ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ ബെര്‍മിംങ്ഹാമില്‍ തായ്വാന്‍ ദേശീയ ടീമിനൊപ്പമുണ്ടായിരുന്ന റിസര്‍വ് താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഡെന്‍മാര്‍ക്ക് ബാഡ്മിന്റണ്‍ താരം എച്ച്.കെ വിറ്റിന്‍ഗസനാണ് തായ്വാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് വിവരം ട്വീറ്റ് ചെയ്തത്. ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത തായ്വാന്‍ ദേശീയ ടീമിനൊപ്പം ഉണ്ടായിരുന്ന പത്തുവയസുള്ള കായിക വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് വാര്‍ത്ത. ഇയാള്‍ ടീമില്‍ അംഗമല്ലെങ്കിലും പരിശീലനങ്ങളിലും മറ്റും പങ്കെടുക്കാറുണ്ട്.

അതേസമയം ബാഡ്മിന്റണ്‍ താരത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്വാളും ഡബിള്‍സ് താരം അശ്വിനി പൊന്നപ്പയും ആശങ്ക പങ്കുവെച്ചിരിക്കുകയാണ്. ഇന്ത്യയുടെ പ്രമുഖ താരങ്ങളായ പി.വി.സിന്ധുവും സൈന നെഹ്വാളും ലക്ഷ്യാസെന്നും അടക്കം ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ടൂര്‍ണമെന്റിലുണ്ടായിരുന്ന സമയത്ത് തായ്വാന്‍ താരം അവിടെ ഉണ്ടായിരുന്നു.

തായ്വാന്‍ ടീമിനൊപ്പം ഫെബ്രുവരി 16-24 ദിവസങ്ങളില്‍ സ്പെയിനിലും ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് ഏഴ് വരെ ജര്‍മ്മനിയിലും മാര്‍ച്ച് എട്ട് മുതല്‍ 15 വരെ ബ്രിട്ടനിലും രോഗബാധിച്ചയാള്‍ സഞ്ചരിച്ചിട്ടുണ്ട്. നാട്ടില്‍ തിരിച്ചെത്തിയ ശേഷം തലവേദനയും കണ്ണ് വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് തായ്വാന്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കൗമാര താരവുമായി നേരിട്ട് സമ്പര്‍ക്കത്തിലായിരുന്ന 33 പേരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിടുണ്ട്.

സൈനയും ഡബിള്‍സ് താരം അശ്വിനി പൊന്നപ്പയും അടക്കം ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ പങ്കെടുത്ത താരങ്ങളെല്ലാം കടുത്ത ആശങ്കയോടെയാണ് വാര്‍ത്തയോട് പ്രതികരിച്ചിരിച്ചത്. ‘എന്തു ചെയ്യാന്‍…. ശരിക്കും ഞെട്ടലുണ്ടാക്കുന്ന വാര്‍ത്ത ‘ യെന്നാണ് സൈന ട്വിറ്ററിലൂടെ പ്രതികരിച്ചത്. ഇതിനിടെ കളികാണാനെ ത്തിയവരിലെ മൂന്ന് പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചതായും മറ്റൊരു ട്വിറ്റര്‍ സന്ദേശവും പ്രചരിക്കുന്നുണ്ട്.

കൊറോണ ഭീതിക്കിടയിലും ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ് നടത്താനുള്ള ബാഡ്മിന്റണ്‍ ലോക ഫെഡറേഷന്‍ തീരുമാനത്തിനെതിരെ സൈന പരസ്യമായി രംഗത്തുവന്നിരുന്നു. താരങ്ങളുടെ ആരോഗ്യത്തേക്കാള്‍ ബാഡ്മിന്റണ്‍ ഫെഡറേഷന്‍ പണത്തിനാണ് മുന്‍തൂക്കം നല്‍കുന്നതെന്നായിരുന്നു സൈനയുടെ പരസ്യമായ ആരോപണം.