ഹോളിഫാമിലി സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയും കുടുംബങ്ങളുടെ മധ്യസ്ഥയുമായ വാഴ്ത്തപ്പെട്ട മദർ മറിയം ത്രേസ്യയെ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. മറിയം ത്രേസ്യയുൾപ്പടെ അഞ്ചുപേരെയാണ് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. കർദിനാൾ ഹെന്റി ന്യൂമാൻ, സിസ്റ്റർ ജിയൂസിപ്പിന വന്നിനി, സിസ്റ്റർ മാർഗിരിറ്റ ബേയ്സ, സിസ്റ്റർ ഡൽസ് ലോപ്പേസ് പോന്തേസ് എന്നിവരാണു മറ്റു നാലുപേർ.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 നടന്ന ശുശ്രൂഷയിൽ വച്ചാണ് ഫ്രാൻസിസ് മാർപാപ്പ നാമകരണം നിർവഹിച്ചത്.വിശുദ്ധരായി ഉയർത്തപ്പെടുന്നവരുടെ രൂപതാധ്യക്ഷന്മാർ സഹ കാർമികരായി. മറിയം ത്രേസ്യയുടെ രൂപതാധ്യക്ഷൻ എന്ന നിലയിൽ ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടനാണ് സഹകാർമികനായത്.
മറിയം ത്രേസ്യയടക്കം 5 പേരുടെയും ജീവചരിത്രം വിവിധ ഭാഷകളിൽ വായിച്ചതിനു പിന്നാലെ മാർപാപ്പ ലത്തീൻ ഭാഷയിൽ വിശുദ്ധപദവി പ്രഖ്യാപനം നടത്തി. അഞ്ചുപേരിൽ മൂന്നാമതായാണ് മറിയം ത്രേസ്യയുടെ പേരു വിളിച്ചത്. തുടർന്നു ബന്ധുക്കൾ, സഭയിലെ മേലധികാരികൾ, മറിയം ത്രേസ്യയുടെ മധ്യസ്ഥത്താൽ രോഗസൗഖ്യം ലഭിച്ച ക്രിസ്റ്റഫർ എന്നിവർ പ്രദക്ഷിണമായെത്തി വിശുദ്ധരുടെ തിരുശേഷിപ്പ് അൾത്താരയിൽ വച്ചു. ഈ തിരുശേഷിപ്പ് മാർപാപ്പ പരസ്യമായി വണങ്ങിയതോടെ ലോകമെങ്ങുമുള്ള ദേവാലയങ്ങളിൽ മറിയം ത്രേസ്യ ഉൾപ്പെടെ 5 വിശുദ്ധരെയും പരസ്യമായി വണങ്ങാനുള്ള അംഗീകാരമായി.
ഇതോടെ, കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിൽ ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി ഉയർന്നു. അൽഫോൻസാമ്മയാണ് ഇന്ത്യയിലെ ആദ്യ വിശുദ്ധ. അഗതികളുടെ അമ്മയായ കൊൽക്കത്തയിലെ മദർ തെരേസയും വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടു. ജീവിത വിശുദ്ധി കൊണ്ട് ലോകത്തിനു സുഗന്ധമായി മാറിയ ചാവറയച്ചനും എവുപ്രാസ്യമ്മയും 2014ൽ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടു. ഇവർക്കുശേഷം ഇതാ, മറിയം ത്രേസ്യയും കത്തോലിക്കാസഭയുടെ ദേവാലയങ്ങളിൽ അൾത്താര വണക്കത്തിനു യോഗ്യയായിരിക്കുന്നു.
വിശുദ്ധരുടെ കാര്യാലയത്തിന്റെ പ്രീഫെക്ട് കർദിനാൾ ആഞ്ചലോ ജിയോവാനി ബെച്ച്യു, തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്ത്, സിബിസിഐ പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരി എന്നിവരും 44 ബിഷപ്പുമാരും ചടങ്ങിൽ സംബന്ധിച്ചു.
Leave a Reply