ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ആരോഗ്യ സേവന മേഖലയിൽ (NHS) ഏറ്റവും സ്വാധീനമുള്ള 50 കറുത്തവർഗ്ഗ, ഏഷ്യൻ, ന്യൂനപക്ഷ വിഭാഗ (BAME) നേതാക്കളുടെ പട്ടികയിൽ ഇടം നേടി മലയാളിയായ നഴ്സ് സജൻ സത്യൻ. ഹെൽത്ത് സർവീസ് ജേണൽ (HSJ) പ്രസിദ്ധീകരിച്ച ഈ പട്ടികയിൽ ലണ്ടൻ മേയർ സാദിഖ് ഖാൻ, ഇമിഗ്രേഷൻ മന്ത്രി സീമ മൽഹോത്ര, റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് പ്രസിഡന്റ് മുംതാസ് പട്ടേൽ തുടങ്ങിയ പ്രമുഖരും ഉൾപ്പെട്ടിട്ടുണ്ട്. എയർഡേൽ ഫൗണ്ടേഷൻ ട്രസ്റ്റിലെ ഡെപ്യൂട്ടി ചീഫ് നേഴ്‌സും ‘അലയൻസ് ഓഫ് സീനിയർ കേരള നേഴ്‌സസ്’ (ASKeN) സ്ഥാപകനുമാണ് സജൻ സത്യൻ. യുകെയിലേക്ക് പുതുതായി എത്തുന്ന മലയാളി നേഴ്സുമാർക്ക് പിന്തുണയും മാർഗ്ഗനിർദേശവും നൽകാനാണ് ASKeN രൂപീകരിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നത തസ്തികകളിലെ പ്രാതിനിധ്യം വർധിപ്പിക്കുകയാണ് ഈ സംഘടനയുടെ മുഖ്യ ലക്ഷ്യം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2009ൽ എൻഎച്ച്എസിൽ ചാർജ് നേഴ്സായി സേവനം ആരംഭിച്ച സജൻ സത്യൻ, നോർത്ത്, മിഡ്‌ലാൻഡ്‌സ് മേഖലകളിലെ നിരവധി ട്രസ്റ്റുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലീഡ്സ് ടീച്ചിങ് ഹോസ്പിറ്റൽസിൽ ലീഡ് അഡ്വാൻസ്ഡ് ക്ലിനിക്കൽ പ്രാക്ടീഷണറായും, ഹെൽത്ത് എജ്യുക്കേഷൻ ഇംഗ്ലണ്ടിലും പ്രവർത്തിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് 2023ൽ അദ്ദേഹം എയർഡേൽ ഫൗണ്ടേഷൻ ട്രസ്റ്റിലെ ഡെപ്യൂട്ടി ചീഫ് നേഴ്സായി ചുമതലയേറ്റത്. കേരളത്തിൽ നേഴ്സിങ് പഠനം പൂർത്തിയാക്കിയ ശേഷം അധ്യാപകനായും പ്രവർത്തിച്ചിരുന്ന അദ്ദേഹം. ഇംഗ്ലണ്ടിൽ എം.എസ്.സി. നേഴ്സിങ് ബിരുദവും നേടി. അന്താരാഷ്ട്ര നേഴ്സിങ് അസോസിയേഷനുകളുമായി സഹകരിച്ച് വിദേശ നേഴ്സുമാർക്ക് മാർഗ്ഗനിർദേശം നൽകുന്നതിലും അദ്ദേഹം സജീവമായി പ്രവർത്തിക്കുന്നു.