ഉണ്ണികൃഷ്ണൻ ബാലൻ

ഇന്ത്യ വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് അടുക്കുകയാണ്. രാജ്യത്തിൻ്റെ ഭാവി ഏതാനം ദിവസങ്ങൾക്കകം കുറിയ്ക്കപ്പെടും. രണ്ട് സാധ്യതകളാണ് മുന്നിലുള്ളത്. ഒന്ന് മതനിരപേക്ഷ ഇന്ത്യ, രണ്ട് ഹിന്ദുരാഷ്ട്രം. ഭരണത്തുടർച്ചയാണ് സംഭവിക്കുന്നതെങ്കിൽ അതീവ അപകടകരമായ അവസ്ഥയിലേക്ക് രാജ്യം നീങ്ങും. ന്യൂനപക്ഷത്തിന് ഇന്ത്യയില്‍ നിലനില്‍പ്പില്ലാതാകും, അവർ ചിലപ്പോള്‍ ആട്ടിയോടിക്കപ്പെടും. കഴിഞ്ഞ പത്ത് വർഷം കൊണ്ടുതന്നെ അവരുടെ അവകാശങ്ങളിലേക്ക് കടന്നുകയറ്റം ക്രമാതീതമായി കൂടിയിട്ടുണ്ട്. ഭക്ഷണത്തിന്‍റെയും വസ്ത്രത്തിന്‍റെയും പേരില്‍ കൂട്ടം ചേർന്ന് ആക്രമിക്കുന്നതും കൊല്ലുന്നതും പതിവ് കാഴ്ചയാണ്. സകല ഇടങ്ങളിലും ഹിന്ദുത്വ അജണ്ട കുത്തിക്കയറ്റാനുള്ള ശ്രമങ്ങള്‍ അനുസ്യൂതം തുടരുകയാണ്. ചരിത്രം വളച്ചൊടിക്കപ്പെടുന്നു. ഭരണഘടന പോലും നോക്കുകുത്തിയാകുന്നു. എന്തിനും ഏതിനും ഭൂരിപക്ഷ ഹിന്ദുവിന്‍റെ ദയാവായ്പിനായി കാത്തിരിക്കേണ്ടിവരുന്നു. ചെറിയൊരു പ്രതിരോധം വരെ അസാധ്യമാകുന്നു. ഗോള്‍വർക്കറും സവർക്കറും വിഭാവനം ചെയ്ത രാഷ്ട്രസങ്കല്‍പ്പത്തിലേക്ക് അധികം അകലമില്ല. ആ ലക്ഷ്യത്തിലേക്ക് ആക്കം കൂട്ടുന്ന കേവലം ഒരു പ്രക്രിയ മാത്രമാണ് സംഘബന്ധുക്കള്‍ക്ക് ഈ തെരഞ്ഞെടുപ്പ്. പക്ഷേ, ജനാധിപത്യവിശ്വാസികള്‍ക്ക് അതങ്ങനെയല്ല. ഇന്ത്യയുടെ വീണ്ടെടുപ്പിനുള്ള അവസരമാണ്. ഭാരതമെന്ന ഹിന്ദുരാഷ്ട്രമോ? ഇന്ത്യയെന്ന മതനിരപേക്ഷ ജനാധിപത്യരാജ്യമോ? തെരഞ്ഞെടുപ്പ് നിർണായകമാണ്. ഓരോ വോട്ടും ചെറുത്തുനില്‍പ്പാകണം, വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ട് തന്നെ ഞങ്ങളിവിടെ ജീവിക്കുമെന്ന മുന്നറിയിപ്പാകണം. നീതികേടിനും വർഗീയതയ്ക്കും എതിരെ നിരന്തരം പോരാടുന്ന ഒരു പുരോഗമന ജനകീയ ജനാധിപത്യ ബദൽ ഉയർന്ന് വരേണ്ടത് ഈ കാലത്തിന്‍റെ കൂടി ആവശ്യമാണ്.

ഈ പറഞ്ഞതില്‍ അപ്പുറം നമ്മുക്ക് ചർച്ച ചെയ്യാനുണ്ട്. അതിനുള്ള വേദി ഒരുക്കുകയാണ് സമീക്ഷ യുകെ. വിദേശ മലയാളികളുടെ ആശങ്കകളും പ്രതീക്ഷകളും പങ്കുവെയ്ക്കാൻ വെബിനാർ സംഘടിപ്പിക്കുന്നു. ‘പതിനെട്ടാം ലോകസഭാ തിരഞ്ഞെടുപ്പും ജനാധിപത്യത്തിന്‍റെ ഭാവിയും’ എന്നതാണ് വിഷയം. ഈ മാസം ഏഴിന് ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പരിപാടി (ഇന്ത്യൻ സമയം വൈകിട്ട് 6.30). മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസ് എംപിയും ഇടത് ചിന്തകൻ കെ ജയദേവനും മുഖ്യപ്രഭാഷണം നടത്തും. രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖർ സംസാരിക്കും.സമീക്ഷ നാഷണല്‍ പ്രസിഡന്‍റ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി സ്വാഗതവും ട്രഷറര്‍ രാജി ഷാജി നന്ദിയും പറയും. മുഴുവൻ ജനാധിപത്യവിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.