ചണ്ഡീഗഢ്: റയാന്‍ സ്‌കൂള്‍ വിദ്യാര്‍ഥി പ്രദ്യുമന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് ഹരിയാന പോലീസ്. കൊലപാതക കേസ് തെളിഞ്ഞതിനു പിന്നാലെ കഴിഞ്ഞ ദിവസം ഗുരുഗ്രാം പോലീസ് കമ്മീഷണര്‍ സന്ദീപ് കിര്‍വാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് അന്വേഷണത്തില്‍ പാളിച്ച പറ്റിയതായി അന്വേഷണ സംഘം സമ്മതിച്ചത്. സ്‌കൂളില്‍ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചില്ലെന്നും അന്വേഷണ സംഘം കമ്മീഷണറെ അറിയിച്ചു.
സ്‌കൂളില്‍ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളുടെ ആദ്യത്തെ എട്ട് സെക്കന്റില്‍ അശോക് കുമാര്‍ പ്രദ്യുമനെ സ്‌കൂള്‍ ശൗചാലയത്തിലേക്ക് വിളിച്ചു കൊണ്ടുപോവുന്നത് വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലനടത്തിയത് ഇയാളെന്ന് റിപ്പോര്‍ട്ട് നല്‍കിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. ഈ ദൃശ്യങ്ങളില്‍ അശോക് കുമാറിന്റെ ദൃശ്യങ്ങള്‍ക്കു പുറമേപ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ദൃശ്യങ്ങളും പതിഞ്ഞിരുന്നു. എന്നാല്‍ പോലീസ് വിദ്യാര്‍ഥിയെ വിശദമായി ചോദ്യം ചെയ്യാതെ ബസ് കണ്ടക്ടറായ അശോക് കുമാറിനെ കൊലപാതകിയായി ചിത്രീകരിക്കുകയായിരുന്നുവെന്നാണ് സിബിഐ കണ്ടെത്തിയത്.
പ്രദ്യുമന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരം കഴിഞ്ഞ ദിവസമാണ് കേസന്വേഷണം ഏറ്റെടുത്ത സിബിഐ പുറത്തുവിട്ടത്. പോലീസ് കണ്ടെത്തിയതു പോലെ സ്‌കൂള്‍ ബസ് കണ്ടക്ടറായ അശോക് കുമാറല്ല യഥാര്‍ഥ കൊലപാതകിയെന്നും റയാന്‍ സ്‌കൂളിലെ തന്നെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് കൊല നടത്തിയതെന്നും സിബിഐ കണ്ടെത്തി. സാഹചര്യ തെളിവുകളുടെ പശ്ചാത്തലത്തില്‍ അശോക് കുമാറിനെ കുറ്റക്കാരനായി ചിത്രീകരിച്ച് കേസ് വേഗം ഒതുക്കി തീര്‍ക്കാനായിരുന്നു പോലീസ് ശ്രമിച്ചതെന്നും സിബിഐ കണ്ടെത്തി.
സ്‌കൂള്‍ ബസ് കണ്ടക്ടറായ അശോക് കുമാറാണ് കൊലപാതകത്തിന് പിന്നിലെന്ന് സ്ഥാപിക്കാനായി പോലീസ് തെളിവുകള്‍ കെട്ടിച്ചമച്ചെന്ന ആരോപണവും സിബിഐ പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് കൊലപാതകിയെ സംബന്ധിച്ച വിവരം പുറത്തുവിട്ടത്. കേസില്‍ സ്‌കൂളിലെപതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്യുകയും കൃത്യത്തില്‍ ബസ് കണ്ടക്ടറായ അശോക് കുമാറിന് പങ്കില്ലെന്നും സിബിഐ തെളിയിച്ചു. സ്‌കൂളിലെ പരീക്ഷ വൈകിപ്പിക്കുന്നതിനാണ് കൊല നടത്തിയതെന്ന് അറസ്റ്റിലായ വിദ്യാര്‍ഥി മൊഴി നല്‍കിയിട്ടുണ്ട്.അറസ്റ്റിലായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഫരീദാബാദിലെ ജുവൈനല്‍ നിരീക്ഷണ കേന്ദ്രത്തിലാണുള്ളത്.
കേസ് അന്വേഷണത്തിലുണ്ടായ പാളിച്ചയുടെ പശ്ചാത്തലത്തില്‍ അന്വേഷണ സംഘത്തെ പോലീസ് കമ്മീഷണര്‍ താക്കീത് ചെയ്തു. അന്വേഷണം അട്ടിമറിക്കപ്പെട്ടത് ഏത് സാഹചര്യത്തിലാണെന്നത് സംബന്ധിച്ചും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ഉദ്യോഗസ്ഥരെ കുറിച്ചും റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Leave a Reply