ഉണ്ണികൃഷ്ണൻ ബാലൻ
ക്രിസ്തുമസ്സിൻ്റെ പരിശുദ്ധി നിറഞ്ഞ സംഗീതവും, പുതുവത്സരത്തിൻ്റെ പ്രസരിപ്പാർന്ന നൃത്തച്ചുവടുകളും ഒത്തുചേർന്ന ഒരു കലാ സംഗമത്തിന് നേർസാക്ഷികളാവുക കായിരുന്നു സാലിസ്ബറിയിലെ
ലാവാ സ്റ്റോക് ഹാളിൽ ഒത്തുചേർന്ന കലാസ്നേഹികൾ, സുഹൃത്തുക്കൾ, സഹോദരങ്ങൾ.
നൃത്ത സംഗീത വിസ്മയങ്ങളാൽ നിറവാർന്ന ആ കലാസന്ധ്യയിൽ ക്രിസ്തുമസ് പുതുവത്സരാഘോഷത്തിന് ഒത്തുചേർന്നവർക്കെല്ലാം ഈ കലാവിരുന്ന് അവിസ്മരണീയമായ ഒരനുഭവമായിത്തീരുകയായിരുന്നു.
ജനവരി 8 ന് സമീക്ഷ സാലിസ്ബറി ബ്രാഞ്ചിൻ്റെ സർഗ്ഗവേദി ഒരുക്കിയ ക്രിസ്തുമസ്സ് -പുതുവത്സരാഘോഷവും, കുടുംബസംഗമവും സംഘാടന മികവു കൊണ്ടും, കലാപ്രകടനങ്ങളുടെ നിലവാരം കൊണ്ടും ഏറെ പ്രശംസനീയമായിരുന്നു.
ജനുവരി 8 ന് 5 മണിക്ക് ലാവാ സ്റ്റോക് ഹാളിൽ സംഘടിപ്പിച്ച ആലോഷ പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ
സമീക്ഷ സാലിസ്ബറി ബ്രാഞ്ച് സെക്രട്ടറി സ.ശ്യാം മോഹൻ സ്വാഗതമരുളി.സ. സിജിൻ ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സമീക്ഷ യു.കെ ദേശീയ സമിതി അംഗം സ. ജിജു നായർ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.
തുടർന്ന് വൈവിദ്ധ്യമാർന്ന കലാ-കായിക പ്രകടനങ്ങൾ കൊണ്ട് വേദിനിറയുകയായിരുന്നു. ക്രിസ്തുമസ്സിൻ്റെയും പുതുവത്സരത്തിൻ്റെയും സ്നേഹ സന്ദേശങ്ങൾ പങ്കുവെച്ച കുടുംബ സംഗമം അക്ഷരാർത്ഥത്തിൽ ഒരു സ്നേഹസംഗമമായിത്തീരുകയായിരുന്നു. സൗഹൃദത്തിൻ്റെ പുതിയ പച്ചപ്പുകൾ കണ്ടെത്താനും, സ്നേഹത്തിൻ്റെ പൊൻ നൂലുകൊണ്ട് ബന്ധങ്ങൾ കോർത്തെടുക്കാനും ഈ കുടുംബ സംഗമത്തിനു സാധ്യമായി.
കലാ-കായിക പ്രതിഭകൾക്കുള്ള സമ്മാനദാനം ദേശീയ സമിതി അംഗം സ.ജിജു നായരും, ബ്രാഞ്ച് പ്രസിഡൻ്റ് സ. സിജു ജോണും നിർവ്വഹിച്ചു. പ്രോഗ്രാം കൺവീനറായ സഖാവ് നിതിൻ ചാക്കോയുടെ നന്ദി പ്രകടനത്തോടെ കലാപരിപാടികൾക്ക് പര്യവസാനമായി.
പിന്നീട് നടന്ന വിഭവസമൃദ്ധമായ സദ്യ രുചി ഭേദങ്ങൾ കൊണ്ട് കൊതി നിറയ്ക്കുന്ന മറ്റൊരനുഭവ
മായിരുന്നു. ഈ അത്താഴ വിരുന്നോടെ ആഘോഷ പരിപാടികൾക്ക് സമാപനമായി.
തികച്ചും മാതൃകാപരമായ രീതിയിൽ കൃസ്തുമസ്-പുതു വത്സരാഘോഷം സംഘടിപ്പിച്ച് സമീക്ഷ സാലിസ്ബറി ബ്രാഞ്ചിലെ ഓരോ സഖാക്കളും, ആഘോഷ പരിപാടിലെത്തിച്ചേർന്ന ഓരോ വ്യക്തിയും അഭിനന്ദനമർഹിക്കുന്നു.
Leave a Reply