ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ മേയർ സ്ഥാനത്തേയ്ക്ക് ഉള്ള തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി സ്ഥാനാർത്ഥി സാദിഖ് ഖാന് ചരിത്ര വിജയം. ടോറി പാർട്ടിയുടെ സ്ഥാനാർത്ഥിയായ സൂസൻ ഹാളിനെയാണ് സാദിഖ് ഖാൻ പരാജയപ്പെടുത്തിയത്. അദ്ദേഹത്തിന് 1,088,225 വോട്ടുകൾ ആണ് (43.8% ) ലഭിച്ചത് . സൂസൻ ഹാൾ 812,397 വോട്ടുകൾ (32.7%) നേടി . 276,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സാദിഖ് ഖാൻ മേയർ പദവിയിലെത്തിയത്.


നേരത്തെ ബോറിസ് ജോൺസനും കെൻ ലിവിംഗ്സ്റ്റണും രണ്ടു തവണ ഈ പദവിയിൽ എത്തിയിരുന്നു. എന്നാൽ ലണ്ടനിൽ മൂന്ന് തവണ മേയറായി ഒരാൾ അധികാരത്തിലെത്തുന്നത് ആദ്യമായാണ് . ഇംഗ്ലണ്ടിൽ ഉടനീളം കൗൺസിൽ തിരഞ്ഞെടുപ്പിൽ ടോറികൾക്ക് കടുത്ത തിരിച്ചടിയാണ് ഉണ്ടായത്. സുനകിന്റെ റിച്ച് മൗണ്ട് മണ്ഡലം ഉൾപ്പെടുന്ന ഈസ്റ്റ് മിഡ് ലാൻഡിലെ നേർവി പാർട്ടിക്ക് വൻ നാണക്കേടായി. യോർക്ക്, നോർത്ത് യോർക്ക് ഷയർ എന്നീ സ്ഥലങ്ങളിലെയും മേയർ പദവികളിൽ ജയിച്ചത് ലേബർ പാർട്ടിയാണ്.

ഇതിനിടെ മുസ്ലിം ജനവാസ മേഖലയിൽ വോട്ട് കുറഞ്ഞതിനെ കുറിച്ച് പരിശോധിക്കുമെന്ന് ലേബറിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനമുള്ള എല്ലി റിപ്സ് പറഞ്ഞു. ഇസ്രയേൽ- ഹമാസ് യുദ്ധത്തെ കുറിച്ചുള്ള പാർട്ടിയുടെ നിലപാട് മൂലം മുസ്ലിം വോട്ടുകളിൽ കടുത്ത വിള്ളൽ ഉണ്ടായതായാണ് പാർട്ടികേന്ദ്രങ്ങൾ വിലയിരുത്തുന്നത്. ഇസ്രയേൽ – ഗാസ യുദ്ധത്തെ കുറിച്ചുള്ള ലേബർ നിലപാടിൽ പാർട്ടിയുടെ ഉന്നത തലങ്ങളിൽ കടുത്ത ഭിന്നിപ്പ് ഉണ്ടായിരുന്നു എന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. മാസങ്ങൾ നീണ്ട തർക്കത്തിനൊടുവിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് ലേബർ പാർട്ടി ഗാസ സംഘർഷത്തിൽ അടിയന്തിര വെടിനിർത്തലിന് ആഹ്വാനം ചെയ്തത്.