ജോജി തോമസ്
മതിലുകളും അതിരുകളുമില്ലാത്ത ഒരു സ്ത്രീലോകത്തിന്റെ പുലരി എന്നു കാണാന്‍ സാധിക്കുമെന്ന ആശങ്കയിലാണ് ഭാരതത്തിലെ, പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീസമൂഹത്തെ വര്‍ത്തമാന വിഷയങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നത്. സ്ത്രീകള്‍ ബാല്യകാലത്ത് പിതാവിന്റെയും യൗവനകാലത്ത് ഭര്‍ത്താവിന്റെയും വാര്‍ദ്ധക്യകാലത്ത് പുത്രന്റെയും സംരക്ഷണത്തില്‍ കഴിയേണ്ടവളാണെന്ന് മനുസ്മൃതിയില്‍ പറയുന്നതിനെ സങ്കുചിതമായ കാഴ്ചപ്പാടില്‍ കണ്ട് സ്ത്രീകള്‍ പുരുഷന് അടിമപ്പെട്ടും മതിലുകള്‍ക്കുള്ളില്‍ കഴിയേണ്ടവളാണെന്നുമുള്ള ചിന്താഗതി വളര്‍ത്തി ഭാരത സംസ്‌കാരത്തെ വികലപ്പെടുത്തിയവര്‍ക്ക് സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ പ്രബുദ്ധരെന്ന് അഹങ്കരിക്കുന്ന മലയാളി സമൂഹത്തിന് ആധുനിക യുഗത്തിലുള്ള സ്വാധീനമാണ് അടുത്തിടെയുണ്ടായ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. കാലങ്ങളായി സമൂഹത്തിന്റെ വിവിധ ഇടങ്ങളില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യം തകരുമോ എന്ന ചിന്തയില്‍ നിന്ന് വിളറിപൂണ്ട യാഥാസ്ഥിതിക വര്‍ഗ്ഗം നാടെങ്ങും കലാപത്തിന് തിരികൊളുത്തിയപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട് അക്രമങ്ങളുടെയും അരാജകത്വത്തിന്റെയും പേരില്‍ ലോകമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു.
സ്ത്രീ ശാക്തീകരണത്തിനും ലിംഗ സമത്വത്തിനുമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കോടിക്കണക്കിന് രൂപ ചിലവിടുമ്പോഴാണ് കേന്ദ്രഭരണം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടി തന്നെ സ്ത്രീവിരുദ്ധ നിലപാടുകളുമായി നാട്ടില്‍ അരാജകത്വം സൃഷ്ടിച്ചത്. അടുത്തകാലത്ത് ലോകത്തിലെ 144 രാജ്യങ്ങളില്‍ സ്ത്രീ പുരുഷ സമത്വം സംബന്ധിച്ച് നടന്ന ഒരു പഠനത്തില്‍ ഇന്ത്യക്ക് 87-ാം സ്ഥാനം മാത്രമാണ് ലഭിച്ചതെന്നത് ലോകശക്തിയാകാന്‍ കുതിക്കുന്ന ഇന്ത്യയുടെ ഭരണത്തലവന്‍മാരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്.
ശബരിമലയിലെ സ്ത്രീപ്രവേശനം ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ടതാണെന്ന വസ്തുത നിലനില്‍ക്കുമ്പോള്‍ തന്നെ നമ്മുടെ സമൂഹത്തിന്റെ പല പഴയകാല ആചാരങ്ങളും ഇന്ന് അനാചാരമാണെന്നത് മറന്നുകൂടാ. ഇതിലുപരിയായി സുപ്രീംകോടതി വിധിക്കെതിരെ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി തന്നെ കലാപവുമായി രംഗത്തു വന്നപ്പോഴും പ്രധാന പ്രചാരണ വിഷയമാക്കിയപ്പോഴും ഇന്ത്യയിലും കേരളത്തിലും സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന മറ്റു വിഷയങ്ങളൊന്നും രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് ഉയര്‍ത്തിക്കൊണ്ടു വരാനില്ലേയെന്ന് പൊതുജനം കരുതിയാല്‍ അതില്‍ തെറ്റുപറയാന്‍ സാധിക്കില്ല. ഇന്ന് സ്ത്രീശാക്തീകരണത്തിനായി വനിതാ മതിലുയര്‍ത്തിയ ഇടതുപക്ഷമാണ് സമീപകാലത്ത് കേരളം കണ്ടെ പ്രധാന വനിതാ മുന്നേറ്റമായ മുല്ലപ്പൂ വിപ്ലവത്തെ അടിച്ചമര്‍ത്താന്‍ നേതൃത്വം നല്‍കിയതെന്നത് തികച്ചും വിരോധാഭാസമാണ്. പാരമ്പര്യം കൊണ്ട് അഹങ്കരിക്കുന്ന ദേശീയ കക്ഷിയായ കോണ്‍ഗ്രസിന്റെതാവട്ടെ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആണുംപെണ്ണും കെട്ട നിലപാടായിപ്പോയി. അയിത്താചാരത്തിന്റെയും പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേത്ര പ്രവേശനത്തിനുമായി ഏറ്റവുമധികം ശബ്ദമുയര്‍ത്തിയ മഹാത്മാഗാന്ധിയുടെ അനുയായികാളാണെന്ന് അവകാശപ്പെടുന്നവരാണ് ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിഷയങ്ങളില്‍ യഥാസ്ഥിതിക ശക്തികളുടെ വാലായി മാറിയത്.
ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസത്തിന്റെ ഭാഗമാണ്. പക്ഷേ സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന വിഭാഗത്തോട് നീതി പുലര്‍ത്താത്ത ആചാരങ്ങള്‍ മാറുക തന്നെ വേണം. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി ഒരിക്കല്‍ പറഞ്ഞിരുന്നു ‘ശക്തി വരുന്നത് ശരീരബലത്തില്‍ നിന്നല്ല, ദൃഢനിശ്ചയത്തില്‍ നിന്നാണെന്ന്’. ഭാരതത്തിലെയും കേരളത്തിലെയും സ്ത്രീജനങ്ങളുടെ ദൃഢനിശ്ചയത്തിനു മുന്നില്‍ പല ആചാരങ്ങളും വഴിമാറുന്ന കാലം വിദൂരമല്ല.
ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
Leave a Reply