പുതിയ ഹോം സെക്രട്ടറിയായി ചുമതലയേറ്റ സാജിദ് ജാവിദിനെ ലേബര്‍ പാര്‍ട്ടി അനുയായികള്‍ വംശീയമായി ആക്രമിക്കുന്നതായി പരാതി. ഫെയിസ്ബുക്കിലും ട്വിറ്ററിലും ലേബര്‍ അനുകൂലികള്‍ വംശീയാക്രമണം അഴിച്ചുവിടുകയാണ്. സംഭവത്തെ അപലപിച്ച് ലേബര്‍ പാര്‍ട്ടി തലവന്‍ ജെറമി കോര്‍ബിന്‍ രംഗത്ത് വരണമെന്ന് ജാവിദ് ആവശ്യപ്പെട്ടു. പുതിയ ഹോം സെക്രട്ടറിയായി ജാവിദിനെ നിയമിച്ചത് മുതല്‍ തെരേസ മേയുടെ തീരുമാനത്തെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയേയും വിമര്‍ശിച്ച് ലേബര്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. വിമര്‍ശനം പിന്നീട് വംശീയാധിക്ഷേപമായി മാറുകയായിരുന്നു. ‘കോക്കനട്ട്, അങ്കിള്‍ ടോം’ എന്നീ പദങ്ങള്‍ ഉപയോഗിച്ചാണ് ജാവിദിനെ ലേബര്‍ അനുകൂലികള്‍ അഭിസംബോധന ചെയ്യുന്നത്.
വിന്‍ഡ്രസ്റ്റ് സ്‌കാന്‍ഡലുമായി ബന്ധപ്പെട്ട് ചൂടേറിയ സംവാദങ്ങള്‍ കോമണ്‍സില്‍ ഇപ്പോഴും തുടരുകയാണ്. സംഭവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന ചര്‍ച്ചയിലാണ് വംശീയാധിക്ഷേപത്തിനെതിരെ പ്രതിപക്ഷം എന്തുകൊണ്ട് നിലപാടെടുക്കുന്നില്ലെന്ന ചോദ്യവുമായി ജാവിദ് രംഗത്ത് വന്നത്. വിഷയത്തില്‍ വംശീയതയുണ്ട്. എന്നിട്ടും എന്തുകൊണ്ട് ജെറമി കോര്‍ബിന്‍ അപലപിക്കാനോ പ്രതിഷേധിക്കാനോ തയ്യാറാവുന്നില്ലെന്ന് ജാവിദ് ചോദിച്ചു. അതേസമയം ഇത്തരം വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെയാണ് ലേബര്‍ പാര്‍ട്ടിയെന്ന് ഷാഡോ ഹോം സെക്രട്ടറി ഡയാന്‍ ആബട്ട് വ്യക്തമാക്കി. ജാവിദ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആബട്ട്. പാര്‍ട്ടി ഇത്തരം വംശീയാക്രമണങ്ങള്‍ക്കെതിരാണെും അബോട്ട് പറഞ്ഞു.
ചൂടേറിയ സംവാദങ്ങള്‍ക്കായിരുന്നു കോമണ്‍സ് ഇന്നലെ സാക്ഷിയായത്. 1948കളില്‍ കരീബിയന്‍ നാടുകളില്‍ നിന്ന് യുകെയിലെത്തിയവരുടെ ലാന്‍ഡിംഗ് രേഖകള്‍ ഹോം ഓഫീസ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ നാളുകളായി പ്രതിപക്ഷ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. ഇതിനിടെയാണ് പുതിയ ഹോം സെക്രട്ടറിയായി ജാവിദ് ചുമതലയേറ്റത്. പാക് വംശജനായ ജാവിദിനെതിരെ കഴിഞ്ഞ കുറേ ദിവസങ്ങളായി ലേബര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തുകയാണ്. കോമണ്‍സില്‍ നടന്ന ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിച്ച് ജാവിദ് പൊട്ടിത്തെറിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ഇടപെട്ടാണ് ജാവിദിനെ ശാന്തനാക്കിയത്. അതേസമയം പ്രവര്‍ത്തകരുടെ അതിരുകടന്ന പ്രതിഷേധത്തെ അപലപിച്ച് ഷാഡോ ഹോം സെക്രട്ടറി രംഗത്തുവരികയും ചെയ്തു.
Leave a Reply