ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഭീകര ആക്രമണം നടത്തുന്നതിനായി ലക്ഷ്യം വെച്ച് 8 പേർ അറസ്റ്റിലായ സംഭവം രാജ്യമൊട്ടാകെ വൻ ചർച്ചാ വിഷയമായിരുന്നു. എട്ട് പേരിൽ ഏഴും ഇറാനിയൻ വംശജരാണെന്ന് പോലീസ് സ്ഥിരീകരിച്ചത് സംഭവത്തിന് വൻ വാർത്താപ്രാധാന്യം ആണ് നൽകിയത് . ഹമാസ് ഭീകരർ ഇസ്രയേലിൽ നടത്തിയ പോലുള്ള ഭീകരാക്രമണത്തിനാണ് പിടിയിലായ പ്രതികൾ പദ്ധതി തയ്യാറാക്കിയത് എന്നാണ് സംശയിക്കപ്പെടുന്നത്.
ഇതിനു പിന്നാലെയാണ് കടുത്ത സുരക്ഷാ വീഴ്ചയായി ചൂണ്ടി കാണിക്കപ്പെടുന്ന മറ്റൊരു വാർത്ത പുറത്തുവന്നത്. റഷ്യയ്ക്കുവേണ്ടി ചാരവൃത്തി നടത്തിയതിന് ശിക്ഷിക്കപ്പെട്ട മൂന്ന് ബൾഗേറിയക്കാർ മുമ്പ് വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തതായി ബിബിസി ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി. 2016 മെയ് മാസത്തിൽ ഒരു കമ്മിറ്റി റൂമിൽ ബ്രെക്സിറ്റ് ചർച്ച ചെയ്യുന്നതിനായി നടന്ന ഒരു പരിപാടിയിൽ ഓർലിൻ റൂസേവ്, ബിസർ ഷാംബസോവ്, കാട്രിൻ ഇവാനോവ എന്നിവർ ആണ് പങ്കെടുത്തത് . കുറ്റവാളികൾ എന്ന് വിധിക്കപ്പെട്ട റഷ്യൻ ചാരന്മാർ പാർലമെന്റിൽ നടന്ന ബ്രെക്സിറ്റ് പരിപാടിയിൽ പങ്കെടുത്തത് കനത്ത സുരക്ഷ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
റഷ്യൻ ചാരന്മാർ യുകെയിലുള്ള ഉന്നതല മീറ്റിങ്ങുകളിൽ പങ്കെടുത്ത സംഭവം വൻ രാഷ്ട്രീയ കോളിളക്കത്തിന് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സംഭവം പ്രതിപക്ഷത്തിനെതിരെ ആരോപണം അഴിച്ചുവിടാൻ ഭരണപക്ഷത്തിന് കിട്ടിയ അവസരമാണ്. കാരണം ആ സമയത്ത് കൺസർവേറ്റീവ് പാർട്ടിയായിരുന്നു അധികാരത്തിൽ ഇരുന്നത് . വരും ദിവസങ്ങളിൽ രാജ്യ സുരക്ഷയെ ബാധിക്കുന്ന സംഭവമായി ഇത് വ്യാഖ്യാനിക്കപ്പെടും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
Leave a Reply