ജയന്‍ എടപ്പാള്‍

സമീക്ഷ പുരോഗമന സാംസ്‌കാരിക വേദിയുടെ 2018ലെ സാംസ്‌കാരിക സമ്മേളനവും വാര്‍ഷിക പൊതുയോഗവും പൂളില്‍ സമാപിച്ചു. സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. സമീക്ഷ ദേശീയ പ്രസിഡന്റ് രാജേഷ് ചെറിയാന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ജയപ്രകാശ് മറയൂര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി സ്വപ്‌ന പ്രവീണ്‍ നന്ദിയും രേഖപ്പെടുത്തി. സാംസ്‌കാരിക സമ്മേളനത്തില്‍ ആശംസ നേര്‍ന്നുകൊണ്ടി അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് ദേശീയ സെക്രട്ടറി ഹര്‍സേവ് ബൈന്‍സ്, ബോണ്‍മൗത്ത് മലയാളി കമ്യൂണിറ്റി മുന്‍ പ്രസിഡന്റും സാംസ്‌കാരിക പ്രവര്‍ത്തകനും ഇടതുപക്ഷ ചിന്തകനുമായ നോബിള്‍ തെക്കേമുറി എന്നിവര്‍ സംസാരിച്ചു.

സമീക്ഷ നടത്തുന്ന സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു സംസാരിച്ച ശ്രീരാമകൃഷ്ണന്‍ വരും കാലങ്ങളില്‍ സമീക്ഷയുടെ നേതൃത്വത്തില്‍ നടത്തേണ്ട യൂറോപ്പിലെ പുരോഗമന സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മയുടെ പ്രാധാന്യത്തെക്കുറിച്ചും സദസിനെ ബോധ്യപ്പെടുത്തി. ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനപ്രിയ പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും ലോകകേരള സഭയുടെ പ്രവര്‍ത്തനങ്ങളും വിശദീകരിച്ച സ്പീക്കര്‍ വിദേശ മലയാളികളുടെ കേരളത്തിന്റെ വികസനത്തിനുള്ള പങ്കും ഭാവിയില്‍ വിദേശ മലയാളികള്‍ക്ക് ഇടപെടാന്‍ കഴിയുന്ന മേഖലകളും വിശദീകരിച്ചു.

മറ്റു സാംസ്‌കാരിക സംഘടനകളില്‍ നിന്ന് വ്യത്യസ്തമായി സമീക്ഷ യുകെയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് സംസാരിച്ച ഹര്‍സേവ് ബൈന്‍സ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പു പറയണം എന്ന പരാതിയില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പു രേഖപ്പെടുത്താനും അഭ്യര്‍ത്ഥിച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ ലണ്ടന്‍, ന്യൂഹാം കൗണ്‍സില്‍ മെംബറും ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റും ആയ സുഗതന്‍ തെക്കേപ്പുരക്കല്‍, ലോക കേരള സഭ അംഗങ്ങളായ മിറാന്‍ഡ, രാജേഷ് കൃഷ്ണ, മലയാളം മിഷന്‍ കോഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനത്തിനു ശേഷം വിവിധ കലാപരിപാടികളും ആഷിക് നേതൃത്വം കൊടുത്ത ക്വിസ് മത്സരവും സദസിനെ ആവേശഭരിതമാക്കി. പൂളിലെ ഗായകര്‍ ആലപിച്ച മനോഹര ഗാനങ്ങളും ചങ്ങമ്പുഴയുടെ കാവ്യനര്‍ത്തകിയുടെ ദൃശ്യാവിഷ്‌കാരവും സാംസ്‌കാരിക സമ്മേളനത്തിന് മാറ്റുകൂട്ടി

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമ്മേളനത്തിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള ഇടതുപക്ഷ ചിന്തകരുടെ സന്ദേശങ്ങള്‍ സ്വപ്‌ന പ്രവീണ്‍ വായിച്ചു. കലാമത്സര വിജയികള്‍ക്ക് ശ്രീരാമകൃഷ്ണന്‍ ട്രോഫികള്‍ വിതരണം ചെയ്തു. സമ്മേളനത്തിനു ശേഷം ചേര്‍ന്ന പ്രതിനിധി സമ്മേളനത്തില്‍ യുകെയിലെ പതിനഞ്ചോളം ചാപ്റ്ററുകളിസലെ പ്രവര്‍ത്തകര്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സമീക്ഷ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത സമ്മേളനം നിലവിലുള്ള കമ്മിറ്റിയിലെ ഒഴിവുകളില്‍ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുകയും യൂറോപ്പിന് മൊത്തമായി രൂപീകൃതമാകാന്‍ പോകുന്ന സാംസ്‌കാരിക സംഘടനയുടെ തുടക്കം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ 21 അംഗ കേന്ദ്രസമിതിയെയും 9 അംഗ സെക്രട്ടറിയേറ്റിനെയും ചുമതലപ്പെടുത്തി. റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് പ്രവര്‍ത്തകര്‍ പുതിയ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു.

സംഘടനാ മികവും നേതൃത്വപാടവവും വിളിച്ചോതുന്ന പ്രവര്‍ത്തനങ്ങളാണ് പോളി മാഞ്ഞൂരാന്‍, നോബിള്‍ തെക്കേമുറി, ബേബി പ്രസാദ്, റെജി കുഞ്ഞാപ്പി, ഭാസ്‌കര്‍ പുരയില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നത്. ഉച്ചതിരിഞ്ഞ് ഒന്നരയ്ക്ക് ആരംഭിച്ച പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജയന്‍ എടപ്പാള്‍, സ്വപ്ന പ്രവീണ്‍ എന്നിവരും രംഗ സജ്ജീകരണങ്ങള്‍ക്കും സമ്മേളന ഹാള്‍ ഒരുക്കലിനും ഷാജിമോന്‍, വെള്ളാപ്പള്ളി ദിനേശ് എന്നിവരും നേതൃത്വം നല്‍കി. ഏറെ വൈകി സമാപിച്ച പ്രതിനിധി സമ്മേളനത്തിനു ശേഷം ഭക്ഷണവും ദൂരെ നിന്നെത്തിയവര്‍ക്ക് താമസ സൗകര്യവും പൂളിലെ സമീക്ഷ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു.

സ. ജിജു നായര്‍ എടുത്ത സമീക്ഷ സമ്മേളനത്തിന്‍റെ കൂടുതല്‍ ഫോട്ടോകള്‍ കാണാന്‍ ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക