ഗാന്ധിനഗര്‍: ബാലിശമായ പ്രസ്താവനകള്‍ നടത്തിയ സോഷ്യല്‍ മീഡയയില്‍ ബിജെപി നേതാക്കള്‍ പരിഹാസ്യരാകുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. പ്രമുഖ സെര്‍ച്ച് എഞ്ചിന്‍ ഗൂഗിളിനെപ്പോലെയായിരുന്നു നാരദ മഹര്‍ഷിയെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞിരിക്കുന്നത്. സിവില്‍ സര്‍വീസ് പരീക്ഷയുമായി ബന്ധപ്പെട്ട് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ മണ്ടന്‍ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രൂപാണിയുടെ നാരദ മഹര്‍ഷി ഗൂഗിള്‍ താരതമ്യം പുറത്തുവന്നിരിക്കുന്നത്.
‘ഇന്ന് ഗൂഗിളിന് അറിയാവുന്നതു പോലെ നാരദ മഹര്‍ഷിക്ക് അന്നത്തെ ലോകത്തെ കുറിച്ച് മുഴുവന്‍ അറിയാമായിരുന്നു. ഒരുപാട് അറിവുള്ളയാളായിരുന്നു നാരദ മഹര്‍ഷി. മുഴുവന്‍ ലോകത്തെയും കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. ആ വിവരങ്ങള്‍ അനുസരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. മാനവകുലത്തിന്റെ നന്മയ്ക്കു വേണ്ടി വിവരങ്ങള്‍ ശേഖരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ധര്‍മം’- രൂപാണി പറഞ്ഞു.
വിശ്വ സംവാദ് കേന്ദ്ര സംഘടിപ്പിച്ച ദേവര്‍ഷി നാരദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കവെയാണ് രൂപാണി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നേരത്തെ ബിപ്ലബ് കുമാര്‍ ദേബിനെതിരെ സോഷ്യല്‍ മീഡിയയില്‍ നൂറുകണക്കിന് ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്.
Leave a Reply