ലണ്ടന്‍: തുടര്‍ച്ചയായുള്ള സര്‍വീസ് റദ്ദാക്കല്‍ മൂലം പ്രതിസന്ധിയിലായ റയന്‍എയറിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മൈക്കിള്‍ ഹിക്കി രാജിവെച്ചു. പൈലറ്റുമാരുടെ വിന്യാസത്തില്‍ ഉണ്ടായ പിഴവു മൂലം 20,000 സര്‍വീസുകള്‍ റദ്ദാക്കിയതോടെയാണ് ഹിക്കി സ്ഥാനം രാജിവെക്കുന്നത്. ഈ മാസം അവസാനം ഹിക്കി സ്ഥാനമൊഴിയുമെന്ന് കമ്പനി അറിയിച്ചു. 7 ലക്ഷത്തോളം യാത്രക്കാര്‍ക്കാണ് തുടര്‍ച്ചയായി വിമാനങ്ങള്‍ റദ്ദാക്കിയതോടെ ബുദ്ധിമുട്ട് ഉണ്ടായത്. വിദേശങ്ങളില്‍ ഹോളിഡേയ്ക്ക് പോയവരുള്‍പ്പെടെ ദിവസങ്ങളോളം മടങ്ങാനാകാതെ കുടുങ്ങുകയും ചെയ്തു.
അടുത്ത വര്‍ഷം മാര്‍ച്ച് വരെയെങ്കിലും പ്രതിസന്ധി നീളുമെന്നാണ് കരുതുന്നത്. 30 വര്‍ഷത്തോളം റയന്‍എയറില്‍ പ്രവര്‍ത്തിച്ച ഹിക്കി ഉപദേശകനായി തുടരുമെന്ന് റയന്‍എയര്‍ തലവന്‍ മൈക്കിള്‍ ഒ ലീറി പറഞ്ഞു. ഷെഡ്യൂളിംഗ് പ്രതിസന്ധിയില്‍പ്പെട്ട കമ്പനിയില്‍ നിന്ന് പുറത്താകുന്ന ആദ്യത്തെ മുതിര്‍ന്ന എക്‌സിക്യൂട്ടീവ് ആണ് ഹിക്കി. സെപ്റ്റംബറില്‍ ദിവസം 50 സര്‍വീസുകള്‍ വരെ റദ്ദാക്കേണ്ടി വന്നതിനാല്‍ കമ്പനി കടുത്ത വിമര്‍ശനങ്ങളാണ് നേരിടുന്നത്. പിന്നീട് മാസാവസാനം വരെ 18,000 സര്‍വീസുകളും റദ്ദാക്കിയിരുന്നു.
പിന്നീട് സര്‍വീസുകള്‍ റദ്ദാക്കുന്നത് സ്ഥിരം സംഭവമാകുകയും സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഇടപെടുകയും ചെയ്തിരുന്നു. കമ്പനി തലവന്റെ ധാര്‍ഷ്ട്യം നിറഞ്ഞ വാര്‍ത്താ സമ്മേളനത്തില്‍ യാത്രക്കാര്‍ക്ക് മറ്റു വിമാനങ്ങളില്‍ ടിക്കറ്റ് നല്‍കാനാകില്ലെന്ന് പറഞ്ഞത് അതോറിറ്റിയെ ചൊടിപ്പിച്ചു. നിയമനടപടികള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും സിഎഎ നല്‍കിയിരുന്നു.
Leave a Reply