ഓണ്‍ലൈന്‍ ഡോക്ടര്‍ സൈറ്റുകള്‍ പ്രിസ്ക്രിപ്ഷന് മരുന്നുകള്‍ വിറ്റഴിക്കുന്ന രീതിക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്. പ്രിസ്ക്രിപ്ഷന് ഒണ്‍ലി മരുന്നുകള്‍ സൈറ്റുകള്‍ വഴി നല്‍കുന്നത് നിയന്ത്രിക്കാന്‍ നിലവിലുള്ള നിയമത്തില്‍ മാറ്റം വരുത്തണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. രോഗികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇത് ആവശ്യമാണെന്ന് സിക്യുസി പറയുന്നു. ഇംഗ്ലണ്ടിന് പുറത്തുള്ള ഡോക്ടര്‍മാരെയാണ് വെബ്സൈറ്റുകള്‍ രോഗികള്‍ക്കു വേണ്ടി നിയോഗിച്ചിരിക്കുന്നത്. ഇങ്ങനെ ചികിത്സ നല്‍കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ബിബിസി പനോരമ അന്വേഷണം വെളിപ്പെടുത്തിയതിനു ശേഷമാണ് റെഗുലേറ്റര്‍ ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഇത്തരം വെബ്സൈറ്റുകള്‍ അപകടകാരികളാണെന്ന് കമ്മീഷന് പറഞ്ഞു. ഇത്തരം കമ്പനികളുമായി കരാറിലെത്തിയിരിക്കുന്ന ഇംഗ്ലണ്ടിലുള്ള ഡോക്ടര്‍മാരുടെ കാര്യത്തില്‍ പരിശോധന നടത്താന്‍ മാത്രമേ നിലവില്‍ സിക്യുസിക്ക് സാധിക്കൂ. ചികിത്സ നടത്താന്‍ വിലക്കുള്ള ഡോക്ടര്‍മാര്‍ പോലും ഇത്തരം സൈറ്റുകളിലൂടെ രോഗികള്‍ക്ക് മരുന്നുകള്‍ നിര്‍ദേശിക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 20 വര്‍ഷം മുമ്പ് മുന്‍ ഡോക്ടറായ ജൂലിയന്‍ എയ്ഡന്‍ ആണ് ഇ-മെഡ് എന്ന പേരില്‍ യുകെയിലെ ആദ്യത്തെ ഓണ്‍ലൈന്‍ ഡോക്ടര്‍ സര്‍വീസ് ആരംഭിച്ചത്. 2009ല്‍ ഇയാളെ ഇതില്‍ നിന്ന് വിലക്കി.
അഞ്ചു വര്‍ഷത്തിനു ശേഷം ഇയാള്‍ ഭാര്യയുമൊത്ത് യൂറോഎക്സ് എന്ന പേരില്‍ പുതിയ കമ്പനി ആരംഭിച്ചു. റൊമേനിയയില്‍ നിന്നാണ് ഈ സൈറ്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
എയ്ഡന്‍ മരുന്നുകള്‍ നല്കാന് കഴിയില്ലെങ്കിലും ഇയാളുടെ റൊമേനിയന്‍ കമ്പനിയുമായി കരാറിലേര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ഇതില്‍ തടസമില്ല. ചില വോളന്റിയര്‍മാരുടെ സഹായത്തോടെയാണ് പനോരമ അന്വേഷണം നടത്തിയത്. സൈറ്റുകള്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ അവരുടെ ജിപി നല്‍കുമോ എന്ന കാര്യമാണ് പരിശോധിച്ചത്. എന്നാല്‍ രോഗികള്‍ക്ക് അപകടകരമാകുന്ന മരുന്നുകള്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അവര്‍ക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു ഈ സൈറ്റുകള്‍ ചെയ്തത്. ഇങ്ങനെ മരുന്നുകള്‍ നല്‍കുന്നത് ഒട്ടും സുരക്ഷിതമല്ലെന്നും അതിന് നിയന്ത്രണങ്ങള്‍ വേണമെന്നും റോയല്‍ കോളേജ് ഓഫ് ജിപീസ് ചെയര്‍, പ്രൊഫ.ഹെലന് സ്റ്റോക്സ് ലാംപാര്‍ഡ് പറഞ്ഞു.
Leave a Reply