ഉണ്ണികൃഷ്ണൻ ബാലൻ
സമീക്ഷ യുകെ യുടെ ആറാമത് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന നാഷ്ണൽ ബാഡ്മിന്റൺ ടൂർണമെന്റിന്റെ റീജിയണൽ മത്സരങ്ങൾക്ക് ഫെബ്രുവരി നാലാം തീയതി ശനിയാഴ്ച്ച കെറ്ററിംഗിൽ തുടക്കമായി. കെറ്ററിംഗ് അരീന സ്പോർട്സിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം മൂന്ന് വരെ നടന്ന റീജിയണൽ മത്സരം കെറ്ററിംഗ് മലയാളി വെൽഫയർ അസ്സോസിയേഷൻ പ്രസിഡന്റ് ശ്രീ. ബെന്നി മത്തായിയും കെറ്ററിംഗ് സമീക്ഷ ബ്രാഞ്ച് പ്രസിഡന്റ് ഷിബു കൊച്ചുതൈക്കടവിലും ചേർന്ന് ഉദ്ഘാടനം ചെയ്തു. കെ.എം.ഡബ്ല്യു.എ സെക്രട്ടറി ശ്രീ. അരുൺ സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരുന്നു. കെറ്ററിംഗിൽ നിന്നും യുകെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നുമായി ഇരുപതോളം ടീമുകൾ മത്സരത്തിൽ മാറ്റുരച്ചു.
സമീക്ഷ യുകെയുടെ പ്രവർത്തകർക്കു പുറമെ കെറ്ററിംഗ് മലയാളി സമൂഹത്തിന്റെയും ബാഡ്മിന്റൺ പ്രേമികളുടെയും സഹകരണത്തോടെ നടത്തിയ ടൂർണമെന്റ് വലിയ വിജയമായിരുന്നു. വെയിൽസിൽ നിന്നെത്തിയ സഹോദരങ്ങളായ ജൂവലും മേബിളും വിജയികളായി. ലൂട്ടണിൽ നിന്നെത്തിയ ഐസക്കും ജെയ്‌സണും രണ്ടാം സ്ഥാനവും കോവെന്ററിയിൽ നിന്നെത്തിയ നോമ്പിനും ബിനുവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപനയോഗത്തിൽ കൗൺസിലർ ശ്രീ. അനൂപ് പാണ്ഡെ വിജയികൾക്ക് സതേൺമാർട്ട് കെറ്ററിംഗ് സ്പോൺസർ ചെയ്ത 151 പൗണ്ട് ക്യാഷ് അവാർഡും സമീക്ഷയുടെ ട്രോഫിയും, രണ്ടാമത് വന്നവർക്ക് അബിൻസ് ക്ലിക്ക്സ് സ്പോൺസർ ചെയ്ത 75 പൗണ്ട് ക്യാഷ് അവാർഡും സമീക്ഷയുടെ ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് അമ്പതിയൊന്ന് പൗണ്ടും വിതരണം ചെയ്തു.
റീജിയണൽ മത്സരങ്ങളിലെ വിജയികൾക്ക് മാർച്ച് 25 ന് മാഞ്ചസ്റ്ററിൽ വച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാനാവുമെന്ന് സംഘാടകർ അറിയിച്ചു. യോഗത്തിൽ കെ.എം.ഡബ്ല്യു.എ പ്രസിഡന്റ് ബെന്നി മത്തായി, സമീക്ഷ യുകെ നാഷണൽ പ്രസിഡന്റ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ, ബ്രാഞ്ച് പ്രസിഡന്റ് ഷിബു കൊച്ചുതൈക്കടവിൽ, സെക്രട്ടറി എബിൻ സാബു, തുടങ്ങിയവർ പങ്കെടുത്തു. ടൂർണമെന്റ് കോർഡിനേറ്റർ അരുൺ ജേക്കബ് നന്ദി പ്രകാശനം നടത്തി.
Leave a Reply