സാം ഏബ്രഹാം വധക്കേസില്‍ ഭാര്യ സോഫിയയും കാമുകന്‍ അരുണ്‍ കമലഹാസനും കുറ്റക്കാരാണെന്ന് മെല്‍ബണ്‍ സുപ്രീം കോടതി. കൊലപാതകത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. ശിക്ഷ വിധിക്കുന്നതിനായി മാര്‍ച്ച് 21ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും. അതേസമയം തങ്ങളുടെ മേല്‍ ചാര്‍ത്തപ്പെട്ട കുറ്റം സോഫിയയും അരുണും കോടതിയില്‍ നിഷേധിച്ചു. സാം ഏബ്രഹാമിന്റെ മരണം കൊലപാതകം തന്നെയായിരിക്കാം എന്നാല്‍ കൃത്യത്തില്‍ സോഫിയക്ക് പങ്കില്ലെന്ന് പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

33 കാരനായ സാമിനെ അവൊക്കാഡോ ജ്യൂസില്‍ മയക്കു മരുന്ന് നല്‍കി ഉറക്കിക്കിടത്തിയതിനു ശേഷം സയനൈഡ് വായില്‍ ഒഴിച്ചു കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു. ആറു വയസ്സുകാരനായ മകന്റെ കൂടെ ഉറങ്ങുന്ന സമയത്താണ് പ്രതികള്‍ സയനൈഡ് ഓറഞ്ച് ജ്യൂസില്‍ കലര്‍ത്തി സാമിന്റെ വായില്‍ ഒഴിച്ചു കൊടുത്തതെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. രഹസ്യന്വേഷണ വിഭാഗം നടത്തിയ ചോദ്യം ചെയ്യലില്‍ അരുണ്‍ കുറ്റം സമ്മതിക്കുന്ന വീഡിയോ പ്രോസിക്യൂഷന്‍ തെളിവായി ഹാജരാക്കിയിരുന്നു.

പ്രണയത്തിലായിരുന്ന സോഫിയയും അരുണും ഒന്നിച്ചു ജീവിക്കാന്‍ വേണ്ടിയാണ് സാമിനെ കൊലപ്പെടുത്തിയതെന്ന് കോടതിയില്‍ വാദമുയര്‍ന്നു. സോഫിയയും അരുണും തമ്മില്‍ പ്രണയത്തിലായിരുന്നതിന് തെളിവായി ഇരുവരുടെയും ഡയറിക്കുറിപ്പുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. 14 ദിവസം നീണ്ടു നിന്ന വിചാരണാ നടപടികള്‍ക്ക് ശേഷമാണ് കോടതി ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്.