ന്യൂഡല്‍ഹി: രാജ്യസഭയില്‍ ബഹളത്തെ തുടര്‍ന്ന് സംസാരിക്കാനാകാതിരുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒടുവില്‍ സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളുമായി സംവദിച്ചു. നാലു വര്‍ഷത്തിന് ശേഷം ആദ്യമായാണ് സച്ചിന്‍ രാജ്യസഭയില്‍ സംസാരിക്കാനൊരുങ്ങിയിരുന്നത്. കുട്ടികളുടെ കളിക്കാനുള്ള അവകാശവും ഇന്ത്യയിലെ കായികമേഖലയുടെ ഭാവിയും എന്ന വിഷയത്തിലായിരുന്നു സച്ചിന്‍ സംസാരിക്കാനിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് എം.പിമാരുടെ ബഹളത്തെ തുടര്‍ന്ന് സച്ചിന് അതിനുള്ള അവസരം ലഭിച്ചില്ല. തുടര്‍ന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ വരികയായിരുന്നു.
ഇന്നലെ രാജ്യസഭയില്‍ ഇതായിരുന്നു എനിക്ക് പറയാനുണ്ടായിരുന്നത് എന്ന ആമുഖത്തോടെയാണ് സച്ചിന്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടത്. കായികക്ഷമതയും ആരോഗ്യമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കേണ്ട ആവശ്യകതയെ കുറിച്ചാണ് 15 മിനിറ്റുള്ള വീഡിയോയില്‍ സച്ചിന്‍ സംസാരിക്കുന്നത്. ഒരു കായികതാരമെന്ന നിലയില്‍ കായികരംഗത്തെയും ആരോഗ്യത്തെയും കുറിച്ചാണ് തനിക്ക് സംസാരിക്കാനുണ്ടാകുകയെന്നും അതിന് ഇന്ത്യയുടെ സാമ്പത്തികമേഖലയില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നും സച്ചിന്‍ പറയുന്നു.
‘കായികമത്സരങ്ങളെ സ്‌നേഹിക്കുന്ന ഒരു രാജ്യത്തെ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഒരു രാജ്യമാക്കി മാറ്റാനുള്ള ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ഞാന്‍. ഈ പ്രയത്‌നത്തില്‍ പങ്കുചേര്‍ന്ന് ഇത് എന്റെ സ്വപ്‌നത്തില്‍ നിന്നും എല്ലാവരുടെയും സ്വപ്‌നമാക്കി മാറ്റണം. സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകുമെന്ന് മറക്കാതിരിക്കുക.’ സച്ചിന്‍ വീഡിയോയില്‍ പറയുന്നു. 2012ലാണ് സച്ചിന്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. എന്നാല്‍ സഭയിലെ സച്ചിന്റെ അസാന്നിദ്ധ്യം പലപ്പോഴും വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. 2013 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ച ശേഷവും സച്ചിന്‍ സഭയില്‍ ഹാജരാകാതിരുന്നത് വിമര്‍ശനങ്ങളുടെ കരുത്ത് വര്‍ധിപ്പിച്ചിരുന്നു.
അംഗത്വ കാലാവധി പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം ശേഷിക്കെയാണ് ചര്‍ച്ചയ്ക്ക് താരം ആദ്യമായി നോട്ടീസ് നല്‍കിയിരുന്നത്. ഓഗസ്റ്റിലായിരുന്നു ഇതിനു മുമ്പ് സച്ചിന്‍ സഭയില്‍ എത്തിയത്. അന്ന് ശൂന്യവേളയിലോ ചോദ്യോത്തര വേളയിലോ പങ്കെടുത്തിരുന്നില്ല. സച്ചിന്‍ ഹാജരാകുന്നതിന് രണ്ടുദിവസം മുമ്പ് സമാജ് വാദി എംപി യായ നരേഷ് അഗര്‍വാള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ ഹാജരാകാതിരിക്കുന്ന വിഷയം സഭയില്‍ ഉന്നയിച്ചിരുന്നു. ബോളിവുഡ് താരം രേഖയുടെയും സച്ചിന്റെയും അസാന്നിധ്യത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/SachinTendulkar/videos/1753046098052915/
Leave a Reply