ന്യൂസ് ഡെസ്ക്, മലയാളം യുകെ
കേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള സ്ഥലമാണ് കോട്ടയം പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന മധ്യ തിരുവിതാംകൂർ. യുകെയിലും ഗൾഫ് രാജ്യങ്ങളിലും ഉൾപ്പെടെ ജോലിചെയ്യുന്ന പ്രവാസി മലയാളികളുടെ വീടിനടുത്തുള്ള എയർപോർട്ട് എന്ന സ്വപ്നത്തിന് വീണ്ടും ചിറക് മുളയ്ക്കുകയാണ്. ശബരി എയർപോർട്ടിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചു.
നിലവിൽ കൊച്ചി അല്ലെങ്കിൽ തിരുവനന്തപുരം എയർപോർട്ടുകളാണ് മധ്യ തിരുവതാംകൂറിലെ പ്രവാസികൾ യാത്രയ്ക്കായി ഉപയോഗിക്കുന്നത്. ഈ എയർപോർട്ടിൽ എത്താൻ 3 മുതൽ ചിലപ്പോൾ 4 മണിക്കൂറിലധികമാകുന്ന യാത്രാദുരിതം നേരത്തെ മലയാളം യുകെ വാർത്തയാക്കിയിരുന്നു. ട്രാഫിക് ബ്ലോക്ക് കാരണം സമയത്ത് എയർപോർട്ടിൽ എത്താനാകാതെ യാത്ര മുടങ്ങിയ അവസരങ്ങൾ നിരവധിയാണ്.പെരുമ്പാവൂരിനും കൊച്ചി എയർപോർട്ടിനും ഇടയിലുള്ള കാലടി പാലം കൊച്ചി എയർപോർട്ടിനെ ആശ്രയിക്കുന്ന മധ്യതിരുവിതാംകൂറുകാരുടെ പേടിസ്വപ്നമാണ്.
രാജ്യത്ത് പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ സ്ഥാപിക്കുന്നതിനുള്ള ഗ്രീൻഫീൽഡ് വിമാനത്താവള നയം (ജി എഫ് എ) 2008 – ലാണ് കേന്ദ്രസർക്കാർ രൂപീകരിച്ചത്. ഇതിൻറെ ഭാഗമായി രാജ്യത്ത് ഉടനീളം 21 ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ സ്ഥാപിക്കുന്നതിന് നേരത്തെ സർക്കാർ അനുമതി നൽകിയിരുന്നു. പുതിയതായി 9 വിമാനത്താവളങ്ങൾക്ക് കൂടിയാണ് സൈറ്റ് ക്ലിയറൻസ് കൊടുത്തത്. രാജസ്ഥാനിലെ അൽവാർ, മധ്യപ്രദേശിലെ സിങ്‌ഗ്രൗളി, ഹിമാചൽ പ്രദേശിലെ മാണ്ഡി, കേരളത്തിലെ കോട്ടയം, ഒഡീഷയിലെ പുരി, അസമിലെ ഡോലൂ, തമിഴ്‌നാട്ടിലെ പരന്തൂർ, രാജസ്ഥാനിലെ കോട്ട, കർണാടകയിലെ റായ്ച്ചൂർ എന്നിവയാണ് പുതിയതായി സൈറ്റ് ക്ലിയറൻസ് ലഭിച്ച വിമാനത്താവളങ്ങൾ.
Leave a Reply