യു.കെ മലയാളികൾക്കിടയിൽ പുരോഗമനാശയങ്ങളുയർത്തി സാമൂഹിക-സാംസ്കാരിക രംഗത്ത് ചരിത്ര പരമായ ചുവട് വെയ്പ്പുകളോടെ “സമീക്ഷ യു.കെ ” ആറാം ദേശീയ സമ്മേളനത്തിന് പീറ്റർ ബോറോ ഒരുങ്ങുന്നു. കഴിഞ്ഞ കാലത്തെ പ്രവർത്തനങ്ങളിലൂടെ യു.കെ മലയാളികളുടെ പ്രതീക്ഷയായി ഉയരാൻ സാധിച്ച പുരോഗമന കലാ സാംസ്കാരിക സംഘടന എന്ന ആത്മവിശ്വാസത്തോടെയാണ് സമീക്ഷ യുകെ സമ്മേളനത്തിലേക്ക് കടക്കുന്നത്.
മെയ് 20, 21 തിയതികളിലായി പീറ്റർ ബോറോയിൽ ചേരുന്ന സമ്മേളനം മുൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗവും കേരള സംസ്ഥാന സെക്രട്ടറിയുമായ സഖാവ് എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകൻ ശ്രീ. ആഷിഖ് അബു മുഖ്യാഥിതിയായി സമ്മേളനത്തെ അഭിസംബോധന ചെയ്യും. മെയ് 20 ശനിയാഴ്ച്ച നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ വിവിധ ബ്രാഞ്ചുകളിൽ നിന്നുമായി 150 ഓളം പ്രതിനിധികൾ പങ്കെടുക്കും. തുടർന്ന് 21-ന് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും. വിപുലമായ ചടങ്ങുകളോടെ സമ്മേളനം ചരിത്ര സംഭവമാക്കി മാറ്റാനുള്ള തയാറെടുപ്പുകളാണ് സംഘാടകർ പൂർത്തിയാക്കിവരുന്നത്.
യു.കെ മലയാളികളുടെ ക്ഷേമ, വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക പുരോഗതി ലക്ഷ്യമിട്ട് 2017-ൽ പ്രവർത്തനമാരംഭിച്ച സമീക്ഷ യു.കെ, അതിന്റെ ലക്ഷ്യം കൂടുതൽ ആഴത്തിൽ അനുഭവേദ്യമാക്കിയ കാലയളവ് കൂടിയാണ് കടന്നു പോയത്. നിലവിലുണ്ടായിരുന്ന 22 ബ്രാഞ്ചുകൾക്ക് പുറമെ പുതിയ 4 ബ്രാഞ്ചുകൾ കൂടി ആരംഭിക്കുവാനും സജീവമാക്കി നിലനിർത്തുവാനും സംഘടനക്ക് കഴിഞ്ഞു. പുരോഗമനാശയങ്ങളും മൂല്യങ്ങളും മുറുകെ പിടിക്കുന്ന എണ്ണമറ്റ കലാ സാംസ്കാരിക കായിക പരിപാടികളാണ് സംഘടനക്ക് ഏറ്റെടുത്ത് വിജയിപ്പിക്കുവാനായത്. കഴിഞ്ഞ സമ്മേളനാനന്തരം സംഘടനക്കുണ്ടായ നേട്ടകോട്ടങ്ങൾ വിലയിരുത്തി കൂടുതൽ കരുത്തോടെ സംഘടനയെ മുന്നോട്ട് നയിക്കുകയാണ് ആറാം ദേശീയ സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.