ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റ് രംഗത്തെ ഭീമന്മാരായ സെയിന്‍സ്‌ബെറീസും ആസ്ഡയും ലയിക്കാനൊരുങ്ങുന്നു. പുതിയ നീക്കം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി നടന്നുകൊണ്ടിരിക്കുകയാണെന്ന് സെയിന്‍സ്‌ബെറീസ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പത്ത് ബില്യണ്‍ പൗണ്ടിന്റെ ലയന ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ടെസ്‌കോ, സെയിന്‍സ്‌ബെറീസ്, ആസ്ഡ, മോറിസണ്‍ എന്നിവരാണ് യുകെയിലെ മികച്ച സൂപ്പര്‍മാര്‍ക്കറ്റുകളുടെ ആദ്യ നാല് സ്ഥാനങ്ങളിലുള്ളവര്‍. സെയിന്‍സ്‌ബെറീസും ആസ്ഡയും ഒന്നിക്കുന്നതോടെ ടെസ്‌കോയെ മറികടന്ന് ഇവര്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുമെന്നാണ് കരുതുന്നത്. പുതിയ നീക്കം ഇരു കമ്പനികള്‍ക്കും സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നും വിദഗ്ദ്ധര്‍ സൂചന നല്‍കുന്നു. എന്നാല്‍ ഇരുവരും ലയിച്ചാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകാനും സാധ്യതയുണ്ട്.

ഇരു സ്ഥാപനങ്ങള്‍ക്കും കൂടി നിലവില്‍ സമാന തസ്തികകള്‍ ഉണ്ട്. ഒരു കമ്പനിയായി മാറിക്കഴിഞ്ഞാല്‍ ഇതിന്റെ ആവശ്യമുണ്ടാവുകയില്ല. അങ്ങനെയാകുമ്പോള്‍ നിരവധിയാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് സാമ്പത്തിക രംഗത്തെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആള്‍ഡി, ലിഡില്‍ തുടങ്ങിയ ബജറ്റ് സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകള്‍ വിപണിയില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ശക്തമായ മത്സരത്തെ നേരിടാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍ വിപണികളില്‍ നിന്നും ശക്തമായ മത്സരം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുഎസ് റിട്ടൈല്‍ ഭീമന്‍ വാള്‍മാര്‍ട്ട് 1999ലാണ് ആസ്ഡ ഏറ്റെടുക്കുന്നത്. യുകെയുടെ വിപണി കീഴടക്കാനുള്ള പുതിയ നീക്കത്തിന് മുന്‍കൈ എടുത്തിരിക്കുന്നതും വാള്‍മാര്‍ട്ടാണ്. വാള്‍മാര്‍ട്ടുമായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്ന് സെയിന്‍സ്‌ബെറീസ് അധികൃതര്‍ വ്യക്തമാക്കുന്നു. തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യത്തെ കമ്പനികള്‍ എങ്ങനെ നേരിടുമെന്ന് വ്യക്തമല്ല. സെയിന്‍സ്‌ബെറീസ് ശൃംഖലയ്ക്ക് രാജ്യത്താകമാനം 1400 സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സ്വന്തമായുണ്ട്. ആസ്ഡയ്ക്ക് 600ലധികവും. ലയനം സാധ്യമായാല്‍ ഇവരുടെ ബിസിനസില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.