ലണ്ടന്‍: നാഷണല്‍ ഗ്രിഡ് പവര്‍ ന്‍ൈ സൈബര്‍ ആക്രമണത്തിലൂടെ തകര്‍ത്ത് റഷ്യ ബ്രിട്ടനെ ഇരുട്ടിലാക്കാന്‍ ശ്രമിച്ചേക്കുമെന്ന് ആശങ്ക. മുന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപാലിനെയും മകളെയും വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുകെ-റഷ്യ ബന്ധം മുമ്പില്ലാത്ത വിധത്തില്‍ കലുഷിതമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ ആശങ്ക ഉയരുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ അവസാനിപ്പിക്കുമെന്ന സൂചന നല്‍കിയ പ്രധാനമന്ത്രി തെരേസ മേയ് റഷ്യയുടെ 23 നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ആണവശക്തികളായ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉടലെടുത്തിരിക്കുന്ന സംഘര്‍ഷത്തില്‍ പ്രത്യക്ഷത്തിലുള്ള ആക്രമണം റഷ്യയുടെ ഭാഗത്തു നിന്നായിരിക്കും ആദ്യമുണ്ടാകുകയെന്നാണ് പ്രതിരോധ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

യുകെ വൈദ്യുതിക്ക് പ്രധാനമായും ആശ്രയിക്കുന്നത് സമുദ്രാന്തര കേബിളായ നാഷണല്‍ ഗ്രിഡിനെയാണ്. റഷ്യന്‍ ഹാക്കര്‍മാര്‍ ഈ സംവിധാനത്തില്‍ ആക്രമണം നടത്തിയാല്‍ രാജ്യം ബ്ലാക്ക് ഔട്ട് ആകുന്ന സാഹചര്യമുണ്ടാകും. സുപ്രധാന മേഖലകളെല്ലാം വൈദ്യുതിയെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ നാഷണല്‍ ഗ്രിഡിലുണ്ടാകുന്ന തകരാറ് ജലവിതരണം, ഇന്ധനം, ബാങ്കിംഗ്, റെയില്‍ ഗതാഗതം തുടങ്ങി ഒട്ടേറെ സംവിധാനങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമാകും. ക്രെംലിന്റെ മൗനസമ്മതത്തോടെ നടക്കാവുന്ന ഹാക്കര്‍മാരുടെ ആക്രമണം ബ്രിട്ടനില്‍ അരാജകത്വം സൃഷ്ടിക്കുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ ബ്രിട്ടീഷ് നടപടിക്ക് അതേ നാണയത്തില്‍ത്തന്നെ റഷ്യ തിരിച്ചടി നല്‍കിയിട്ടുണ്ട്. തന്റെ ഹാക്കര്‍ സേനയെ അഴിച്ചു വിടുന്നതില്‍ മുമ്പും വ്‌ളാഡിമിര്‍ പുടിന് യാതൊരുവിധ മനസ്താപവുമുണ്ടായിട്ടില്ലെന്നാണ് മുന്‍ അനുഭവങ്ങള്‍ തെളിയിക്കുന്നത്. എസ്റ്റോണിയ, ജര്‍മനി, ഫ്രാന്‍സ്, യുക്രൈന്‍ മുതലായ രാജ്യങ്ങള്‍ക്കെതിരെ നേരത്തേ റഷ്യന്‍ സൈബര്‍ ആക്രമണം ഉണ്ടായിട്ടുണ്ട്. ഇവയെല്ലാം ക്രെംലിന്റെ അറിവോടെയായിരുന്നുവെന്നാണ് കരുതുന്നത്.

നാഷണല്‍ പവര്‍ഗ്രിഡില്‍ റഷ്യ ആക്രമണം നടത്താനിടയുണ്ടെന്ന ആശങ്ക ഇതേക്കുറിച്ച് ഡിഫന്‍സ് സെക്രട്ടറി ഗാവിന്‍ വില്യംസണ്‍ മുന്നറിയിപ്പ് നല്‍കി ആഴ്ചകള്‍ക്കുള്ളിലാണ് ഉയരുന്നതെന്നതും ശ്രദ്ധേയമാണ്. ഭൂഖണ്ഡാന്തര പവര്‍ ഗ്രിഡുമായി യുകെയുടെ നാഷണല്‍ പവര്‍ ഗ്രിഡ് ബന്ധിപ്പിച്ചിരിക്കുന്നത് എങ്ങനെയാണെന്ന് റഷ്യ നിരീക്ഷിച്ചു വരികയാണെന്ന് വില്യംസണ്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം കുട്ടികളുടെ കോമിക് ബുക്കിലെ കഥയുമായി വില്യംസണ്‍ രംഗത്തെത്തിയിരിക്കുകയാണെന്ന പരിഹാസമായിരുന്നു ഇതേക്കുറിച്ചുള്ള റഷ്യന്‍ പ്രതികരണം.