കഴിഞ്ഞ ദിവസം മരണമടഞ്ഞ ബെല്‍ഫാസ്റ്റിലെ മലയാളിയായ സാബുവിന്റെ സംസ്‌കാരം വ്യാഴാഴ്ച ബെല്‍ഫാസ്റ്റില്‍ നടക്കും. ഒരു പതിറ്റാണ്ടോളം ജീവിച്ച് മലയാളികള്‍ക്ക് മുഴുവന്‍ പ്രിയപ്പെട്ടവനായി തീര്‍ന്ന സാബു ഭാര്യയും മക്കളും കഴിയുന്ന നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മണ്ണില്‍ തന്നെ അന്തിമ വിശ്രമത്തിനുള്ള തീരമാനം നേരത്തെ തന്നെ എടുത്തിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ ഇന്നും നാളെയുമായി എത്തിചേരുമെന്ന് ഉറപ്പായതോടെ മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച സംസ്‌കാരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. രാവിലെ 11 മണിക്ക് ബെല്‍ഫാസ്റ്റിലെ സ്വവസതിയില്‍ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ഗ്ലെന്‍ഗോര്‍മലി സെന്റ് ബെര്‍ണാട്സ് ചര്‍ച്ചില്‍ വച്ച് സംസ്‌കാരം നടക്കുന്നതുമാണ്.
സാബുവിന്റെ കുടുംബ സുഹൃത്തും ബന്ധുവും നാട്ടില്‍ ഒരേ ഇടവകാംഗവും (ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ച്, സംക്രാന്തി) നോര്‍ത്തേന്‍ അയര്‍ലന്റ് ആര്‍മ കത്തിഡ്രലിലെ അസി. വികാരിയുമായ റവ. ഫാ: ബിജു മാളിയേക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതാണ്. വ്യാഴാഴ്ച രാവിലെ നടക്കുന്ന വി. കുര്‍ബ്ബാനയിലും മറ്റു ചടങ്ങുകളിലും മോണ്‍സിഞ്ഞോര്‍ റവ. ഫാ: ആന്റണി പെരുമായന്‍, റവ. ഫാ: ജോസഫ് കറുകയില്‍ റവ. ഫാ: പോള്‍ മോറെയില്‍ തുടങ്ങിയ വൈദികരും കാര്‍മികത്വം വഹിക്കും. നാളെ വൈകുന്നേരം സ്വവസതിയില്‍ കൊണ്ടുവരുന്ന മൃതദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സാബുവിന്റെ ബന്ധുക്കള്‍ അറിയിച്ചു.
ഡയബെറ്റിക് രോഗത്തെ തുടര്‍ന്ന് മരണത്തെ പ്രതീക്ഷിച്ച് കഴിയുകയായിരുന്നു ഏതാനും മാസങ്ങളായി സാബു. താന്‍ മരിച്ചാല്‍ വയ്‌ക്കേണ്ട പുഷ്പങ്ങളെ കുറിച്ചും പാടേണ്ട പാട്ടുകളെ കുറിച്ചും വരെ സാബു ഭാര്യയെ പറഞ്ഞ് ഏല്‍പിച്ചിരുന്നു. രോഗം ഇടയ്ക്ക് ഭേദമായതായി തോന്നിയപ്പോഴും ജീവിതത്തെ ശാന്തമായി നേരിടാന്‍ സാബു ഏറെ ശ്രദ്ധിച്ചിരുന്നു.
കഴിഞ്ഞ ഒരു മാസമായി ബെല്‍ഫാസ്റ്റ് റോയല്‍ വിക്ടോറിയ ആശുപത്രിയില്‍ സാബു ചികിത്സയിലായിരുന്നു സാബു മരണത്തിന് ഒരാഴ്ച മുമ്പാണ് ആശുപത്രി അധികൃതരുടെ അനുവാദത്തോടെ വീട്ടിലേക്ക് വന്നത്. എന്നാല്‍ രോഗം മൂര്‍ച്ഛിക്കുകയും തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയും ആയിരുന്നു. അസുഖം കിഡ്‌നിയേയും കരളിനേയും ബാധിച്ചു രോഗം മൂര്‍ച്ഛിച്ചതോടെയാണ് സാബു മരണത്തിന് കീഴടങ്ങിയത്.
മസ്‌കറ്റില്‍ നിന്നും 10 വര്‍ഷം മുന്‍പാണ് സാബു യുകെയിലെത്തിയത്. ആദ്യം യുകെയിലെ ലിങ്കണ്‍ഷെയറിലായിരുന്ന സാബുവും കുടുംബവും പിന്നീട് ഭാര്യയുടെ ജോലിയുടെ സൗകര്യാര്‍ത്ഥം ബെല്‍ഫാസ്റ്റിലേക്ക് താമസം മാറുകയായിരുന്നു. കഴിഞ്ഞ ഏഴുവര്‍ഷമായി ബെല്‍ഫാസ്റ്റിലാണ് താമസം. കോട്ടയം പൈനാമൂട്ടില്‍ എച്ച്എസ് മൗണ്ട് സ്വദേശിനിയായ ദീപയാണ് ഭാര്യ. ജിസിഎസ്ഇ സെക്കന്റ് ഇയറിന് പഠിക്കുന്ന അലന്‍ ഏക മകനാണ്.
സാബുവിന്റെ വീടിന്‍റെയും പള്ളിയുടെയും അഡ്രസ്സ് ചുവടെ ചേര്‍ക്കുന്നു
Residence:
7 Elmfield Crescent,
Glengormley BT36 6EB
Church
St. Bernards Church,
Glengormley BT36 6HF
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജയിംസ് : 07882639702
ടോമി : 07846255468