കോട്ടയം: ശബരിമല തീർഥാടക വാഹനം പൊലീസ് ബസിലിടിച്ച് 9 തീർത്ഥാടകർക്ക് പരിക്കേറ്റു. പരിക്കേറ്റവരുവായി എത്തിയ ആംബുലൻസ് ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു.
ഞായറാഴ്ച പകൽ പതിനൊന്നോടെ പാലാ- രാമപുരം റോഡിൽ ചക്കാമ്പുഴയിലാണ് ആന്ധ്രയില്‍ നിന്നുളള തീർത്ഥാടക വാഹനവും പാലായിൽ നിന്ന് രാമപുരത്തേക്ക് പോയ പൊലീസ് ബസും കൂട്ടിയിടിച്ചത്. ആന്ധ്ര സ്വദേശികളായ ഒൻപത് തീർഥാടകർക്ക് പരിക്കേറ്റു. ഇവരിൽ ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുത്രിയിലും മറ്റുള്ളവരെ പാലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വാഹനാപകടത്തിൽ പരിക്കേറ്റ ശബരിമല തീർഥാടകരുമായി എത്തിയ ആംബുലൻസ് ഇടിച്ചാണ് ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചത്. പാലായിൽ ബജി കച്ചവടം നടത്തി വന്ന തമിഴ്നാട് സ്വദേശി പാലാ അളനാട്ടിൽ താമസിക്കുന്ന ശേഖരനാണ് (65) മരിച്ചത്.


അന്യസംസ്ഥാനത്ത് നിന്നും വരുന്ന തീര്‍ത്ഥാടകര്‍ ഗൂഗിൾ റൂട്ട് മാപ്പ് നോക്കി യാത്ര ചെയ്യുന്നതാണ് അപകടത്തിന് കാരണം. രാമപുരം – പാലാ റൂട്ടിൽ ചക്കാമ്പുഴ ജംഗ്ഷനിലെ അപകടം ഗൂഗിൾ നോക്കി മെയിൻ റോഡിൽ പ്രവേശിച്ച സമയത്താണുണ്ടായത്. ഗൂഗിളിൽ ചക്കാമ്പുഴ നിന്ന് രാമപുരം ടൗണിൽ പ്രവേശിക്കാതെ ചെയ്യാതെ പുൽപറമുക്ക് വഴി രാമപുരം റൂട്ട് കാണിക്കുന്നതിനാൽ നെറ്റ് നോക്കി വരുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ചക്കാമ്പുഴ ഭാഗത്ത് പ്രധാന റോഡിൽ പ്രവേശിക്കുന്ന ഭാഗം കുത്തനെയുള്ള കയറ്റത്തോട് കൂടിയ റോഡാണ്. ഇതറിയാതെ എത്തുന്ന ഭാരവാഹനങ്ങൾ ഉൾപ്പെടെ ഈ വഴിയിൽ അപകടപ്പെടുന്നത് പതിവാണ്. ചക്കാമ്പുഴ ജംഗ്ഷനിൽ ചേരുന്നിടത്ത് ഹംപും മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചാൽ ഒരു പരിധി വരെ അപകടം ഒഴിവാക്കാമെന്ന് നാട്ടുകാർ പറയുന്നു.