ലണ്ടന്‍: യുകെയിലെ ലാബുകളിലുണ്ടായ സുരക്ഷാ വീഴ്ച മൂലം ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും പകര്‍ച്ചവ്യാധികളുണ്ടായെന്ന് വെളിപ്പെടുത്തല്‍. 2015 ജൂണിനും 2017 ജൂലൈക്കുമിടയില്‍ രാജ്യത്തെ സ്‌പെഷ്യലിസ്റ്റ് ലാബുകളില്‍ നിന്ന് രോഗം പകര്‍ന്നതെന്ന് കരുതുന്ന 40 സംഭവങ്ങളില്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി എക്‌സിക്യൂട്ടീവ് അന്വേഷണം പ്രഖ്യാപിച്ചു. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്, ആശുപത്രികള്‍, സ്വകാര്യ കമ്പനികള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള ലാബുകളില്‍ നിന്ന് ജീവനക്കാര്‍ക്ക് അസുഖം ബാധിച്ചതുള്‍പ്പെടെയുള്ള പിഴവുകളാണ് പരിശോധിക്കുന്നത്.
പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ ലബോറട്ടറിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ശാസ്ത്രജ്ഞന് ഷിഗെല്ല രോഗമാണ് ബാധിച്ചത്. ഒരു സ്വകാര്യ ലാബില്‍ പ്രവര്‍ത്തിച്ചിരുന്നയാളെ സാല്‍മോണെല്ല ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അബദ്ധത്തില്‍ ഡെങ്കി വൈറസ് ജീവനക്കാരിലേക്ക് പകര്‍ന്നതും ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ബാക്ടീരിയകളെയും ഫംഗസുകളെയും ശരിയായ മുന്‍കരുതലുകളില്ലാതെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും റിപ്പോര്‍ട്ട് പറയുന്നു. ഹീറ്റ് ട്രീറ്റ്‌മെന്റില്‍ നശിപ്പിക്കപ്പെട്ടു എന്ന ധാരണയില്‍ വിദ്യാര്‍ത്ഥികള്‍ കൈകാര്യം ചെയ്യുന്നത് ജീവനുള്ള, മെനിഞ്‌ജൈറ്റിസ് രോഗത്തിന് കാരണമാകുന്ന രോഗാണുക്കളെയാണെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
ഈ മേഖലയില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാറുണ്ടെങ്കിലും ചില സംഭവങ്ങള്‍ മറിച്ചും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടെന്ന് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി എക്‌സിക്യൂട്ടീവ് പ്രസ്താവനയില്‍ പറഞ്ഞു. വേണ്ടത്ര സുരക്ഷയില്ലാതെ ഇത്തരം രോഗാണുക്കളെ യുകെയിലെ ലാബുകള്‍ കൈകാര്യം ചെയ്ത സംഭവങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെയുണ്ടായി. ആകെ 82 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കിലും ഇവയില്‍ 40 എണ്ണത്തില്‍ മാത്രമേ അന്വേഷണം ആവശ്യമായി വരുന്നുള്ളൂ എന്നാണ് എക്‌സിക്യൂട്ടീവ് അറിയിക്കുന്നത്.
Leave a Reply