ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് വ്യാപനം 30 ശതമാനത്തോളം കുറഞ്ഞതായി ഒഎൻഎസ്, സിസ്റ്റം ട്രാക്കർ ആപ്പുകൾ പ്രകാരമുള്ള കണക്കുകൾ പുറത്തു വന്നു. ദിനം പ്രതി രോഗം ബാധിക്കുന്നവരുടെ എണ്ണം 20000 ത്തിൽ താഴെയായി. രോഗവ്യാപനത്തിൻെറ തോതായ ആർ റേറ്റ് 0.7 മുതൽ 0.9 വരെയാണ് എന്നത് പ്രത്യാശ നൽകുന്നു.
846,900 പേരാണ് കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിൽ കോവിഡ് ബാധിച്ചത്. 1.01 മില്യൺ എന്ന കണക്കിൽ നിന്നുമാണ് രോഗികളുടെ എണ്ണം ഇത്രയധികം കുറഞ്ഞത്. ദിനംപ്രതി രോഗബാധിതരാകുന്നവരുടെ എണ്ണം 20,360 ആണെന്ന് കിംഗ്സ് കോളേജ് ലണ്ടനിലെ ഗവേഷകർ അഭിപ്രായപ്പെടുന്നു.
കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം പിൻവാങ്ങുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നിയമങ്ങളിൽ അയവ് വരുത്താൻ ബോറിസ് ജോൺസണ് അഭ്യർത്ഥനകൾ ലഭിച്ചു കഴിഞ്ഞു. ആർ റേറ്റ് കുറച്ച് തന്നെ നിലനിർത്താനും, ജീവനുകൾ രക്ഷിക്കാനും, ജനങ്ങൾ വീടുകളിൽ തന്നെ കഴിയണം എന്ന് ആരോഗ്യവിദഗ്ധർ ആവശ്യപ്പെട്ടു. ഇപ്പോഴുള്ള കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിൽ 65 പേരിൽ ഒരാൾക്ക് മാത്രമാണ് രോഗം ബാധിക്കുന്നത്. ആഴ്ചയിൽ 16 ശതമാനം പേർക്കാണ് രോഗബാധ കണ്ടെത്തുന്നത്.
ദുർബല വിഭാഗത്തിലെ 10 മില്യണോളം വരുന്ന ബ്രിട്ടീഷ് ജനതയ്ക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കോവിഡ് വാക്സിൻ നൽകി കഴിഞ്ഞു. 10 ദിവസത്തിനുള്ളിൽ അഞ്ചു മില്യനോളം പേർക്ക് വാക്സിനേഷൻ ലഭ്യമാക്കും. ഇത് വരും ദിവസങ്ങളിലെ രോഗവ്യാപനവും, മരണസംഖ്യയും, രോഗികളുടെ എണ്ണവും വളരെയധികം കുറയ്ക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
മന്ത്രിമാരിൽ പലരും ലോക്ക്ഡൗൺ നിയമങ്ങൾ കുറയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു, എന്നാൽ ജനങ്ങൾ വീട്ടിനുള്ളിൽ തന്നെ തുടർന്നാൽ മാത്രമേ ഇത്രയും നാൾ സൂക്ഷിച്ചതിന് ഫലം ഉണ്ടാവുകയുള്ളൂ എന്ന അഭിപ്രായത്തിലാണ് ആരോഗ്യവിദഗ്ധർ.
Leave a Reply