ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചാരവൃത്തി ആരോപിച്ച് ആറ് ബ്രിട്ടീഷ് നയതന്ത്രജ്ഞരുടെ അക്രഡിറ്റേഷൻ റദ്ദാക്കി റഷ്യ. റഷ്യയുടെ സുരക്ഷാ സേവനമായ എഫ്എസ്ബി തങ്ങളുടെ പക്കൽ യുകെയ്‌ക്കെതിരെയുള്ള രേഖകൾ ഉണ്ടെന്ന് അവകാശപ്പെട്ടു. അതേസമയം ഈ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞു കൊണ്ട് യുകെ വിദേശകാര്യ ഓഫീസ് ഇത് തള്ളിക്കളഞ്ഞു. യുകെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറുടെ വാഷിംഗ്ടൺ സന്ദർശനത്തിന് പിന്നാലെയാണ് റഷ്യ നടപടി സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹം യുക്രെയിനുമായി ബന്ധപ്പെട്ട ചർച്ചകൾ യുഎസ് പ്രസിഡൻ്റ് ജോ ബൈഡനുമായി ചർച്ച ചെയ്‌തെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
റഷ്യയെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ നടത്താൻ നാറ്റോ രാജ്യങ്ങൾ ഉക്രെയ്നെ അനുവദിച്ചാൽ ഇത് ഗുരുതര കുറ്റകൃത്യമായി കണക്കാക്കുമെന്നും ഇത് യുദ്ധത്തിൽ നേരിട്ടുള്ള പങ്കാളിത്തമാകുമെന്നും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ മുന്നറിയിപ്പ് നൽകി. ഇത്തരം സാഹചര്യത്തിൽ റഷ്യ ഇവർക്കെതിരെ നടപടികൾ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൻെറ ഭാഗമായി നടത്തിയ നിലപാടാണ് ഇതെന്ന് ബ്രിട്ടീഷ് നയതന്ത്രജ്ഞരുടെ അക്രഡിറ്റേഷൻ റഷ്യ റദ്ദാക്കിയതിന് കാരണമായി യുകെ വിദേശകാര്യ ഓഫീസ് പറഞ്ഞത്.
2022 ഫെബ്രുവരിയിൽ റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിനു ശേഷം ഇത്തരം പുറത്താക്കലുകൾ വർദ്ധിച്ചു വരികയാണ്. ചാരവൃത്തി ആരോപിച്ച് ലണ്ടനിൽ നിന്ന് ഒരു റഷ്യൻ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ പുറത്താക്കിയതിനെ തുടർന്ന് ഈ വർഷം ആദ്യം ബ്രിട്ടീഷ് നയതന്ത്രജ്ഞൻ ക്യാപ്റ്റൻ അഡ്രിയാൻ കോഗിൽ റഷ്യയിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. അടുത്തിടെ യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി ഉക്രെയ്‌നിന് 600 മില്യൺ പൗണ്ട് സഹായം പ്രഖ്യാപിച്ചിരുന്നു.
Leave a Reply