ലണ്ടന്‍: സാലിസ്ബറി നെര്‍വ് ഏജന്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നുള്ള പ്രകൃതിവാതക ഇറക്കുമതിക്കെതിരെ കണ്‍സര്‍വേറ്റീവ് എംപിയുടെ പ്രതിഷേധം. ആക്രമണത്തില്‍ പ്രധാനമന്ത്രി റഷ്യക്കെതിരായി സ്വീകരിച്ച സമീപനങ്ങളേക്കുറിച്ചുള്ള ചോദ്യത്തിനിടെയാണ് ടോറി എംപി സ്റ്റീഫന്‍ ക്രാബ് ദ്രവീകൃത പ്രകൃതിവാതകം റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ ആരംഭിച്ച കാര്യം പരാമര്‍ശിച്ചത്. അടുത്തിടെ റഷ്യയില്‍ നിന്ന് ഗ്യാസ് ഇറക്കുമതി ചെയ്യാനാരംഭിച്ച കാര്യം പ്രധാനമന്ത്രിക്ക് അറിയുമോ എന്ന് ചോദിച്ച ക്രാബ് റഷ്യക്ക് ബ്രിട്ടനില്‍ വിപണിയുണ്ടാക്കിക്കൊടുക്കുന്ന കാര്യം അംഗീകരിക്കുന്നുണ്ടോയെന്നും ചോദ്യമുന്നയിച്ചു.

തീര്‍ച്ചയായും ഗ്യാസ് ഇറക്കുമതിക്ക് മറ്റു രാജ്യങ്ങളെയായിരിക്കും ആശ്രയിക്കുകയെന്നാണ് പ്രധാനമന്ത്രി ഇതിനു മറുപടിയായി പറഞ്ഞത്. യൂറോപ്പ് ആകമാനമെടുത്താല്‍ 2017ല്‍ ആകെ ഉപയോഗത്തിന്റെ 37 ശതമാനം പ്രകൃതിവാതകവും റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ്. നോര്‍വേ, നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം എന്നിവിടങ്ങളില്‍ നിന്നാണ് യുകെ പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നത്. പൈപ്പ്‌ലൈനുകളിലൂടെയാണ് ഈ രാജ്യങ്ങളില്‍ നിന്നുള്ള സപ്ലൈ സാധ്യമാക്കിയിരിക്കുന്നത്. റഷ്യയുമായി അതിന് ബന്ധമില്ല. നോര്‍വേയില്‍ നിന്നാണ് യുകെയുടെ വാതക ഇറക്കുമതി ഏറ്റവും കൂടുതല്‍ നടക്കുന്നത്. റഷ്യയുമായി ബന്ധിപ്പിക്കാവുന്ന പൈപ്പ്‌ലൈനുകള്‍ അവിടെയും നിലവിലില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ ഈ വര്‍ഷം മൂന്ന് കാര്‍ഗോ പ്രകൃതിവാതകം റഷ്യന്‍ ഉടമസ്ഥതയിലുള്ള സൈബീരിയയിലെ യാമാല്‍ ഗ്യാസ് പ്രോജക്ടില്‍ നിന്ന് യുകെ വാങ്ങിയിരുന്നു. ഓരോ കപ്പലിലും 0.1 ബില്യന്‍ ക്യുബിക് മീറ്റര്‍ വാതകമാണ് അടങ്ങിയിരിക്കുന്നത്. യുകെയ്ക്ക് 2018ല്‍ ആവശ്യമായി വരുന്നത് 21.5 ബില്യന്‍ ക്യുബിക് മീറ്റര്‍ വാതകമാണെന്നിരിക്കെ റഷ്യയില്‍ നിന്ന് ഇതുവരെ എത്തിയത് 1.4 ശതമാനം മാത്രമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇത്ര ചെറിയ അളവിലാണെങ്കില്‍ പോലും റഷ്യന്‍ ഇറക്കുമതി പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് ക്രാബ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. സഖ്യരാജ്യങ്ങളായ ഖത്തര്‍, മലേഷ്യ, ഓസ്‌ട്രേലിയ എന്നിവര്‍ ഗ്യാസ് നല്‍കാന്‍ തയ്യാറാണെന്നും അവരെ ആശ്രയിക്കണമെന്നും എംപി ആവശ്യപ്പെട്ടു.