ഞ് അവധിയെടുത്തു എന്ന മറുപടിയിലും ബന്ധുക്കള്‍ക്ക് സംശയം തോന്നി.

രൂപശ്രീ ടീച്ചറുടെ സ്കൂട്ടര്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെ സംശയം ബലപ്പെട്ടു. പരാതി പറയാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ ടീച്ചറുടെ മകന്‍ വെങ്കിട്ടരമണ അറിയാതെ ഒന്നും നടക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു . വെങ്കിട്ടരമണ വീട്ടില്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞ ബന്ധുക്കള്‍ പൊലീസിനെ കൊണ്ട് ഇയാളെ വിളിപ്പിച്ചു. ഉടന്‍ സ്റ്റേഷനിലെത്താമെന്ന് അറിയിച്ച വെങ്കിട്ട രമണ എത്താതിരുന്നിട്ടും പൊലീസുകാര്‍ക്ക് സംശയം തോന്നിയില്ല.

ഇതേസമയം, മംഗലാപുരം ലക്ഷ്യമാക്കി കുതിച്ച പ്രതികളുടെ ലക്ഷ്യം സുരക്ഷിതമായ ഒരു കടല്‍ത്തീരമായിരുന്നു. പക്ഷേ ആസൂത്രണങ്ങളെല്ലാം പാളി. പൊലീസ് സ്റ്റേഷനില്‍ നിന്നും നാട്ടുകാരില്‍ നിന്നും തുടരെ ഫോണ്‍ വിളികള്‍ എത്തിയതോടെ എത്രയും വേഗം മൃതദേഹം ഉപേക്ഷിക്കാനായി പിന്നീട് പ്രതീകളുടെ ശ്രമം.

അങ്ങനെ പ്രതികള്‍ കാറില്‍ രൂപശ്രീ ടീച്ചറുടെ മൃതദേഹവുമായി നേത്രാവതി പുഴയുടെ തീരത്തെത്തി. കാറിന്‍റെ ഡിക്കിയില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് എറിയുന്നത് ആളുകളുടെ ശ്രദ്ധയില്‍പെടുമെന്ന് പ്രതികള്‍ക്ക് മനസിലായി. പിന്നീട് കാറുമായി വീണ്ടും ദേശീയപാതയിലെത്തി. സമയം പത്തുമണി കഴിഞ്ഞു. വെങ്കിട്ടരമണ കാര്‍ പിന്നീട് നേരെ വിട്ടത് മഞ്ചേശ്വരം കടപ്പുറത്തേക്ക്. മഞ്ചേശ്വരം കടപ്പുറത്ത് ആരുമില്ലാതിരുന്ന സ്ഥലം പ്രതികള്‍ കണ്ടെത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാറില്‍ രക്തപ്പാടുകളോ മറ്റ് തെളിവുകളോ ഒന്നുമുണ്ടായിരുന്നില്ല. വീട്ടിലെത്തിയതോടെ നാട്ടുകാരും ബന്ധുക്കളുമെല്ലാം വീട് വളഞ്ഞു. പക്ഷേ പൊലീസിന് മാത്രം വെങ്കിട്ടരമണയെ സംശയം തോന്നിയതേ ഇല്ല. പിന്നീട് സ്റ്റേഷനിലെത്തിച്ച് വെട്ടിങ്കരമണയെ ചോദ്യം ചെയ്തു. എല്ലാചോദ്യങ്ങള്‍ക്കും വെങ്കിട്ടരമണയും നിരഞ്ജനും മറുപടി നല്‍കിയതോടെ ഇരുവരേയും വിട്ടയച്ചു. പുലര്‍ന്നിട്ടും രൂപശ്രീ ടീച്ചര്‍ എവിടെ എന്ന് മാത്രം ബന്ധുക്കള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.

രാവിലെ കുമ്പള കടപ്പുറത്ത് ഒരു സ്ത്രീയുടെ മൃതദേഹം അടിഞ്ഞെന്ന വിവരം പടര്‍ന്നു. പൊലീസ് വിളിച്ചതനുസരിച്ച് വീട്ടുകാര്‍ സ്ഥലത്തെത്തി അത് രൂപശ്രീയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. പൂര്‍ണനഗ്നയായിരുന്നു മൃതദേഹം. അതിക്രൂരമായ മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നതായും ദൃക്സാക്ഷികള്‍ പറയുന്നു. മൃതദേഹത്തിന് മുടി ഉണ്ടായിരുന്നില്ല.
രൂപശ്രീ ടീച്ചറുടെ സഹപ്രവവര്‍ത്തകനാണ് കൊലപാതകിയായ വെങ്കിട്ട രമണ. വര്‍ഷങ്ങളായുള്ള ടീച്ചറുടെ സുഹൃത്ത്. രൂപശ്രീ ടീച്ചര്‍ തന്‍റെ സുഹൃത് വലയത്തില്‍ നിന്ന് പുറത്തുപോകുന്നുവെന്ന ചിന്തയാണ് വെങ്കിട്ടരമണയെ ശത്രുവാക്കിയത്. സ്കൂളിലെ പ്രവര്‍ത്തനങ്ങളുമായി മറ്റ് അധ്യാപകര്‍ക്കൊപ്പം ടീച്ചര്‍ യാത്രചെയ്യുന്നതും വെങ്കിട്ടരമണയ്ക്ക് സഹിച്ചില്ല. അങ്ങനെ അയാള്‍ ആ തീരുമാനമെടുത്തു.

കാസര്‍കോടിന്‍റെ അതിര്‍ത്തി പ്രദേശത്ത് കര്‍ണാടകയുടെ സംസ്കാരവുമായി ബന്ധപ്പെട്ടായിരുന്നു വെങ്കിട്ട രമണയുടെ ജീവിതം. പൂജയും ആചാരങ്ങളും മുറപോലെ നടത്തി വന്ന വെങ്കിട്ട രമണ സ്കൂളിലെ ഡ്രോയിങ് അധ്യാപകനായിരുന്നു. ആറുവര്‍ഷത്തിനുമുകളില്‍ പരിചയമുണ്ട് രൂപശ്രീ ടീച്ചര്‍ക്കും വെങ്കിട്ടരമണയ്ക്കും തമ്മില്‍. ആ സൗഹൃദം അകന്നുപോകുമെന്ന ഭീതി കൊലപാതകത്തിലെത്തി.

ഒരു സ്ത്രീയെ കൊലപ്പെടുത്തിയാല്‍ ഐശ്വര്യവും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകുമെന്ന് വെങ്കിട്ട രമണ വിശ്വസിച്ചിരുന്നു. രൂപശ്രീ ടീച്ചറുടെ കൊലപാതകം വെളിച്ചത്തുവന്നതോടെ കൂടുതല്‍ ആരോപണങ്ങള്‍ക്ക് നടുവിലാണ് ഇയാൾ. പലമരണങ്ങളും അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അരുംകൊലയുടെ കൂടുതൽ കാരണങ്ങള്‍ ഇപ്പോഴും ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്.