തൃപ്തി ദേശായിയുടെ വരവിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബിജെപി-ആർഎസ്എസ് ബന്ധമുള്ളയാളാണ് തൃപ്തി ദേശായി. ബിജെപിക്കും ആർഎസ്എസ്സിനും സ്വാധീനമുള്ള പൂനെയിൽ നിന്നാണ് ഇവരെത്തിയതെന്നും അദ്ദേഹം പറഞ്ഞു. യാത്രയ്ക്ക് കൃത്യമായ അജണ്ടയും തിരക്കഥയുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ ആക്ടിവിസ്റ്റായ ബിന്ദു അമ്മിണിക്കൊപ്പമാണ് തൃപ്തി ദേശായി എത്തിയതെന്നതെ ശ്രദ്ധേയമാണ്. ഒരു ചാനലിനെ മാത്രമാണ് തൃപ്തി ദേശായി തങ്ങളുടെ വരവിനെക്കുറിച്ച് അറിയിച്ചതെന്ന് മന്ത്രി പറഞ്ഞു. തീർത്ഥാടനം അലങ്കോലപ്പെടുത്താനുള്ള മനപ്പൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൃപ്തി ദേശായി വരുന്ന വിവരം പ്രക്ഷോഭകാരികൾ നേരത്തെ തന്നെ അറിഞ്ഞിരുന്നുവെന്ന് കടകംപള്ളി ചൂണ്ടിക്കാട്ടി. കോട്ടയം വഴി ശബരിമലയിലേക്ക് ഇവർ പോകുമെന്നാണ് ആദ്യം മാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞത്. എന്നാൽ തൃപ്തി ദേശായി തന്റെ തീരുമാനം മാറ്റി കമ്മീഷണർ ഓഫീസിലേക്ക് പോകുകയായിരുന്നു. ഇത് അറിഞ്ഞ ഒരു സംഘമാളുകൾ കമ്മീഷണർ ഓഫീസിന്റെ മുൻവശത്ത് കാത്തു നിന്നിരുന്നു. എങ്ങനെയാണ് ഇവർ തൃപ്തിയുടെ തീരുമാനം അറിഞ്ഞതെന്ന് മന്ത്രി ചോദിച്ചു.
ശബരിമലയിൽ അസ്വസ്ഥത സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്. ബിജെപിയുടെ പ്രമുഖ നേതാവിന്റെ നേതൃത്വത്തിലാണ് സ്ത്രീയുടെ നേര്‍ക്ക് മുളക് സ്പ്രേ നടത്തിയത്. മറ്റു മാധ്യമങ്ങളൊന്നും തൃപ്തി വരുന്നതറിയാതെ അക്കാര്യം ഒരു ചാനലുമാത്രം അറിഞ്ഞതില്‍ ഗൂഢാലോചനയുണ്ടെന്നും മന്ത്രി ആവര്‍ത്തിച്ചു.
അതെസമയം തൃപ്തിയോടും സംഘത്തോടും മടങ്ങിപ്പോകാൻ പൊലീസ് ആവശ്യപ്പെട്ടു. സുരക്ഷ നൽകാനാകില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിയില്‍ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാലാണ് ഈ നിലപാട്. കോടതിയുട മുൻ വിധിക്കുള്ള സ്റ്റേ നീക്കം ചെയ്തുവോ അതോ നിലനിൽക്കുന്നുണ്ടെയെന്ന കാര്യത്തിൽ നിയമവിദഗ്ധർ രണ്ടു തട്ടിലാണ്. എന്നാൽ സുപ്രീംകോടതി നേരത്തെ നൽകിയ വിധിക്ക് സ്റ്റേയില്ലെന്നാണ് തൃപ്തി ദേശായി അവകാശപ്പെടുന്നത്.
തൃപ്തി ദേശായിക്കൊപ്പം ഭൂമാതാ ബ്രിഗേഡിലെ നാലുപേരും സംഘത്തിലുണ്ട്.
തൃപ്തി ദേശായി ആർഎസ്എസ് അജണ്ടയുള്ളയാളാണെന്ന് സർക്കാർ നേരത്തെയും നിലപാടെടുത്തിരുന്നു. കഴിഞ്ഞ ശബരിമല തീർത്ഥാടനക്കാലത്ത് മന്ത്രി വിഎസ് സുനിൽകുമാർ തൃപ്തി ദേശായിയെ ‘ആർഎസ്എസ് ആക്ടിവിസ്റ്റ്’ എന്നാണ് വിശേഷിപ്പിച്ചത്.”
Leave a Reply